Top

പ്രധാനമന്ത്രിക്കെതിരെ അഴിമതി ആരോപണം; കുവൈറ്റ് മന്ത്രിസഭ രാജിവെച്ചു

ഷെയ്ഖ് സബാഹ് അൽ ഖാലിദിനെതിരായ അവശ്വാസ വോട്ടെടുപ്പിന് തൊട്ടുപിന്നാലെയാണ് മന്ത്രിസഭ രാജിവെച്ചത്.

5 April 2022 6:07 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രധാനമന്ത്രിക്കെതിരെ അഴിമതി ആരോപണം; കുവൈറ്റ് മന്ത്രിസഭ രാജിവെച്ചു
X

കുവൈറ്റ് സിറ്റി: മൂന്ന് മാസം മുമ്പ് അധികാരത്തിലേറിയ കുവൈറ്റ് മന്ത്രിസഭ രാജിവെച്ചു. പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അൽ ഖാലിദിനെതിരായ അവശ്വാസ വോട്ടെടുപ്പിന് തൊട്ടുപിന്നാലെയാണ് മന്ത്രിസഭ രാജിവെച്ചത്. അഴിമതിയുൾപ്പെടെയുള്ള ഭരണഘടനാ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന് ആരോപിച്ച് പത്ത് നിയമനിർമ്മാതാക്കൾ പ്രധാനമന്ത്രിക്കെതിരെ കത്ത് സമർപ്പിച്ചിരുന്നു.

പ്രധാനമന്ത്രിക്കെതിരായ കുറ്റവിചാരണ പാർലമെന്റിൽ ചർച്ചചെയ്യാനിരക്കെയാണ് രാജി. പ്രധാനമന്ത്രിയിൽ നിന്നും രാജിക്കത്ത് കിരീടാവകാശി ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ സബാഹ് ഏറ്റുവാങ്ങിയതായി കുവൈറ്റ് വാർത്ത ഏജൻസിയായ കുന റിപ്പോർട്ട് ചെയ്തു.

ഭരണകക്ഷിയായ അൽ സബാഹിലെ അംഗമാണ് ഷെയ്ഖ് സബാഹ് അൽ ഖാലിദ്. വിവിധ ആരോപണങ്ങൾ പ്രതിപക്ഷം പ്രധാനമന്ത്രിക്കെതിരെ ഉന്നയിച്ചിരുന്നു. നിസ്സഹകരണ പ്രമേയമെന്ന പേരിൽ പാർലമെന്റിൽ ബുധനാഴ്ചയാണ് വോട്ടെടുപ്പ് നിശ്ചയിച്ചിരുന്നത്. തെരഞ്ഞെടുക്കപ്പെട്ട പാർലമെന്റുമായുള്ള തർക്കം മൂർച്ഛിച്ചതോടെയാണ് 2021ൽ പുതിയ സർക്കാരിനെ നിയമിച്ചത്.

2020 നവംബറിൽ പാർലമെൻറ്​ തെരഞ്ഞെടുപ്പ്​ നടന്നതിന് ശേഷം ഇത് മൂന്നാം പ്രവശ്യമാണ് മന്ത്രിസഭ രാജിവെക്കുന്നത്. 2021 ജനുവരിയിൽ മന്ത്രിസഭ രാജിവെച്ചിരുന്നു. മാർച്ചിൽ ഷെയ്ഖ് സബാഹിന്റെ നേതൃത്വത്തിൽ പുതിയ മന്ത്രിമാരെ ഉൾപ്പെടുത്തി മന്ത്രിസഭ രൂപീകരിച്ചു. ഈ മന്ത്രിസഭ പുനസംഘടനക്കായി 2021ൽ രാജിവെച്ചു. പ്രതിപക്ഷത്തിന്​ ഭൂരിപക്ഷമുള്ള പാർലമെന്റിൽ അവിശ്വാസ പ്രമേയം പാസായാൽ ഭരണഘടന പ്രകാരം മന്ത്രിസഭ അധികാരമൊഴിയണം. ഇത് മുൻകൂട്ടി കണ്ടാണ്​ രാജിയെന്ന്​ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു.

STORY HIGHLIGHTS: Corruption allegations the Kuwait's cabinet is resigns

Next Story