പുലിക്കളിയിലെ അനിശ്ചിതത്വം നീങ്ങി; ഔദ്യോഗിക ചടങ്ങുകളുണ്ടാകില്ല
എലിസബത്ത് രാജ്ഞിയുടെ മരണത്തിലുളള ദുഃഖാചരണം കളക്ടർ കലാകാരന്മാരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു
10 Sep 2022 7:52 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തൃശൂർ: എലിസബത്ത് രാജ്ഞിയുടെ മരണത്തില്‍ നാളെ ദുഃഖമാചരിക്കണമെന്ന കേന്ദ്രത്തിന്റെ നിർദേശ തുടർന്ന് അനിശ്ചിതത്വത്തിലായ പുലിക്കളി നടത്താൻ തീരുമാനമായി. നാളെ മന്ത്രിമാരും, ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന ഔദ്യോഗിക ചടങ്ങുകൾ മാത്രമാണ് ഒഴിവാക്കിയത്. മറ്റ് കലാപരിപാടികളെല്ലാം മാറ്റമില്ലാതെ നടക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
എലിസബത്ത് രാജ്ഞിയുടെ മരണത്തിലുളള ദുഃഖാചരണം കളക്ടർ കലാകാരന്മാരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. നാളെ നടത്തുകയാണെങ്കിൽ സർക്കാർ പ്രതിനിധികൾക്ക് മാറി നിൽക്കേണ്ടി വരുമെന്നും കളക്ടർ അറിയിച്ചതോടൊയാണ് പുലിക്കളി അനിശ്ചിതത്വത്തിലായത്. അവസാനവട്ട ഒരുക്കങ്ങളിലേക്ക് കടന്നതിനാൽ പുലിക്കളി മാറ്റി വെക്കാനാകില്ലെന്നായിരുന്നു സംഘങ്ങളുടെ നിലപാട്. മാറ്റിവെച്ചാൽ വൻ സാമ്പത്തിക ബാധ്യത വരുമെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി. തുടർന്നാണ് ഔദ്യോഗിക ഉദ്ഘാടന- സമാപന ചടങ്ങുകൾ ഒഴിവാക്കി പുലിക്കളി നടത്താൻ തീരുമാനമായത്.
ഞായറാഴ്ച വൈകീട്ട് 4.30 ന് സ്വരാജ് റൗണ്ടിലാണ് പുലിക്കളിക്ക് തുടക്കം. അഞ്ച് സംഘങ്ങളാണ് ഇക്കുറി പങ്കെടുക്കുന്നത്. ഒരു സംഘത്തിൽ 35 മുതൽ 51 വരെ പുലികളുണ്ടാകും. കുറഞ്ഞത് ഒരു നിശ്ചല ദൃശ്യവും അണിനിരക്കും.
STORY HIGHLIGHTS: Uncertainty in the Pulikkali is gone