Top

'പോപ്പുലര്‍ ഫ്രണ്ട് അക്രമത്തില്‍ മരിച്ചവരോട് ഐക്യപ്പെട്ട് മൗനിയാകുന്നു'; പ്രൊഫസര്‍ ടി ജെ ജോസഫ്

ഞാൻ പോപ്പുലർ ഫ്രണ്ടിന്റെ ഇര കൂടിയാണ്, പൗരനെന്ന നിലയിൽ വ്യക്തമായ അഭിപ്രായമുണ്ട്

28 Sep 2022 10:32 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പോപ്പുലര്‍ ഫ്രണ്ട് അക്രമത്തില്‍ മരിച്ചവരോട് ഐക്യപ്പെട്ട് മൗനിയാകുന്നു; പ്രൊഫസര്‍ ടി ജെ ജോസഫ്
X

കൊച്ചി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് നിരോധനം ഏർപ്പെടുത്തിയ കേന്ദ്രസർക്കാർ നടപടിയിൽ പ്രതികരിക്കാതിരിക്കുന്നതാണ് ഉചിതമെന്ന് പ്രൊ. ടി ജെ ജോസഫ്. ചിലപ്പോഴൊക്കെ മൗനം ഭജിക്കുന്നതാണ് ഉചിതം. പോപ്പുലർ ഫ്രണ്ടിന്റെ അക്രമങ്ങൾക്ക് ഇരയായ പലരും ജീവിച്ചിരിപ്പില്ല. അവരോട് ഐക്യ ഭാവം പ്രകടിപ്പിച്ചുകൊണ്ട് താനും ഇപ്പോൾ മൗനി ആകാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

തന്നെ ഉപദ്രവിച്ചവരോടും ക്ഷമിക്കാനുളള മാനസികാവസ്ഥയിൽ എത്തിയെന്ന് ബുക്കിൽ പറഞ്ഞിരുന്നു, ഇത് തന്നെയാണോ പറയാനുളളത് എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു. 'അതും ഇതും വ്യത്യസ്തമാണ്. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത് രാഷ്ട്രീയ തീരുമാനമാണ്. ഇപ്പോഴുളള സംഭവവികാസങ്ങളൊക്കെ തികച്ചും രാഷ്ട്രീയമാണ്. രാജ്യത്തെ ബാധിക്കുന്നതാണ്. ബുക്കിൽ പറയുന്നത് വ്യക്തിപരമായിട്ടുളള കാര്യങ്ങളാണ്. അതിനാൽ ഭരണകർത്താക്കളും സംഘടനാ നേതാക്കളുമൊക്കെയാണ് പ്രതികരിക്കേണ്ടത്'.

'പ്രതികരിക്കേണ്ടവർ ആദ്യം പ്രതികരിക്കട്ടെ. ഞാൻ പോപ്പുലർ ഫ്രണ്ടിന്റെ ഇര കൂടിയാണ്. പൗരനെന്ന നിലയിൽ അഭിപ്രായമുണ്ട്. പൗരൻ എന്ന നിലയിൽ മാത്രമായിരുന്നെങ്കിൽ വ്യക്തമായി ധെെര്യത്തോടെ പ്രതികരിക്കുമായിരുന്നു. വിഷയത്തിൽ വൈയക്തിക ഭാവം കൂടിയുണ്ടായതുകൊണ്ടാണ് പ്രതികരിക്കാത്തത്. പ്രതികരിച്ചാൽ അത് നിക്ഷ്പക്ഷമാവില്ല. ഇരയായതിനാൽ എന്റെ അഭിപ്രായത്തിന് അൽപം വിലകേട് വരും,' അദ്ദേഹം കൂട്ടിച്ചേർത്തു.

2010 ജൂലെെ നാലിനായിരുന്നു തൊടുപുഴ ന്യൂമാൻ കോളേജിലെ മലയാള പ്രൊഫസറായിരുന്ന ടി ജെ ജോസഫിന്റെ വലത് കെെപ്പത്തി മതനിന്ദ ആരോപിച്ച് വെട്ടിമാറ്റിയത്. കേസിൽ പോപ്പുലർ ഫ്രണ്ട് , എസ്ഡിപിഐ പ്രവർത്തകരായിരുന്നു പ്രതിസ്ഥാനത്തുണ്ടായിരുന്നത്. രണ്ടാം വർഷ മലയാളം ബി കോം വിദ്യാർഥികൾക്കുള്ള ചോദ്യപേപ്പറിൽ അദ്ദേഹം ഉന്നയിച്ച ചോദ്യങ്ങളിലൊന്നായിരുന്നു പ്രകോപനത്തിന് കാരണമായത്.

വിഷയത്തിൽ പിഎഫ്ഐ ഉൾപ്പെടെയുള്ള നിരവധി ഇസ്ലാമിക സംഘടനകൾ പ്രക്ഷോഭങ്ങൾ നടത്തി. ജൂലൈ 4-ന് പ്രൊഫസർ പള്ളിയിൽ നിന്ന് വീട്ടിലേക്ക് പോകുമ്പോൾ, കോടാലിയുമായെത്തിയ ആയുധധാരികളായ ആറ് അക്രമികൾ അദ്ദേഹത്തിന്റെ കാർ ബലമായി തടഞ്ഞുനിർത്തി വലതു കൈ കൈത്തണ്ടയ്ക്ക് താഴെ വെട്ടി മാറ്റുകയായിരുന്നു.

STORY HIGHLIGHTS: Professor TJ Joseph response in central government ban on Popular Front of India

Next Story