Top

'കേരളത്തില്‍ ലൂസായ മണ്ണെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ട്രോള്‍ ഇറക്കി, ഇ ശ്രീധരനും അത് തന്നെ പറഞ്ഞു'; നടക്കുന്നത് ഡാറ്റാ കൃത്രിമമെന്ന് വി ഡി സതീശന്‍

സാമൂഹ്യ ആഘാത പഠനത്തിനായി കല്ലിടേണ്ട ഒരു ആവശ്യവും ഇല്ല. സര്‍വ്വേ ആന്‍ഡ് ബൗണ്ടറി ആക്ട് പ്രകാരം മാര്‍ക്ക് ചെയ്താല്‍ മതിയെന്നും വി ഡി സതീശന്‍

26 March 2022 7:56 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കേരളത്തില്‍ ലൂസായ മണ്ണെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ട്രോള്‍ ഇറക്കി, ഇ ശ്രീധരനും അത് തന്നെ പറഞ്ഞു; നടക്കുന്നത് ഡാറ്റാ കൃത്രിമമെന്ന് വി ഡി സതീശന്‍
X

തിരുവനന്തപുരം: സില്‍വര്‍ലൈനില്‍ നടന്നിരിക്കുന്നത് ഡാറ്റാ കൃത്രിമമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഡിപിആറിലും സര്‍ക്കാര്‍ വെബ്‌സൈറ്റിലും വ്യത്യസ്ത വിവരങ്ങളാണ് നല്‍കിയിരിക്കുന്നത്. വകുപ്പുകള്‍ തമ്മില്‍ സഹകരണം ഇല്ല. മുഖ്യമന്ത്രിയും റെയില്‍വേ ബോര്‍ഡും തമ്മില്‍ സഹകരണം ഇല്ല. മുഖ്യമന്ത്രി ഇപ്പോഴും വായിക്കുന്നത് കെ റെയില്‍ കോര്‍പ്പറേഷന്‍ നല്‍കിയ നോട്ടീസാണ്. ആര്‍ക്കും ധാരണയില്ലാത്ത ദൂരൂഹത നിറഞ്ഞ പദ്ധതിയായി സില്‍വര്‍ലൈന്‍ മാറിയെന്നും വി.ഡി സതീശന്‍ വിമര്‍ശിച്ചു.

കേരളത്തില്‍ മൂന്ന് ദിവസമായി ബസ്സ് സമരം നടക്കുന്നു. ഒരു ചര്‍ച്ചയ്ക്ക് പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. പൊതുഗതാഗതം എന്നു പറഞ്ഞാല്‍ സില്‍വര്‍ലൈന്‍ മാത്രമാണ് എന്ന് ഗവണ്‍മെന്റ് തീരുമാനിച്ചിരിക്കുകയാണ്. സാധാരണക്കാരന്റെ ആശ്രയമായ പൊതുഗതാഗത സംവിധാനത്തെപ്പറ്റി സര്‍ക്കാരിന് ഒരു ശ്രദ്ധയുമില്ലെന്നും സതീശന്‍ കുറ്റപ്പെടുത്തി.

സാമൂഹ്യ ആഘാത പഠനത്തിനായി കല്ലിടേണ്ട ഒരു ആവശ്യവും ഇല്ല. സര്‍വ്വേ ആന്‍ഡ് ബൗണ്ടറി ആക്ട് പ്രകാരം മാര്‍ക്ക് ചെയ്താല്‍ മതിയെന്നും സാമൂഹ്യ ആഘാതപഠനത്തിന് മുന്നേ എന്ത് ഡിപിആറാണ് തയ്യാറാക്കിയിട്ടുള്ളതെന്നും വി.ഡി ചോദിച്ചു.

'മെട്രോ ശ്രീധരന്‍ ഇന്നലെ പറഞ്ഞു, മണ്ണിന്റെ ഘടന കേരളത്തില്‍ അപകടമാണ്; സ്പീഡ് ട്രെയിന്‍ ഓടിക്കാന്‍ പറ്റിയ സ്ഥലമല്ല. ഞാനത് പറഞ്ഞപ്പോള്‍ ആയിരുന്നല്ലോ കുഴപ്പം, കേരളത്തിലെ മണ്ണിന്റെ ഘടന വളരെ ശ്രദ്ധിക്കണം, അപകടമാണ്, കൃത്യമായ സോയില്‍ ടെസ്റ്റ് നടത്തി അടിമണ്ണ് പരിശോധിച്ച് ടെസ്റ്റ് നടത്തി, ഫൗണ്ടേഷന്‍ കൃത്യമായി ഇട്ടില്ലെങ്കില്‍ സ്പീഡ് ട്രെയിന്‍ പോവുമ്പോള്‍ എമ്പാഗ്മെന്റുകളെല്ലാം താഴേക്ക് മറിയും. ഞാന്‍ കേരളത്തില്‍ ലൂസായ മണ്ണായതുകൊണ്ട് ട്രെയിന്‍ മറയുമെന്ന് പറഞ്ഞപ്പോള്‍ ട്രോള്‍ ഇറക്കി. ഇന്നലെ ശ്രീധരനും അത് തന്നെയാണ് പറഞ്ഞത്' - വി ഡി സതീശന്‍ പറഞ്ഞു.

'സമരം നടത്തുന്നത് നാട്ടുകാരാണ്. ഞങ്ങളും അവരോടൊപ്പം നില്‍ക്കുന്നു. കല്ലിട്ടാല്‍ ഞങ്ങള്‍ പിഴുതെറിയും. അത് ഞങ്ങളുടെ സമര രീതിയാണ്. പലയിടത്തും സമരക്കാരെ ആക്രമിക്കുകയാണ്'. സർക്കാരിന്‍റെ ശ്രദ്ധ സമരക്കാരെ അടിച്ചമർത്തുന്നതിലാണെന്നും സതീശന്‍ ആരോപിച്ചു.

STORY HIGHLIGHTS: V D Satheesan against krail project

Next Story