Top

'രാഷ്ട്രീയ വൈരാഗ്യം തന്നെ'; സന്ദീപ് കൊലക്കേസില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട്

4 Dec 2021 6:01 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രാഷ്ട്രീയ വൈരാഗ്യം തന്നെ; സന്ദീപ് കൊലക്കേസില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട്
X

തിരുവല്ലയിലെ സിപിഐഎം ലോക്കല്‍ സെക്രട്ടറി പിബി സന്ദീപ് കുമാറിന്റെ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വെെരാഗ്യമാണെന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോർട്ട്. ഒന്നാം പ്രതി ജിഷ്ണുവിന് സന്ദീപിനോട് ഉണ്ടായിരുന്ന രാഷ്ട്രീയ വെെരാഗ്യവും മുന്‍വിരോധവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് തിരുവല്ല മജിസ്ട്രേറ്റ് കോടതിക്ക് മുന്നില്‍ പുളിക്കീഴ് പൊലീസ് സമർപ്പിച്ച റിമാന്‍ഡ് അപേക്ഷയില്‍ പറയുന്നത്.

സിപിഐഎം പ്രവർത്തകനായ സന്ദീപിനെ കൊലപ്പെടുത്തണമെന്നുള്ള ഉദ്ധേശത്തോടെ ഡിസംബർ 2 ന് രാത്രി 8.05 മണിയോട് കൂടി മാരകായുധങ്ങളായ കത്തിയും വടിവാളുമായി എത്തിയ 1-ാം പ്രതി ജിഷ്ണുവിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം സന്ദീപിനെ കുത്തി മാരകമായി മുറിവേൽപ്പിച്ച് കൊലപ്പെടുത്തുകയും തടയാന്‍ ശ്രമിച്ച ദൃക്സാക്ഷികള്‍ക്കുനേരെ വധഭീഷണി മുഴക്കുകയും ചെയ്തെന്നാണ് കൊലപാതകം സംബന്ധിച്ച് റിപ്പോർട്ട് പറയുന്നത്.


കേസിന്റെ അന്വേഷണവും പൊലീസ് ശേഖരിച്ച സാക്ഷി മൊഴികളും പ്രകാരം മരണപ്പെട്ട സിപിഐഎം പ്രവർത്തകനായ സന്ദീപ്കുമാറിനോട് യുവമോർച്ച പ്രവർത്തകനായിരുന്ന ഒന്നാം പ്രതിക്കുള്ള രാഷ്ട്രിയ വിരോധവും മറ്റ് മുൻ വെെരാഗ്യങ്ങളുമാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസ് പറയുന്നു. സന്ദീപ് വധകേസ് പ്രതികളായ ജിഷ്ണു, നന്ദു, പ്രമോദ്, ഫൈസല്‍, അഭി എന്നീ അഞ്ച് പ്രതികളുടെ റിമാന്‍ഡ് അപേക്ഷയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

ഒന്നാം പ്രതിയായ ജിഷ്ണു കൊലപാതകം നടത്തിയപ്പോള്‍ മറ്റുള്ളവർ സന്ദീപിനെ ക്രൂരമായി ആക്രമിക്കുകയും, ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കൊലപാതകത്തിന് സാഹചര്യമൊരുക്കി എന്നിവയാണ് പ്രതികള്‍ക്ക് മേല്‍ പൊലീസിന്റെ റിപ്പോർട്ട് ചുമത്തുന്നത്. പ്രതികള്‍ കൊലപാതകം സംബന്ധിച്ച വിവരങ്ങളില്‍ കുറ്റസമ്മതം നടത്തിയതായും റിപ്പോർട്ട് പറയുന്നു.



Next Story