കേരളാ സര്‍വകലാശാലയില്‍ നാടകീയ രംഗങ്ങള്‍: രജിസ്ട്രാർ ചുമതലയുള്ള രണ്ട് പേർ സർവകലാശാലയിലെത്തി

വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍ സസ്‌പെന്‍ഡ് ചെയ്ത അനില്‍കുമാറിനെ തിരിച്ചെടുത്ത സിന്‍ഡിക്കേറ്റ് തീരുമാനം ഗവര്‍ണര്‍ ഉടന്‍ റദ്ദാക്കുമെന്നാണ് വിവരം

dot image

തിരുവനന്തപുരം: കേരളാ സര്‍വകലാശാലയില്‍ ഇന്നും നാടകീയ രംഗങ്ങള്‍. രണ്ട് രജിസ്ട്രാര്‍മാര്‍ ചുമതലയില്‍. സിന്‍ഡിക്കേറ്റ് നിയമിച്ച രജിസ്ട്രാര്‍ കെ എസ് അനില്‍കുമാറും വൈസ് ചാന്‍സലർ നിയോഗിച്ച രജിസ്ട്രാര്‍ മിനി ഡിജോ കാപ്പനും സര്‍വകലാശാലയിലെത്തി. അനില്‍ കുമാര്‍ തന്റെ ഔദ്യോഗിക വാഹനത്തിലെത്തി രജിസ്ട്രാറുടെ ഓഫീസ് മുറിയിലേക്ക് കയറി. മിനി കാപ്പന്‍ ഇതുവരെ രജിസ്ട്രാറുടെ ചുമതല ഏറ്റെടുത്തിട്ടില്ല. ഇന്ന് ചുമതലയേറ്റെടുത്തേക്കുമെന്നാണ് സൂചന. അവര്‍ നിലവില്‍ നേരത്തെയുണ്ടായിരുന്ന പ്ലാനിംഗ് ബോര്‍ഡ് ഡയറക്ടറുടെ കസേരയിലാണ് ഇരിക്കുന്നത്.

അതേസമയം, അനില്‍കുമാറിനെതിരെ വീണ്ടും ഗവര്‍ണര്‍ നടപടിക്കൊരുങ്ങുകയാണ് എന്നാണ് വിവരം. വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍ സസ്‌പെന്‍ഡ് ചെയ്ത അനില്‍കുമാറിനെ തിരിച്ചെടുത്ത സിന്‍ഡിക്കേറ്റ് തീരുമാനം ഗവര്‍ണര്‍ ഉടന്‍ റദ്ദാക്കും. ഇതിനായുള്ള നടപടി ക്രമങ്ങള്‍ രാജ്ഭവന്‍ ആരംഭിച്ചു. സിന്‍ഡിക്കേറ്റ് തീരുമാനം റദ്ദാക്കുമ്പോള്‍ ഫലത്തില്‍ രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ തുടരും. ജോയിന്റ് രജിസ്ട്രാര്‍ പി ഹരികുമാറിനെ സസ്‌പെന്‍ഡ് ചെയ്യാനും ഗവര്‍ണര്‍ തീരുമാനിച്ചിട്ടുണ്ട്.

ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ജോയിന്റ് രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്യാനുള്ള തീരുമാനം വൈസ് ചാന്‍സലറെ അറിയിക്കും. വിസിയാണ് സസ്‌പെന്‍ഡ് ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുക. നിലവില്‍ സിസ തോമസിനാണ് വിസിയുടെ ചുമതല. യോഗം കഴിഞ്ഞ് സിസ തോമസ് പുറത്ത് പോയതിന് ശേഷവും സിന്‍ഡിക്കേറ്റ് യോഗം തുടര്‍ന്നതിലാണ് നടപടി.

അതിനിടെ, മുന്‍പത്തെ ഗവര്‍ണറേക്കാള്‍ കടുത്ത രീതിയിലാണ് ഇപ്പോഴത്തെ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ പെരുമാറുന്നതെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. വൈസ് ചാന്‍സലര്‍ രജിസ്ട്രാറെ നിയമിക്കുന്ന ആളല്ല. സെനറ്റാണ് സര്‍വകലാശാലയുടെ പരമോന്നത സമിതി. വൈസ് ചാന്‍സലര്‍മാര്‍ തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ച് ഉത്തരവുകള്‍ ഇറക്കുന്നത് ശരിയായ നടപടിയല്ലെന്നും മന്ത്രി പറഞ്ഞു.

Content Highlights: Dramatic scenes at Kerala University: KS Anilkumar and Mini Kappan in charge as registrars

dot image
To advertise here,contact us
dot image