Top

'ചായക്കടയാണെന്ന് കരുതി ബാര്‍ബര്‍ഷോപ്പില്‍ കയറിയവരാണ്, കളിയാക്കിയത് മനപൂര്‍വ്വമായിരിക്കില്ല'; പരിഹസിച്ച് പ്രേംകുമാര്‍

ബിജെപിയിലെത്തിയാല്‍ ഇവര്‍ കളിയാക്കുന്ന തരത്തില്‍ മാത്രം കാര്യങ്ങള്‍ പറയുന്ന തരത്തിലേക്ക് എത്തുന്നുവെന്നും പ്രേംകുമാര്‍ പരിഹസിച്ചു

12 Oct 2021 4:16 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ചായക്കടയാണെന്ന് കരുതി ബാര്‍ബര്‍ഷോപ്പില്‍ കയറിയവരാണ്, കളിയാക്കിയത് മനപൂര്‍വ്വമായിരിക്കില്ല; പരിഹസിച്ച് പ്രേംകുമാര്‍
X

ചായക്കടയാണെന്ന് കരുതി ബാര്‍ബര്‍ഷോപ്പില്‍ കയറിയ അവസ്ഥയാണ് ബിജെപി സംസ്ഥാന സമിതിയില്‍ നിന്നും രാജിവെച്ച അലി അക്ബറിന്റേയും ബിജെപി വിട്ട സയ്യിദ് താഹ ബാഫഖി തങ്ങളുടേതുമെന്ന് ഇടതുപക്ഷ നിരീക്ഷകന്‍ പ്രേംകുമാര്‍. സംഘപരിവാര്‍ എന്താണെന്നോ ബിജെപി മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം എന്താണെന്നോ ഇന്ത്യയില്‍ മുസ്ലീങ്ങള്‍ അടക്കമുള്ള ന്യൂനപക്ഷ പാര്‍ട്ടികളോട് അവരുടെ നിലപാട് എന്താണെന്ന് അറിയാതെ ബിജെപിയില്‍ പോയവരാണ് ഇവരൊക്കെയെന്നും പ്രേംകുമാര്‍ പറഞ്ഞു.

ബിജെപിയില്‍ ചേര്‍ന്ന തന്നെ കളിയാക്കിയെന്ന് സയ്യിദ് താഹ ബാഫഖി തങ്ങള്‍ പറഞ്ഞത് ശരിയായിരിക്കുമെന്നും എന്നാല്‍ അത് മനപൂര്‍വ്വമായിരിക്കില്ല, മറിച്ച് കുറച്ച് കാലമായി കേരളത്തില്‍ നമ്മള്‍ സംഘപരിവാര്‍ രാഷ്ട്രീയത്തെ ഡീല്‍ ചെയ്യുന്ന രീതി അതാണെന്നും പ്രേംകുമാര്‍ റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറില്‍ പറഞ്ഞു.

ഇ ശ്രീധരന്‍, ടിപി സെന്‍കുമാര്‍, ജേക്കബ് തോമസ് തുടങ്ങിവരെയെല്ലാം ബഹുമാനിച്ചിരുന്നെങ്കില്‍ ബിജെപിയിലെത്തിയാല്‍ ഇവര്‍ കളിയാക്കുന്ന തരത്തില്‍ മാത്രം കാര്യങ്ങള്‍ പറയുന്ന തരത്തിലേക്ക് എത്തുന്നുവെന്നും പ്രേംകുമാര്‍ പരിഹസിച്ചു.

രണ്ട് ദിവസം മുമ്പായിരുന്നു സംവിധായകന്‍ അലി അക്ബര്‍ ബിജെപി സംസ്ഥാന സമിതിയില്‍ നിന്നും രാജിവെച്ചത്.

ന്യൂനപക്ഷ കമ്മിറ്റി അംഗം സയ്യിദ് താഹ ബാഫഖി തങ്ങള്‍ ഇന്ന് രണ്ടാമതും ബിജെപിയില്‍ നിന്ന് രാജിവെക്കുകയായിരുന്നു. ന്യൂനപക്ഷങ്ങളോട് ബിജെപിക്ക് ഉള്ള അവഗണനയാണ് രാജിക്കു പിന്നില്‍

പൗരത്വഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ചായിരുന്നു മുസ്ലിം ലീഗിന്റെ അഖിലേന്ത്യാ പ്രസിഡന്റും സംസ്ഥാന പ്രസിഡന്റുമായിരുന്ന സയ്യിദ് അബ്ദു റഹിമാന്‍ ബാഫഖി തങ്ങളുടെ ചെറുമകന്‍ കൂടിയായ ഇദ്ദേഹം ബിജെപിയില്‍ നിന്നും ആദ്യം രാജിവെച്ചത്. എന്നാല്‍ ബിജെപിക്കാര്‍ പിന്തുടര്‍ന്ന് രണ്ടാമതും സംഘടനയില്‍ ചേര്‍ക്കുകയായിരുന്നുവെന്നാണ് സയ്യിദ് താഹ ബാഫഖി തങ്ങളുടെ വിശദീകരണം.

'രാജിവെച്ചിട്ടും എന്നെ ബിജെപി വിട്ടിട്ടില്ല. അതിന് ശേഷം കെ സുരേന്ദ്രന്‍ നടത്തിയ യാത്രയില്‍ വീണ്ടും വേദിയില്‍ കൊണ്ടുവന്നു. എന്നിട്ടും എന്നെ പരസ്യമായി അപമാനിക്കുന്നത് തുടര്‍ന്നു. ശ്രീധരന്‍പിള്ള സംസ്ഥാന അധ്യക്ഷനായിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന ശ്യാം എന്ന വ്യക്തി പരസ്യമായി എന്നെ അധിക്ഷേപിച്ചു. അയാള്‍ക്കെതിരെ അച്ചടക്ക നടപടി എടുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അതുണ്ടായില്ല. ഇവര്‍ മനുഷ്യരെയല്ല സ്‌നേഹിക്കുന്നത്. മതത്തെയാണ്. ഭിന്നിപ്പിക്കലാണ് ഏറ്റവും വലിയ ആയുധം.' സയ്യിദ് താഹ ബാഫഖി തങ്ങള്‍ റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറില്‍ പറഞ്ഞു.

നേരത്തെ മുസ്ലീം ലീഗിലായിരുന്ന സയ്യിദ് താഹ ബാഫഖി തങ്ങള്‍ 2019 ആഗസ്റ്റിലായിരുന്നു ബിജെപിയില്‍ ചേര്‍ന്നത്. ശേഷം ഡിസംബറില്‍ ആദ്യമായി രാജിവെച്ചു.

Next Story