Top

'ഞാന്‍ തെറ്റിദ്ധാരണയുണ്ടാക്കിയാലല്ലേ തിരുത്തേണ്ടതുള്ളൂ?'; നേതാക്കള്‍ എന്നെ വിളിച്ചാല്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് തരൂര്‍

പര്യടനം വിവാദമായ സാഹചര്യത്തില്‍ മുതിര്‍ന്ന നേതാക്കളെ കണ്ട് തെറ്റിദ്ധാരണ പരിഹരിക്കുമോയെന്ന ചോദ്യത്തിന് തന്റെ ഭാഗത്ത് യാതൊരു തെറ്റിദ്ധാരണയും ഉണ്ടായിട്ടില്ലെന്നായിരുന്നു തരൂരിന്റെ പ്രതികരണം

23 Nov 2022 1:26 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഞാന്‍ തെറ്റിദ്ധാരണയുണ്ടാക്കിയാലല്ലേ തിരുത്തേണ്ടതുള്ളൂ?; നേതാക്കള്‍ എന്നെ വിളിച്ചാല്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് തരൂര്‍
X

തിരുവനന്തപുരം: മലബാര്‍ പര്യടനത്തിലെ വിവാദം എന്തിനാണെന്ന് അറിയില്ലെന്ന് ശശി തരൂര്‍ എംപി. ചടങ്ങുകള്‍ക്ക് ക്ഷണിച്ചാല്‍ മാറി നില്‍ക്കില്ലെന്നും തരൂര്‍ തിരുവനന്തപുരത്ത് പറഞ്ഞു. വിവാദം ഉണ്ടാക്കുന്നവരോട് തന്നെ അത് എന്തിനാണെന്ന് ചോദിക്കണം. രണ്ട് എംപിമാര്‍ കോണ്‍ഗ്രസ് വേദിയിലോ അല്ലാതെയൊ പ്രസംഗിച്ചാല്‍ വലിയൊരു വിവാദമാക്കേണ്ട കാര്യമില്ലെന്നും ശശി തരൂര്‍ പറഞ്ഞു.

'വിവാദത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ല. ഞാന്‍ ഏതൊക്കെ ചടങ്ങിലാണ് പങ്കെടുത്തതെന്ന് നിങ്ങള്‍ക്ക് അറിയാം. ഒരു പ്രൊഫഷണല്‍ ആയി രാഷ്ട്രീയത്തിലേക്ക് വന്ന എന്നെ ഇത്തരം ചടങ്ങുകള്‍ക്ക് വിളിക്കാറുണ്ട്. വെറും പ്രഭാഷണത്തിനല്ല. സംവാദങ്ങള്‍ക്കാണ് വിളിക്കാറ്. ക്ഷണം ഞാന്‍ ഒഴിവാക്കണോ.? വിവാദം എന്തിനാണ് ഉണ്ടാക്കുന്നതെന്ന് അവരോട് തന്നെ ചോദിക്കണം. സമയമുള്ളപ്പോള്‍ ഡിസിസിയില്‍ കയറി പ്രഭാഷണം നടത്താറുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടി ക്ഷണം ഒഴിവാക്കാറില്ല. മലബാര്‍ ഭാഗത്തേക്ക് വരാറില്ലെന്ന പരാതി ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തക്ക് തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ കൂടുതല്‍ വിളികള്‍ വന്നു. തെരഞ്ഞെടുപ്പ് കഴിയട്ടെ എന്ന് കരുതിയിട്ടാണ്. രണ്ട് എംപിമാര്‍ കോണ്‍ഗ്രസ് വേദിയിലോ അല്ലാതെയൊ പ്രസംഗിച്ചാല്‍ വലിയൊരു വിവാദമാക്കേണ്ട കാര്യമല്ല.' ശശി തരൂര്‍ പറഞ്ഞു.

പര്യടനം വിവാദമായ സാഹചര്യത്തില്‍ മുതിര്‍ന്ന നേതാക്കളെ കണ്ട് തെറ്റിദ്ധാരണ പരിഹരിക്കുമോയെന്ന ചോദ്യത്തിന് തന്റെ ഭാഗത്ത് യാതൊരു തെറ്റിദ്ധാരണയും ഉണ്ടായിട്ടില്ലെന്നായിരുന്നു തരൂരിന്റെ പ്രതികരണം. നേതാക്കള്‍ തന്നെ വിളിച്ച് സംസാരിക്കണമെന്ന് ആഗ്രഹിച്ചാല്‍ വേണ്ടെന്ന് പറയില്ല. തനിക്ക് ഒരു ആഗ്രഹവും പ്രശ്‌നവുമില്ല. ഇതുവരേയും ഒരു മനുഷ്യനേയും ആക്ഷേപിച്ചിട്ടില്ല. അങ്ങനെ ചെയ്യുകയും ഇല്ലെന്നും തരൂര്‍ കൂട്ടിചേര്‍ത്ത് പറഞ്ഞു.

'14 വര്‍ഷത്തെ രാഷ്ട്രീയത്തില്‍ ഗ്രൂപ്പ് ഉണ്ടായിട്ടില്ല. ഗ്രൂപ്പ് ആരംഭിക്കാനും പോകുന്നില്ല. വ്യക്തിയായിട്ട് എന്റെ സങ്കല്‍പ്പങ്ങളും കാഴ്ച്ചപ്പാടും ജനങ്ങള്‍ക്ക് പുസ്തകങ്ങളിലൂടെ വായിക്കാം. ക്ഷണിക്കുന്നവരില്‍ രാഷ്ട്രീയ ബന്ധമുള്ളവരും പാര്‍ട്ടിക്കകത്ത് ഉള്ളവരും ഉണ്ടാവും. ഇതുവരേയും പോയിട്ടുണ്ട്. ഇനിയും ചെയ്യും. അത് മറ്റാരുടേയും ബിസിനസ്സല്ല. എന്റെ മൂല്യങ്ങളിലും വിശ്വാസങ്ങളിലും ഒരു മാറ്റവും ഇല്ല.' തരൂര്‍ പറഞ്ഞു.

Story Highlights: Shashi Tharoor MP said he does not know why the controversy in Malabar visit

Next Story