Top

'രാജിക്കത്ത്' തുണച്ചു; കെ സുധാകരന് പിന്നില്‍ അണി നിരന്ന് നേതൃത്വം

വിമര്‍ശനങ്ങള്‍ കൊടുമ്പിരികൊണ്ടിരിക്കെ പുറത്തുവന്ന 'രാജികത്താ'ണ് ഒരു തരത്തില്‍ സുധാകരന് അനുഗ്രഹമായത്

17 Nov 2022 5:10 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രാജിക്കത്ത് തുണച്ചു; കെ സുധാകരന് പിന്നില്‍ അണി നിരന്ന് നേതൃത്വം
X

തിരുവനന്തപുരം: ആര്‍എസ്എസ് പരാമര്‍ശങ്ങളുടെ പേരില്‍ വിവാദത്തിലായ കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയും അടക്കം രംഗത്തെത്തിയിരിക്കുകയാണ്. മുസ്‌ലിം ലീഗിന്റെ നിലപാടും മയപ്പെട്ടു. വിമര്‍ശനങ്ങള്‍ കൊടുമ്പിരികൊണ്ടിരിക്കെ പുറത്തുവന്ന 'രാജിക്കത്താ'ണ് ഒരു തരത്തില്‍ സുധാകരന് അനുഗ്രഹമായതെന്ന് തന്നെ പറയാം.

ഇന്നലെ രാവിലെയായിരുന്നു സുധാകരന്‍ സ്ഥാനമൊഴിയാന്‍ തയ്യാറാണെന്ന് കാട്ടി രാഹുല്‍ ഗാന്ധിക്ക് കത്തെഴുതിയതെന്ന വാര്‍ത്തകള്‍ പുറത്ത് വന്നത്. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കത്തെന്നായിരുന്നു റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. കത്തില്‍ പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷ വിമര്‍ശനമാണുള്ളതെന്നും പുറത്തുവന്ന വാര്‍ത്തകളില്‍ പറഞ്ഞിരുന്നു. ഈ റിപ്പോര്‍ട്ട് പുറത്ത് വന്ന് വൈകാതെ തന്നെ രമേശ് ചെന്നിത്തല വിശദീകരണവുമായി വാര്‍ത്താസമ്മേളനം വിളിച്ചു.

അങ്ങനെ ഒരു കത്ത് സുധാകരന്‍ എഴുതിയിട്ടില്ലെന്നും അദ്ദേഹത്തിന് സംഭവിച്ചത് വാക്കുപിഴയാണെന്നും കോണ്‍ഗ്രസില്‍ ഭിന്നാഭിപ്രായങ്ങളില്‍ ഇല്ലെന്നും ചെന്നിത്തല വിശദീകരിച്ചു. തൊട്ടുപിന്നാലെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും മാധ്യമങ്ങളെ കണ്ട് സമാന നിലപാട് ആവര്‍ത്തിച്ചു. ചൊവ്വാഴ്ച സുധാകരനെതിരെ പരോക്ഷ വിമര്‍ശനം ഉന്നയിച്ച സതീശന്‍ കത്ത് വിവാദത്തിന് പിന്നാലെയാണ് കോണ്‍ഗ്രസില്‍ ഭിന്നാഭിപ്രായമില്ലെന്നും, വിവാദങ്ങള്‍ മാധ്യമസൃഷ്ടിയാണെന്നും പ്രതികരിച്ചത്. ഇതിന് പിന്നാലെ വിശദീകരണവുമായി സുധാകരനും രംഗത്തെത്തി.

തന്റെ പേരില്‍ കത്ത് പുറത്ത് വന്നതിന് പിന്നില്‍ കോണ്‍ഗ്രസിലെ തന്നെ മുതിര്‍ന്ന ചില നേതാക്കളുണ്ടെന്ന് സുധാകരന്‍ പക്ഷം സംശയിക്കുന്നതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത്തവണ കെപിസിസി അദ്ധ്യക്ഷ സ്ഥാനം കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടപ്പെട്ട നേതാവാണ് പിന്നിലെന്നാണ് സുധാകന്റെ സംശയമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം ലഭിക്കാന്‍ എന്തും ചെയ്യുന്ന നേതാവാണ് വിവാദങ്ങള്‍ക്ക് പിന്നിലെന്നാണ് സുധാകരനോട് അടുത്ത് നില്‍ക്കുന്ന ഒരു നേതാവ് പ്രതികരിച്ചത്. സുധാകരനെതിരായ വിവാദങ്ങള്‍ മുതലെടുക്കാനാണ് ശ്രമമെന്നും എന്നാല്‍ അവസാനം ബൂമറാങ് പോലെ കത്ത് വിവാദം സുധാകരന് അനുഗ്രഹമായെന്നും അദ്ദേഹം ന്യൂഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

Story Highlights: Resignation row a blessing in disguise for Sudhakaran

Next Story