Top

'ഇടുക്കിയും സമീപ ജില്ലകളും തമിഴ്‌നാടിന് വിട്ടുകൊടുക്കണം'; 'ആവശ്യവുമായി' സന്തോഷ് പണ്ഡിറ്റ്

പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണമെന്ന തലക്കെട്ടിലാണ് പരാമര്‍ശം.

26 Oct 2021 1:32 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇടുക്കിയും സമീപ ജില്ലകളും തമിഴ്‌നാടിന് വിട്ടുകൊടുക്കണം; ആവശ്യവുമായി സന്തോഷ് പണ്ഡിറ്റ്
X

മുല്ലപ്പെരിയാര്‍ ഡാം ഉള്‍പ്പെടുന്ന ഇടുക്കിയും സമീപ ജില്ലകളും തമിഴ്‌നാടിന് വിട്ടുകൊടുക്കണമെന്ന ആവശ്യവുമായി നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണമെന്ന തലക്കെട്ടിലാണ് പരാമര്‍ശം. മുല്ലപെരിയാര്‍ വിഷയത്തില്‍ പ്രായോഗികമായി എന്തെങ്കിലും നടക്കുമെന്ന് കരുതുന്നില്ല. ഇടുക്കി തമിഴ്‌നാടിന് വിട്ടുനല്‍കിയാല്‍ അവര്‍ പുതിയ ഡാം നിര്‍മ്മിക്കുമെന്നും സന്തോഷ് പണ്ഡിറ്റ് പരിഹസിച്ചു.

അതേസമയം, മുല്ലപ്പെരിയാറിലെ ജലനിരപ്പ് അടിയന്തരമായി 137 അടിയായി നിലനിര്‍ത്തണമെന്ന് ഉന്നതതല സമിതി യോഗത്തില്‍ കേരളം ആവശ്യപ്പെട്ടു. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി നിജപ്പെടുത്തണമെന്ന തമിഴ്‌നാടിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു കേരളം. 139.99 അടിയായി ജലനിരപ്പ് നിലനിര്‍ത്തണമെന്ന് 2018ല്‍ സുപ്രീം കോടതി നിര്‍ദേശിച്ചത് കേരളം ചൂണ്ടിക്കാട്ടി. അന്നത്തെ സാഹചര്യത്തെക്കാള്‍ മോശം അവസ്ഥയാണ് ഇപ്പോള്‍. കേരളത്തില്‍ തുലാവര്‍ഷം തുടങ്ങുന്നതേയുള്ളൂ. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് വര്‍ധിച്ച് ഒഴുക്കി കളയേണ്ട അവസ്ഥ വന്നാല്‍ ഇടുക്കി അണക്കെട്ടിലേക്കാകും ജലം ഒഴുകിയെത്തുക. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇവിടെ കൂടുതല്‍ ജലം ഉള്‍ക്കൊള്ളാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ പരമാവധി ജലം തമിഴ്‌നാട് കൊണ്ടുപോകണമെന്നും കേരളം ആവശ്യപ്പെട്ടു. വൈഗയിലും മധുരയിലുമായി മുല്ലപ്പെരിയാറിലെ ജലം സംഭരിക്കണമെന്നും തമിഴ്‌നാട് പ്രതിനിധിയോട് കേരളം ആവശ്യപ്പെട്ടു.

കേരളത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് പ്രതിപക്ഷ നേതാവ് വിഡി സതീശനും ഇന്ന് കത്തയച്ചു. ജലനിരപ്പ് 136 അടിയിലെത്തിയതോടെ കേരളത്തില്‍ ആശങ്ക വര്‍ധിച്ചു. 125 വര്‍ഷത്തിലധികം പഴക്കമുള്ള ഡാമിന്റെ സുരക്ഷ സംബന്ധിച്ചും ആശങ്കയുണ്ട്. പുതിയ ഡാം എന്ന കേരളത്തിന്റെ ആവശ്യത്തിന് തമിഴ്‌നാട് പൂര്‍ണ്ണ പിന്തുണ നല്‍കണം. തമിഴ്‌നാടിന് ജലം കേരളത്തിന് സുരക്ഷ എന്നതാണ് ഇരു സംസ്ഥാനങ്ങള്‍ക്കും അനുയോജ്യമായ നിലപാടെന്നും തമിഴ്‌നാട് മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഡാമിലെ ജലനിരപ്പ് 137 അടി പിന്നിട്ട സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവിന്റെ കത്ത്.

Next Story

Popular Stories