
കൊല്ലം: സാമ്പത്തിക പ്രതിസന്ധി മൂലം കൊല്ലം കോർപറേഷനിലെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി നിർത്തിവെച്ചു. മാസങ്ങളായി ഒരു തൊഴിൽ ദിനം പോലും ലഭിച്ചിട്ടില്ലെന്ന് തൊഴിലാളികൾ പറയുന്നു. ഒരു കോടി 20 ലക്ഷം രൂപയാണ് സംസ്ഥാന സർക്കാർ വേതന ഇനത്തിൽ കോർപറേഷന് നൽകാനുള്ളത്.
കൊല്ലം കോർപറേഷൻ പരിധിയിലെ രണ്ടായിരത്തോളം സ്ത്രീകളാണ് അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയെ ആശ്രയിച്ച് കഴിയുന്നത്. തൊഴിലാളികൾക്ക് ഈ സാമ്പത്തിക വർഷം ഒരു തൊഴിൽ ദിനം പോലും ലഭിച്ചിട്ടില്ലെന്നാണ് പരാതി. 40 ദിവസത്തിലധികം ജോലി ചെയ്തിട്ടും ശമ്പളം കിട്ടാത്തവരുണ്ട്. പദ്ധതി നിലച്ചതോടെ വീട്ടുജോലിക്ക് പോയാണ് പലരും കഴിയുന്നത്.
അതേസമയം, തനത് ഫണ്ടിൽ നിന്ന് പണമെടുത്ത് കുറച്ച് ദിവസത്തെ വേതനമെങ്കിലും തൊഴിലാളികൾക്ക് നൽകാനാണ് കോർപറേഷന്റെ ശ്രമം. ഓണം ആകുമ്പോഴെങ്കിലും ചെയ്ത ജോലിയുടെ കൂലി കിട്ടുമോയെന്നാണ് തൊഴിലാളികളുടെ ചോദ്യം.