
ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ട് ഇന്നിങ്സിലുമായി 430 റൺസാണ് ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ അടിച്ചെടുത്തത്. ആദ്യ ഇന്നിങ്സിൽ 269 റൺസ് നേടിയ ഗിൽ രണ്ടാം ഇന്നിങ്സിൽ 161 റൺസും സംഭാവന ചെയ്തു. ക്രിക്കറ്റ് ചരിത്രത്തിൽ രണ്ട് ഇന്നിങ്സിലുമായി 400 റൺസ് കടന്നത് അപൂർവ്വ താരങ്ങൾക്ക് മാത്രമാണ്. ഇതിൽ ഗില്ലിനേക്കാൾ കൂടുതൽ റൺസെടുത്തത് ഇംഗ്ലണ്ട് മുൻ ഇതിഹാസ താരം ഗ്രഹാം ഗൂച്ച് മാത്രമാണ്. ഒരു ടെസ്റ്റ് മത്സരത്തിൽ മാത്രമായി 400 റൺസ് നേട്ടം പിന്നിട്ട താരങ്ങളെ നോക്കാം.
1990ൽ ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് മത്സരത്തിലാണ് ഗൂച്ച് ചരിത്രനേട്ടം സ്വന്തമാക്കിയത്. മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ 333 റൺസ് നേടിയ ഗൂച്ച് രണ്ടാം ഇന്നിങ്സിൽ 123 റൺസും നേടി. മത്സരത്തിൽ രണ്ട് ഇന്നിങ്സിലുമായി ഗൂച്ചിന് 456 റൺസ് നേടാനും സാധിച്ചു. ഓസ്ട്രേലിയൻ സൂപ്പർ താരം മാർക് ടെയ്ലർ ഈ പട്ടികയിൽ മൂന്നാം സ്ഥാനത്തുണ്ട്. 1998ൽ പാകിസ്താനെതിരെ നടന്ന മത്സരത്തിൽ മാർക് ടെയ്ലർ രണ്ട് ഇന്നിങ്സിലുമായി 426 റൺസാണ് നേടിയത്. ആദ്യ ഇന്നിങ്സിൽ പുറത്താകാതെ 334 റൺസ് നേടിയ ടെയ്ലർ രണ്ടാം ഇന്നിങ്സിൽ 92 റൺസും അടിച്ചെടുത്തു.
ശ്രീലങ്കൻ മുൻ ഇതിഹാസം കുമാർ സംഗക്കാരയാണ് ഈ പട്ടികയിൽ മൂന്നാമത്. 2014ൽ ബംഗ്ലാദേശിനെതിരെ നടന്ന ഒരു ടെസ്റ്റിൽ സംഗക്കാര അടിച്ചെടുത്തത് 424 റൺസാണ്. ആദ്യ ഇന്നിങ്സിൽ 319 റൺസും രണ്ടാം ഇന്നിങ്സിൽ 105 റൺസും സംഗക്കാരയുടെ ബാറ്റിൽ നിന്ന് പിറന്നു. ഒരു ടെസ്റ്റ് മത്സരത്തിൽ 400 റൺസ് നേട്ടം സ്വന്തമാക്കിയ മറ്റൊരു താരം വെസ്റ്റ് ഇൻഡീസ് ഇതിഹാസം ബ്രയാൻ ലാറയാണ്. 2004ൽ ഇംഗ്ലണ്ടിനെതിരെ ഒരു ഇന്നിങ്സിൽ മാത്രം ബാറ്റ് ചെയ്ത ലാറ പുറത്താകാതെ 400 റൺസെന്ന നേട്ടത്തിലെത്തി. പക്ഷേ സമനിലയിലായ മത്സരത്തിൽ ലാറയ്ക്ക് രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങാൻ കഴിഞ്ഞിരുന്നില്ല.
Content Highlights: Five Batters With Most Runs In Single Test Innings