ശാന്തന്‍പാറയില്‍ കാട്ടാന ആക്രമണം; വനംവകുപ്പ് വാച്ചര്‍ കൊല്ലപ്പെട്ടു
പൊലീസ് എത്തും മുന്‍പ് മൃതദേഹം വാഹനത്തിലിട്ട് വനംവകുപ്പ് കൊണ്ട് പോയത് വിവാദമായിട്ടുണ്ട്.
25 Jan 2023 9:51 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഇടുക്കി: ശാന്തന്‍പാറയില്‍ കാട്ടാന ആക്രമണത്തില്‍ വനംവകുപ്പ് വാച്ചര്‍ കൊല്ലപ്പെട്ടു. ദേവികുളം ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലെ വാച്ചര്‍ ശാന്തന്‍പാറ സ്വദേശി ശക്തിവേലാണ് കൊല്ലപ്പെട്ടത്. പന്നിയാര്‍ എസ്റ്റേറ്റില്‍ കാട്ടാനക്കൂട്ടത്തെ ഓടിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ഇന്ന് രാവിലെ ആറുമണിയോടെയാണ് ആക്രമണം. എന്നാല്‍ ശക്തിവേല്‍ കൊല്ലപ്പെട്ട വിവരം ഉച്ചയോടെയാണ് പുറത്ത് വന്നത്. ആനയിറങ്കല്‍ മേഖലയില്‍ കാട്ടാന ആക്രമണം തടയാന്‍ നിയോഗിച്ചിരുന്നത് ശക്തിവേലിനെയായിരുന്നു.
പൊലീസ് എത്തും മുന്‍പ് മൃതദേഹം വാഹനത്തിലിട്ട് വനംവകുപ്പ് കൊണ്ട് പോയതും വിവാദമായിട്ടുണ്ട്. വനംവകുപ്പിന്റ നടപടിയിലും കാട്ടാന അക്രമണത്തിലും പ്രതിഷേധിച്ച് നാട്ടുകാര്‍ രംഗത്തെത്തി.
രണ്ട് മാസം മുമ്പ് റോഡിലിറങ്ങിയ കാട്ടാനയെ സ്കൂട്ടറിലെത്തി ശക്തിവേല്‍ ശകാരിക്കുന്നതും കൊച്ചുകുട്ടിയെ പോലെ കാട്ടാന പരുങ്ങുന്ന വീഡിയോ ഏറെ വൈറലായിരുന്നു. ഇതിന് ശേഷം രണ്ട് ബൈക്ക് യാത്രികര്‍ക്ക് നേരെ തിരിഞ്ഞ കാട്ടാനയെ ശക്തിവേല്‍ പിന്തിരിപ്പിക്കുന്നതിന്റെയും വീഡിയോ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
- TAGS:
- Kerala
- Elephant Attack