
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗം മേധാവി ഹാരിസ് ചിറക്കലിൻ്റെ വെളിപ്പെടുത്തലില്‍ അന്വേഷണം നടത്തിയ നാലംഗ വിദഗ്ധ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ റിപ്പോര്‍ട്ടറിന്. വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രിയും സിപിഐഎം സംസ്ഥാന സെക്രട്ടറിയും ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശനം ഉന്നയിച്ച സാഹചര്യത്തിലും ഡോക്ടര്‍ ഹാരിസിനെ തള്ളാതെയുള്ള റിപ്പോര്‍ട്ടാണ് വിദഗ്ധ സമിതി സമര്‍പ്പിച്ചത്. 'സിസ്റ്റത്തിന് പ്രശ്‌നം ഉണ്ട്' എന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. റിപ്പോര്‍ട്ട് ഇന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ആരോഗ്യമന്ത്രിക്ക് കൈമാറും.
വിദ്യാര്‍ത്ഥിയുടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ഹാരിസ് ഉന്നയിച്ചത് വസ്തുതകള്‍ ആണെന്നും ശസ്ത്രക്രിയ ഉപകരണങ്ങള്‍ സമയത്ത് ലഭ്യമാക്കാന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടികാട്ടുന്നു. അതേസമയം തന്നെ ഇതിന് മുമ്പ് ഉപകരണങ്ങളുടെ കുറവ് മൂലം ശസ്ത്രക്രിയ മുടങ്ങിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ഡോക്ടര്‍ക്കെതിരെ നടപടി വേണ്ടെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്തു.
ഡോ. ഹാരിസിൻ്റേത് സര്‍വ്വീസ് ചട്ടലംഘനമാണെന്നും സമിതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഹാരിസ് മാധ്യമങ്ങളോട് സംസാരിച്ചത് തെറ്റാണെന്ന് ചൂണ്ടികാട്ടിയെങ്കിലും ഫേസ്ബുക്ക് കുറിപ്പിനെക്കുറിച്ച് പരാമര്‍ശം ഇല്ല. ഫേസ്ബുക്ക് പോസ്റ്റ് തങ്ങളുടെ അന്വേഷണ പരിധിയില്‍ ഇല്ലെന്നാണ് സമിതി വൃത്തങ്ങള്‍ അറിയിച്ചത്. സര്‍ക്കാരാണ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പരിശോധിക്കേണ്ടെന്നും വ്യക്തമാക്കി.
ഡോക്ടര്‍ ചൂണ്ടികാട്ടിയ എല്ലാ പരാതികളിലും വസ്തുതയില്ലെന്നും ചില പരാതികളില്‍ കാര്യമുണ്ടെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രാഥമിക റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചിരിക്കുന്നത്. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന വകുപ്പാണ് യൂറോളജിയുടേത്. ആഴ്ചയില്‍ ആറ് ദിവസവും സങ്കീര്‍ണ്ണമായ ശസ്ത്രക്രിയകള്‍ വരെ ഇവിടെ നടക്കുന്നുണ്ട്. ഉപകരണങ്ങള്‍ വാങ്ങുന്ന പ്രക്രിയ ഏറെ സങ്കീര്‍ണ്ണമാണ്. നടപടിക്രമങ്ങളിലെ നൂലാമാലകള്‍ ഒഴിവാക്കണം. ഇതില്‍ അടിയന്തിരമായി മാറ്റം വേണമെന്നും സമിതി ശുപാര്‍ശ ചെയ്തു. പര്‍ച്ചേഴ്‌സ് നടപടികള്‍ സങ്കീര്‍ണ്ണമാണെന്നും ലളിതമാക്കണമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഉപകരണങ്ങള്‍ എത്താന്‍ കാലതാമസം ഉണ്ടാകുന്നുണ്ട്. സുപ്രണ്ടുമാര്‍ക്കും പ്രിന്‍സിപ്പാള്‍മാര്‍ക്കും കൂടുതല്‍ സാമ്പത്തിക അധികാരം നല്‍കണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.
ആലപ്പുഴ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ബി പത്മകുമാറായിരുന്നു അന്വേഷണത്തിന് നേതൃത്വം നല്‍കിയത്. കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ടി കെ ജയകുമാര്‍, ഡോ. എസ് ഗോമതി, ഡോ. എ രാജീവന്‍ എന്നിവരായിരുന്നു അന്വേഷണ സമിതിയിലെ മറ്റ് അംഗങ്ങള്‍. വിഷയത്തില്‍ വിശദമായി അന്വേഷണം നടത്തി അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നത്.
ദിവസങ്ങള്‍ക്ക് മുന്‍പ് ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഡോ. ഹാരിസ് ചിറക്കല്‍ വെളിപ്പെടുത്തല്‍ നടത്തിയത്. ആശുപത്രിയില്‍ ഉപകരണങ്ങള്‍ ഇല്ലെന്നും അവ വാങ്ങിനല്‍കാന്‍ ഉദ്യോഗസ്ഥരുടേയും മറ്റുള്ളവരുടെയും ഭാഗത്തുനിന്ന് നടപടിയുണ്ടാകുന്നില്ലെന്നും ഹാരിസ് ചിറക്കല്‍ തുറന്നെഴുതിയിരുന്നു. ഗുരുതര പ്രശ്നങ്ങളുമായി വരുന്ന രോഗികളുടെ ഓപ്പറേഷന്‍ അടക്കം മാറ്റിവെയ്ക്കേണ്ടിവരികയാണെന്നും മികച്ച ചികിത്സ നല്‍കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായിട്ട് പോലും അനങ്ങാപ്പാറ പോലെ ബ്യൂറോക്രസിയുടെ മതില്‍ മുന്‍പില്‍ നില്‍ക്കുകയാണെന്നും ഡോ ഹാരിസ് ചിറക്കല്‍ കുറ്റപ്പെടുത്തിയിരുന്നു. സംഭവം ചര്‍ച്ചയായതോടെ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ഹാരിസ് ചിറക്കല്‍ പിന്‍വലിച്ചിരുന്നു.
Content Highlights: Expert Committee Report over Dr Haris Controversy