

പാലക്കാട്: പാലക്കാട് പട്ടാമ്പിയില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. പട്ടാമ്പി - പെരിന്തല്‍മണ്ണ റോഡില പുതിയ ഫിഷ് മാര്‍ക്കറ്റിന് സമീപം പുലര്‍ച്ചെ 4.30ഓടെയായിരുന്നു സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ഡ്രൈവറുടെ സമോയചിത ഇടപെടലാണ് വന്‍ദുരന്തം ഒഴിവാക്കിയത്. തീപടരുന്നത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ ഉടന്‍ തന്നെ ബസ് നിര്‍ത്തി യാത്രക്കാരോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.
സംഭവ സ്ഥലത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളും നാട്ടുകാരുമാണ് ആദ്യം വെള്ളം ഒഴിച്ചും മറ്റും ബസിന്റെ തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തിയത്. പിന്നാലെ പട്ടാമ്പി അഗ്നനിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തി തീയണച്ചു. അപകടത്തെ തുടര്‍ന്ന് ഏറെനേരം ഗതാഗതം തടസപ്പെട്ടിരുന്നു. സംഭവത്തില്‍ കെഎസ്ആര്‍ടിസിയുടെ വകുപ്പുതല അന്വേഷണവും പൊലീസ് അന്വേഷണവും നടക്കും. കെഎസ്ആര്‍ടിസിയുടെ ഭാഗത്ത് നിന്നും വീഴ്ച വന്നോ എന്നതടക്കമാണ് പരിശോധിക്കുക. നിലവില്‍ ബസ് പൂര്‍ണമായും കത്തി നശിച്ച നിലയിലാണ്. ബസ് കാലപ്പഴക്കം ചെന്നതാണ് എന്നതടക്കമുള്ള വിമര്‍ശനവും ഉയരുന്നുണ്ട്.
ഇക്കഴിഞ്ഞ ഏപ്രിലില്‍ കുന്നകുളം പട്ടാമ്പി റോഡില്‍ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചിരുന്നു. ബസിലെ ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് അഗ്നിരക്ഷാസേന എത്തിയാണ് തീയണച്ചത്. ഇത് കെഎസ്ആര്‍ടിസിയുടെ അഡീഷണല്‍ സര്‍വീസായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടായിരുന്നു തീപിടിത്തത്തിന് കാരണം.
Content Highlights: A moving KSRTC bus caught fire in Pattambi, Kerala. Passengers were safely evacuated and no casualties were reported. Authorities are looking into the circumstances that led to the fire incident