Top

കോടികളുടെ നിക്ഷേപ തട്ടിപ്പ്; എനി ടൈം മണിയുടെ ഡയറക്ടര്‍മാര്‍ അറസ്റ്റില്‍

തൃശ്ശൂര്‍ സ്വദേശി ഗഫൂര്‍, മലപ്പുറം സ്വദേശി ഷൗക്കത്തലി എന്നിവരാണ് അറസ്റ്റിലായത്

6 Jan 2023 11:05 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോടികളുടെ നിക്ഷേപ തട്ടിപ്പ്; എനി ടൈം മണിയുടെ ഡയറക്ടര്‍മാര്‍ അറസ്റ്റില്‍
X

കണ്ണൂര്‍: കോടികളുടെ നിക്ഷേപ തട്ടിപ്പ് കേസില്‍ എനി ടൈം മണിയുടെ രണ്ട് ഡയറക്ടര്‍മാര്‍ അറസ്റ്റില്‍. തൃശ്ശൂര്‍ സ്വദേശി ഗഫൂര്‍, മലപ്പുറം സ്വദേശി ഷൗക്കത്തലി എന്നിവരാണ് അറസ്റ്റിലായത്. കണ്ണൂര്‍ അര്‍ബന്‍ നിധിയുടെ സഹസ്ഥാപനമാണ് എനി ടൈം മണി. പണം നഷ്ടപ്പെട്ട നൂറോളം പേരാണ് പരാതി നല്‍കിയത്.

തലശ്ശേരി സ്വദേശി ഡോക്ടര്‍ നല്‍കിയ പരാതിയിലാണ് ഇവര്‍ക്കെതിരെ കേസ് എടുത്തത്. ഇരുവരുടെയും അറസ്റ്റും രേഖപ്പെടുത്തിയിട്ടുണ്ട്. 59 ലക്ഷം രൂപയാണ് പരാതിക്കാരന് നഷ്ടപ്പെട്ടതെന്ന് പരാതിയില്‍ പറയുന്നു. ഉയര്‍ന്ന പലിശയാണ് നിക്ഷേപകര്‍ക്ക് ഇവര്‍ വാഗ്ദാനം നല്‍കിയിരുന്നത്. എന്നാല്‍ രണ്ട് മാസം മുമ്പ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം ഭാഗികമായി നിലച്ചിരുന്നു.

നിലവില്‍ സ്ഥാപനം പൂട്ടിയ അവസ്ഥയിലാണ്. ഇതോടെയാണ് നിക്ഷേപകര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്. നിക്ഷേപകരില്‍ പലരും 15 ലക്ഷം മുതല്‍ 20 ലക്ഷം രൂപ വരെ എനി ടൈം മണിയില്‍ നിക്ഷേപിച്ചവരാണ്. പണത്തിന്റെ കാര്യം പറയാനായി മാനേജര്‍മാരെ ഫോണില്‍ ബന്ധപ്പെടുമ്പോള്‍ അവധി പറയുകയാണെന്ന് നിക്ഷേപകര്‍ പറയുന്നു.

സ്ഥപനത്തിനെതിരെ പരാതി നല്‍കരുതെന്നും പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്നുമായിരുന്നു ആദ്യം പറഞ്ഞിരുന്നതെന്നും നിക്ഷേപകര്‍ പറഞ്ഞു. ഏകദേശം അഞ്ച് വര്‍ഷത്തിലേറെയായി ഈ സ്ഥാപനം പ്രവര്‍ത്തിച്ച് വരുകയാണ്. കണ്ണൂര്‍ കേന്ദ്രീകരിച്ചാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം.

STORY HIGHLIGHTS: Two directors of Any Time Money have been arrested in the investment fraud case of crores

Next Story