Top

'എല്ലാം മലയാളത്തിലാക്കിയത് കൂടുതല്‍ ആളുകളിലെത്താന്‍'; പ്രതിയെ വിമര്‍ശിക്കുന്നവരെ തെരഞ്ഞുപിടിച്ചെന്ന് പ്രമോദ് രാമന്‍

16 July 2022 7:12 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എല്ലാം മലയാളത്തിലാക്കിയത് കൂടുതല്‍ ആളുകളിലെത്താന്‍; പ്രതിയെ വിമര്‍ശിക്കുന്നവരെ തെരഞ്ഞുപിടിച്ചെന്ന് പ്രമോദ് രാമന്‍
X

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതിക്കെതിരെ വിമർശമുന്നയിച്ചവരെ അപകീർത്തിപ്പെടുത്താനാണ് അവരുടെ പേരിൽ വ്യാജ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതെന്ന് മീഡിയ വൺ എഡിറ്റർ പ്രമോദ് രാമൻ. സ്ക്രീൻ ഷോട്ടുകൾ പൊലീസിന് കിട്ടിയതുകൊണ്ടാണ് സത്യാവസ്ഥ പുറത്ത് വന്നത്. മറ്റെവിടെയെങ്കിലുമാണ് ഇത് പ്രത്യക്ഷപ്പെട്ടിരുന്നതെങ്കിൽ ആദ്യം ദുഷ്പേരാണ് ഉണ്ടാകുകയെന്നും അദ്ദേഹം റിപ്പോർട്ടർ ടിവിയോട് പറഞ്ഞു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥയുടെ പേരുവരെ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരുമിച്ച് എത്തിപ്പെടാൻ ഒരു സാധ്യതയുമില്ലാത്ത ആളുകളുടെ പേരുകളാണ് ഗ്രൂപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും പ്രമോദ് രാമൻ പറഞ്ഞു.

"എസ് പി വിളിച്ചപ്പോൾ തന്നെ ഞാൻ നികേഷുമായി ബന്ധപ്പെട്ടിരുന്നു. എന്തിനാണ് ഈ കേസുമായി നമ്മളെ വിളിക്കുന്നത് സംശയിച്ചു. അദ്ദേഹം കാണിച്ചത് ഈ വാട്സാപ്പ് ഗ്രൂപ്പിൻറെ സ്ക്രീൻ ഷോട്ടുകളാണ്. ചാറ്റുകളിൽ നമ്മുടെ പേരുകൾ മലയാളത്തിലാണ് സേവ് ചെയ്തിരിക്കുന്നത്. സംഭാഷണങ്ങളിൽ പങ്കെടുക്കുന്നതായും സ്ക്രീൻ ഷോട്ടിലുണ്ട്. വോയിസ് മെസേജുകളും ആ സ്ക്രീൻഷോട്ടുകളിൽ കാണുന്നുണ്ട്. ഒരുമിച്ച് എത്തിപ്പെടാൻ ഒരു സാധ്യതയുമില്ലാത്ത ആളുകളാണ് ആ ഗ്രൂപ്പിൽ ഉണ്ടെന്ന് പറയുന്നത്. ടി ബി മിനി, ബി സന്ധ്യ, മഞ്ജുവാര്യർ, എന്നിവരൊക്കെയാണ് ആ ഗ്രൂപ്പിൽ ഉണ്ടെന്ന് പറയുന്നത്. "

"ഇത്രയും പേരൊക്കെ ദിലീപിനെ പൂട്ടാനുള്ള കുത്സിത ശ്രമം നടക്കുന്നുണ്ടെന്ന് വരുത്തി തീർക്കാനുള്ള നീക്കമായിരുന്നു. സാധാരണനിലയിൽ കണ്ടുകഴിഞ്ഞാൽ ഏതൊരാൾക്കും മനസ്സിലാകും. അത് നമ്മളിൽ നിന്ന് മനസ്സിലാക്കി എടുക്കുക എന്ന ഉദ്ദേശത്തോടെയാണ് എസ്പി വിളിപ്പിച്ചത്. ഇത് സംബന്ധിച്ച് സ്റ്റേറ്റ്മെൻ്റ് എഴുതി വാങ്ങിയിരുന്നു. പൊലീസ് ഗൗരവമായി തന്നെ അന്വേഷണിക്കും. അതിൻ്റെ ആദ്യ നടപടിയായിട്ടാണ് അതിൽ പേരുണ്ടെന്ന് പറയുന്നവരുടെ സ്റ്റേറ്റ്മെൻ്റ് എടുത്തത്. വ്യക്തിപരമായി പരാതി നൽകി അതിൻ്റെ പുറകിൽ നടക്കാൻ സമയമില്ല. പൊലീസ് ശക്തമായ അന്വേഷിക്കണം എന്ന ആവശ്യപ്പെട്ടിട്ടുണ്ട്. ക്രിമിനൽ ആക്ടിവിറ്റി നടന്നിട്ടുണ്ട്."

"പൊലീസിന് ഇത് കിട്ടിയതുകൊണ്ടാണ് സത്യാവസ്ഥ പുറത്ത് വന്നത്. മറ്റെവിടെയെങ്കിലുമാണ് ഇത് പ്രത്യക്ഷപ്പെട്ടിരുന്നതെങ്കിൽ ആദ്യം ദുഷ്പേരാണ് ഉണ്ടാകുക. എന്നിട്ട് മാത്രമാണ് സത്യത്തിലേക്ക് പോവുക. നമ്പറുകൾ കൂടി ആരും പരിശോധിക്കില്ലായിരുന്നു. എല്ലാം മലയാളത്തിലാണ് ടൈപ്പ് ചെയ്ത് ചേർത്തിയിരിക്കുന്നത്. കൂടുതൽ ആളുകൾ കാണാൻ വേണ്ടിയായിരിക്കാം അങ്ങനെ ചെയ്തത്. പ്രതിക്കെതിരെ വിമർശിച്ചവരെ തെരഞ്ഞു പിടിച്ച് അവരുടെ പേരുകളാണ് ഇതിൽ ഉൾപ്പെടുത്തിയത്. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥയുടെ പേര് കൂടി ഉൾപ്പെട്ടിട്ടുണ്ട്." പ്രമോദ് രാമൻ പറഞ്ഞു.

മാധ്യമ പ്രവര്‍ത്തകര്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍ എന്നിവരുടെ ഉള്‍പ്പെടുത്തിയാണ് വ്യാജ മെസേജുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇവയുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ ദിലീപ് ആരാധകര്‍ക്കിടയില്‍ പ്രചരിപ്പിക്കാനാണ് നിര്‍മ്മിച്ചതെന്നാണ് സൂചന. വിഷയത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ട്.ആഷിഖ് അബു, ബൈജു കൊട്ടാരക്കര, നികേഷ്, സന്ധ്യ ഐപിഎസ്, ലിബര്‍ട്ടി ബഷീര്‍, മഞ്ചു വാര്യര്‍, പ്രമോദ് രാമന്‍, വേണു, ടി ബി മിനി, സ്മൃതി എന്നിവരുടെ പേരിലാണ് വാട്സ്ആപ്പ് ചാറ്റുകള്‍ ഉണ്ടാക്കിയത്.

ഷോണ്‍ ജോര്‍ജ് എന്നയാളുടെ ഫോണില്‍ നിന്നും വധ ഗൂഢാലോചന കേസിലെ രണ്ടാം പ്രതി അനൂപിന്റെ ഫോണിലേക്ക് വന്നതാണ് സ്‌ക്രീന്‍ ഷോട്ടുകള്‍. 'ദിലീപിനെ പൂട്ടണം' എന്നു പേരിട്ടിരിക്കുന്ന ഗ്രൂപ്പ് നിര്‍മ്മിച്ചത് ആരാണെന്ന് വ്യക്തമല്ല. എന്നാല്‍ പിആര്‍ ടീം 2017ലാണ് ഗ്രൂപ്പ് നിര്‍മ്മിച്ചതെന്ന് സൂചനയുണ്ട്. നേരത്തെ വാട്‌സാപ്പ് ഗ്രൂപ്പിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ഫോണില്‍ നിന്ന് ലഭിച്ചതാണെന്ന് ആലപ്പി അഷ്‌റഫ് വെളിപ്പെടുത്തിയിരുന്നു. ക്രൈംബ്രാഞ്ച് ഇക്കാര്യം അദ്ദേഹത്തോട് സ്ഥിരീകരിച്ചെന്നും വ്യക്തമാക്കിയിരുന്നു. പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതിനായി പേരുകള്‍ മനപൂര്‍വ്വം മലയാളത്തിലാണ് സേവ് ചെയ്തിരിക്കുന്നത്.

STORY HIGHLIGHT: Pramod Raman said that Fake what's app group to defame actress attack case victim's supporters

Next Story

Popular Stories