Top

'ജോസ് കെ മാണിയെ തിരികെയെത്തിക്കണം, ക്രിസ്ത്യന്‍ വിഭാഗങ്ങളിലേക്കുള്ള ബിജെപി എന്‍ട്രി തടയണം'; കോണ്‍ഗ്രസ് ചിന്തന്‍ ശിബിര പ്രമേയം

'ബിജെപിയുടെ യഥാര്‍ത്ഥ ബദല്‍ സിപിഐഎം അല്ല'

24 July 2022 11:21 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ജോസ് കെ മാണിയെ തിരികെയെത്തിക്കണം, ക്രിസ്ത്യന്‍ വിഭാഗങ്ങളിലേക്കുള്ള ബിജെപി എന്‍ട്രി തടയണം; കോണ്‍ഗ്രസ് ചിന്തന്‍ ശിബിര പ്രമേയം
X

കോഴിക്കോട്: മുന്നണി വിപുലീകരണത്തിനായുള്ള പ്രധാന നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ച് കോണ്‍ഗ്രസ് ചിന്തന്‍ ശിവറിലെ രാഷ്ട്രീയ പ്രമേയങ്ങള്‍. കേരള കോണ്‍ഗ്രസ് എമ്മിനെ തിരിച്ച് കൊണ്ടുവരണം, രാഷ്ട്രീയ സ്‌കൂളുകള്‍ തുടങ്ങണം, നഷ്ടപ്പെട്ട പരമ്പരാഗത വോട്ടുകള്‍ തിരിച്ച് പിടിക്കണം, ദളിത്- ന്യൂനപക്ഷങ്ങളില്‍ സ്വാധീനം വളര്‍ത്തണം, ക്രിസ്ത്യന്‍ വിഭാഗങ്ങളിലേക്കുള്ള ബിജെപിയുടെ വളര്‍ച്ച തടയണം തുടങ്ങി കോണ്‍ഗ്രസിന്റെ സമൂലമായ വളര്‍ച്ചയ്ക്കായുള്ള നിര്‍ദേശങ്ങളാണ് പ്രമേയങ്ങളില്‍ മുന്നോട്ട് വെച്ചത്.

ഉദയ്പൂരില്‍ നടന്ന ചിന്തന്‍ ശിവിറിന്റെ അതേ മാതൃകയിലാണ് സംസ്ഥാന തലത്തിലും സംഘടിപ്പിച്ചത്. നാല് ഘട്ടങ്ങളിലായി പ്രമേയ അവതരണം നടന്നു. എം കെ രാഘവന്‍ എംപിയാണ് സംഘടനാകാര്യ പ്രമേയം അവതരിപ്പിച്ചത്. വി കെ ശ്രീകണഠന്‍ എം പി യൂഡിഎഫ് വിപുലീകരണത്തെ സംബന്ധിച്ച പ്രമേയാവതരണവും നടത്തി. തദ്ദേശ തെരഞ്ഞെടുപ്പില്‍ മധ്യ കേരളത്തിലുണ്ടായ തിരിച്ചടിക്ക് കാരണം കേരള ​കോൺ​ഗ്രസ് എം മുന്നണി വിട്ടതാണെന്നും ശിവിരം വിലയിരുത്തി.

2020 ജൂണ്‍ 29ന് കോട്ടയം പഞ്ചായത്തിലെ പ്രസിഡണ്ട് സ്ഥാനവുമായി ബന്ധപ്പെട്ട തര്‍ക്കത്തിലാണ് കേരള ​കോൺ​ഗ്രസ് എമ്മിനെ കോണ്‍ഗ്രസ് പുറത്താക്കിയത്. കേരള കോണ്‍ഗ്രസിന്റെ കൊഴിഞ്ഞുപോക്ക് പരമ്പരാഗത ക്രിസ്ത്യന്‍ വോട്ടുകള്‍ കുറയുന്നതിന് കാരണമായി. എല്‍ജെഡിയും മുന്നണി വിട്ടത് യുഡിഎഫിനെ തളര്‍ത്തി. മറുവശത്ത് പതിനൊന്ന് സംഖ്യ കക്ഷികളുമായി എല്‍ഡിഎഫ് ശക്തിയാര്‍ജിച്ചു.

ബിജെപിയുടെ ക്രിസ്ത്യന്‍ വിഭാങ്ങളിലെ വളര്‍ച്ചയും ശിവിരം ചര്‍ച്ച ചെയ്തു. കേരളം പിടിക്കണമെങ്കില്‍ ക്രിസ്ത്യന്‍ വിഭാഗങ്ങളെ കൂടെ നിര്‍ത്തണമെന്ന് മനസ്സിലാക്കിയ ബിജെപി കേന്ദ്ര-സംസ്ഥാന തലത്തില്‍ പല ഫോര്‍മുലകളും നടപ്പാക്കി വരുന്നുണ്ട്. സഭാ തര്‍ക്കത്തില്‍ പ്രധാനമന്ത്രിയുടെ ഇടപെടലുണ്ടായി. സഭാ അധ്യക്ഷന്‍മാരെ കൂടുതല്‍ അടുപ്പിക്കാനുള്ള ശ്രമത്തിന് തടയിടണം. ബിജെപിയുടെ യഥാര്‍ത്ഥ ബദല്‍ സിപിഐഎമ്മല്ല കോണ്‍ഗ്രസാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും ചര്‍ച്ചയുയര്‍ന്നു.

നിയോജക മണ്ഡലാടിസ്ഥാനത്തില്‍ രാഷ്ട്രീയകാര്യ സമിതി രൂപീകരിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നയങ്ങള്‍ വിശദീകരിച്ച് നല്‍കണം. അതിനായി രാഷ്ട്രീയ സ്‌കൂളുകള്‍ രൂപീകരിക്കണം. സമുദായ വോട്ടുകളും ദളിത് വോട്ടുകളും നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പ് വരുത്തണം. വരും കാല പദ്ധതികള്‍, ലോക്‌സഭാ തെരഞ്ഞെടുപ്പ് എന്നിവ സംബന്ധിച്ച കാര്യങ്ങളും കെപിസിസി പ്രസിഡണ്ട് ശിവിരത്തില്‍ പ്രഖ്യാപിക്കും.

ഒരു മാസത്തിനുള്ളില്‍ സംസ്ഥാന കോണ്‍ഗ്രസില്‍ പുഃനസംഘടന പൂര്‍ത്തിയാക്കുമെന്ന് ശിവിരം തീരുമാനിച്ചു. പ്രവര്‍ത്തന മികവില്ലാത്ത അധ്യക്ഷന്മാരെ മാറ്റും. ജില്ലാ തലത്തിലും അഴിച്ചു പണിയുണ്ടാകും. കേരളത്തില്‍ സിപിഐഎമ്മും ദേശീയ തലത്തില്‍ ബിജെപിയുമാണ് കോണ്‍ഗ്രസിന്റെ ശത്രുക്കളെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു.

അതേസമയം, പുനഃസംഘടനയെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ കെ മുരളീധരന്‍ എംപി ശരിവെച്ചു. മുമ്പ് ഗ്രൂപ്പ് വീതം വയ്പ്പായിരുന്നുവെങ്കില്‍ ഇപ്പോള്‍ നടക്കുന്നത് വ്യക്തികളുടെ വീതം വെയ്പ്പായി മാറി. ഇത്തരം നടപടികള്‍ പ്രവര്‍ത്തകരെ നിരാശരാക്കും. കെപിസിസി ഭാരവാഹികളെ നിര്‍ണയിച്ചതില്‍ പിഴവുണ്ടായെന്നും കെ മുരളീധരന്‍ പറഞ്ഞു. രണ്ടാഴ്ചക്കുള്ളില്‍ കെഎസ് യു പുനഃസംഘടന നടത്താനാണ് ചിന്തന്‍ ശിബിറിലെ തീരുമാനം. വി ടി ബല്‍റാമിനാണ് ഇതിന്റെ ചുമതല. യൂത്ത് കോണ്‍ഗ്രസിലും പുഃന സംഘടന ഉടന്‍ ഉണ്ടാകും.

കോൺഗ്രസ് എം.പിമാര്‍, എം.എല്‍.എമാര്‍, കെ.പി.സി.സി ഭാരവാഹികള്‍, നിര്‍വാഹകസമിതി അംഗങ്ങള്‍, ഡി.സി.സി പ്രസിഡന്റുമാര്‍, പോഷകസംഘടന സംസ്ഥാന പ്രസിഡന്റുമാര്‍, ദേശീയ നേതാക്കള്‍ എന്നിങ്ങനെ 191 പ്രതിനിധികളാണ് ചിന്തൻ ശിവിരത്തിൽ പങ്കെടുത്തത്. എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെ സി വേണുഗോപാല്‍ എം പി, താരിഖ് അന്‍വര്‍, മധ്യപ്രദേശ് മുഖ്യമന്ത്രി ദ്വിഗ്വിജയ് സിങ്, എഐസിസി സെക്രട്ടറി വിശ്വനാഥന്‍ പെരുമാള്‍ അടക്കമുള്ള നേതാക്കൾ ശിവിരത്തിൽ പങ്കെടുത്തു.

STORY HIGHLIGHT: Political resolution in Chintan Shivir demand, effort to bring back Kerala Congress M to UDF

Next Story

Popular Stories