Top

'നെഹ്‌റു അടക്കമുള്ളവര്‍ 'ആസാദ് കാശ്മീര്‍' പ്രയോഗം നടത്തി; പരാമര്‍ശം രാജ്യദ്രോഹമാകുമെന്ന് അംഗീകരിക്കാനാവില്ല'; ചര്‍ച്ചയായി കുറിപ്പ്

''പാക്അധീന കാശ്മീരിനെ ' ആസാദ് കാശ്മീര്‍' എന്നു വിശേഷിപ്പിച്ചത് ഇതുവരെ ഒരു ഇന്ത്യക്കാരനും ഉപയോഗിച്ചിട്ടില്ലാത്ത പരാമര്‍ശം ആണെന്നാണ് പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെടുന്നത്. ''

14 Aug 2022 11:51 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നെഹ്‌റു അടക്കമുള്ളവര്‍ ആസാദ് കാശ്മീര്‍ പ്രയോഗം നടത്തി; പരാമര്‍ശം രാജ്യദ്രോഹമാകുമെന്ന് അംഗീകരിക്കാനാവില്ല; ചര്‍ച്ചയായി കുറിപ്പ്
X

ജവഹര്‍ലാല്‍ നെഹ്‌റു അടക്കമുള്ളവര്‍ 'ആസാദ് കാശ്മീര്‍' പ്രയോഗം നടത്തിയിട്ടുണ്ടെന്ന് അഭിഭാഷകനായ ടി കൃഷ്ണനുണ്ണി. കെടി ജലീല്‍ നടത്തിയ പരാമര്‍ശം വിവാദമായ സാഹചര്യത്തിലാണ് കൃഷ്ണനുണ്ണിയുടെ കുറിപ്പ്.

പ്രമുഖ അഭിഭാഷകനായ എജി നൂറാണി കാശ്മീര്‍ തര്‍ക്കത്തെക്കുറിച്ച് എഴുതിയ പുസ്തകത്തിലാണ് നെഹ്‌റു 'ആസാദ് കാശ്മീര്‍' വിശേഷണം നടത്തിയിട്ടുള്ളതെന്ന് കൃഷ്ണനുണ്ണി പറയുന്നു. കാശ്മീരിനെക്കുറിച്ച് കരന്‍സിംഗും ഇന്ദിരാഗാന്ധിയും നടത്തിയ കത്തിടപാടുകളിലും 'ആസാദ് കാശ്മീര്‍' പരാമര്‍ശമുണ്ടെന്ന് കൃഷ്ണനുണ്ണി ചൂണ്ടിക്കാണിച്ചു.

'ആസാദ് കാശ്മീര്‍' എന്ന് ഉച്ചരിച്ചു പോയാല്‍ അല്ലെങ്കില്‍ എഴുതി പോയാല്‍ രാജ്യദ്രോഹമാകും എന്ന വാദഗതി അംഗീകരിക്കാനാവില്ല. രാജ്യദ്രോഹത്തിന്റെ നിര്‍വചനത്തിനു അത്രയേറെ വ്യാപ്തി കല്പിക്കുന്നത് ജനാധിപത്യസംവിധാനത്തിനു ഭൂഷണമല്ല. കാശ്മീരില്‍ പാക് അധിനിവേശത്തിലുള്ള പ്രദേശത്തെ പൊതുവായി പലരും ആസാദ് കാശ്മീര്‍ എന്നു വിശേഷിപ്പിച്ചിരുന്നു എന്നു ചൂണ്ടിക്കാണിക്കാനാണ് തന്റെ കുറിപ്പെന്നും കൃഷ്ണനുണ്ണി പറഞ്ഞു.

കൃഷ്ണനുണ്ണിയുടെ കുറിപ്പ്: ശിഥിലചിന്തകള്‍. വിവാദങ്ങളില്‍ താല്പര്യമില്ല. പ്രത്യേകിച്ചും രാഷ്ട്രീയവിവാദങ്ങളില്‍. (ആമുഖമായി തന്നെ പറയട്ടേ, കെ.ടി.ജലീല്‍ എം. എല്‍. ഏയുടെ വിവാദ എഫ്. ബി പോസ്റ്റിലെ ചില പ്രസ്താവനകളോടു യോജിപ്പില്ല. ഒരു പ്രസ്താവന അതിരു കടന്നതാണെന്ന അഭിപ്രായവുമുണ്ട്. )

പ്രഗത്ഭ അഭിഭാഷകന്‍ എ.ജി. നൂറാണി കാശ്മീര്‍ തര്‍ക്കത്തെക്കുറിച്ച് എഴുതിയ പുസ്തകമാണ് The Kashmir Dispute 1947 2012. രണ്ടു വാള്യങ്ങള്‍. ധാരാളം പേജുകള്‍, ഒരുപാടു രേഖകള്‍, പ്രമാണങ്ങള്‍,ലേഖനങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള പഠനം. രണ്ടു ആഴ്ചയായി വായിച്ചുകൊണ്ടിരിക്കുകയാണ്.

ഇന്നു കാലത്ത് മാതൃഭൂമി പത്രത്തില്‍ പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന വായിച്ചു. പാക്അധീന കാശ്മീരിനെ ' ആസാദ് കാശ്മീര്‍' എന്നു വിശേഷിപ്പിച്ചത് ഇതുവരെ ഒരു ഇന്ത്യക്കാരനും ഉപയോഗിച്ചിട്ടില്ലാത്ത പരാമര്‍ശം ആണെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. ആ പരാമര്‍ശം ദേശതാല്പര്യവിരുദ്ധമാണെന്നും അദ്ദേഹം പറയുന്നു. ചെറിയാന്‍ ഫിലിപ്പ് അടക്കമുള്ള കോണ്‍ഗ്രസ്സ് നേതാക്കളും ബിജെപി നേതാക്കളും ഈ പ്രസ്താവന രാജ്യദ്രോഹം ആണെന്നാണ് അഭിപ്രായപ്പെട്ടത്.

പണ്ഡിറ്റ് നെഹ്‌റു അടക്കമുള്ളവര്‍ പാകിസ്ഥാന്‍ അധിനിവേശകാശ്മീരിനെ ' ആസാദ് കാശ്മീര്‍ ' എന്നു വിശേഷിപ്പിച്ചിട്ടുണ്ട്.

നൂറാണിയുടെ പുസ്തകത്തില്‍ 176180 പേജുകളില്‍, 1952 ആഗസ്റ്റ് 25ന് പണ്ഡിറ്റ് നെഹറു ഷേക് അബ്ദുള്ളക്ക് കൈമാറിയ ഒരു കുറിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. Selected Works of Jawaharlal Nehru Second Series Vol 23 ല്‍ നിന്ന് ഉദ്ധരിച്ചതാണ് ആ ഭാഗം. ആ കുറിപ്പന്റെ പാരഗ്രാഫ് 24ല്‍നിന്ന്

…. ….. that we should consolidate our position in these areas and not care very much for what happens in 'Azad Kashmir' areas…..

( ഇവിടെ പണ്ഡിറ്റ്ജി ആസാദ് കാശ്മീര്‍ എന്ന പദം inverted commaക്കുള്ളില്‍ ആണ് ചേര്‍ത്തിട്ടുള്ളത്.)

അതേ പുസ്തകത്തില്‍ 210214മ്പപേജുകളില്‍ Opinion 1964 മെയ് 12 ന് പ്രസിദ്ധീകരിച്ച ഒരു ലേഖനം ചേര്‍ത്തിട്ടുണ്ട്. അതില്‍ ഒരിടത്ത് അവര്‍ പറയുന്നു…

One can think of a particular form of independent Kashmir which will not affect our securtiy interests . It lies in making the Valley and Azad Kashmir territory as a whole, in the precise manner indicated here..,…

ഇവിടെ ആസാദ് കാശ്മീര്‍ inverted comma ഇല്ലാതെയാണ് ഉപയോഗിച്ചിട്ടുള്ളത്.

അതേ പുസ്തകത്തില്‍ 214218പേജുകളില്‍ ജയപ്രകാശ് നാരായണന്റെ സഹായിയായ കെ. രാധാകൃഷ്ണ ഗാന്ധി പീസ് ഫൗണ്ടേഷനു വേണ്ടി 1965 ഒക്ടോബര്‍ 6,7 തീയതികളില്‍ ഷേക് അബ്ദുള്ളയെ സന്ദര്‍ശിച്ചതിന്റെ റിപ്പോര്‍ട്ട് ചേര്‍ത്തിട്ടുണ്ട്. ആ റിപ്പോര്‍ട്ടില്‍ പലയിടത്തും ആസാദ് കാശ്മീര്‍ എന്നാണ് പാക് അധിനിവേശപ്രദേശത്തെ വിശേഷിപ്പിച്ചിട്ടുള്ളത്.

കാശ്മീരിനെക്കുറിച്ച് ഡോ. കരന്‍സിങ്ങും ഇന്ദിരാഗാന്ധിയുമായി നടന്ന കത്തിടപാടുകളുടെ സംഗ്രഹം പെന്‍ഗ്വിന്‍ ബുക്‌സ് Kashmir & Beyond 196684 എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആ പുസ്തകത്തില്‍ 22 പേജില്‍ 12 10 66ന് കരന്‍സിങ്ങ് ഇന്ദിരാഗാന്ധിക്ക് അയച്ച കത്ത് ചേര്‍ത്തിട്ടുണ്ട്. ആ കത്തിലെ ഒരു ഭാഗം

……This is obviously being undertaken by some Azad Kashmir leaders under intsructions from Pakistan …

ആ പുസ്തകത്തില്‍ 79 പേജില്‍ യു എന്‍ മീഡിയേറ്റര്‍ ആയിരുന്ന ആസ്‌ത്രേലിയന്‍ ചീഫ് ജസ്റ്റിസ് ഓവന്‍ ഡിക്‌സന്റെ തര്‍ക്കപരിഹാരഫോര്‍മുലയെകുറിച്ച് പറഞ്ഞിട്ടുണ്ട്. അവിടേയും പാക് അധിനിവേശ കാശ്മിരിനെ ആസാദ് കാശ്മീര്‍ എന്നാണ് വിശേഷിപ്പിക്കുന്നത്.

കാശ്മീരില്‍ പാക് അധിനിവേശത്തിലുള്ള പ്രദേശത്തെ പൊതുവായി പലരും ആസാദ് കാശ്മീര്‍ എന്നു വിശേഷിപ്പിച്ചിരുന്നു എന്നു ചൂണ്ടിക്കാണിക്കാനാണ് ഈ കുറിപ്പ് എഴുതിയത്. ആസാദ് കാശ്മീര്‍ എന്ന് ഉച്ചരിച്ചു പോയാല്‍ അല്ലെങ്കില്‍ എഴുതി പോയാല്‍ രാജ്യദ്രോഹമാകും എന്ന വാദഗതി അംഗീകരിക്കാനാവില്ല. രാജ്യദ്രോഹത്തിന്റെ നിര്‍വചനത്തിനു അത്രയേറെ വ്യാപ്തി കല്പിക്കുന്നത് ജനാധിപത്യസംവിധാനത്തിനു ഭൂഷണമല്ല.

' When minortiy communities are communal you can see that and understand it. But the communalism of the majortiy communtiy is apt to be taken for Nationalism '

Pandit Jawaharlal Nehru ( 5 1 1961 )


Next Story