Top

തലശേരിയില്‍ 17-കാരന്റെ കൈമുറിച്ചുമാറ്റിയ സംഭവം: ഡോക്ടര്‍ക്കെതിരെ കേസെടുത്തു

തലശേരി ജനറല്‍ ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധന്‍ ഡോ വിജു മോനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്

24 Nov 2022 4:27 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തലശേരിയില്‍ 17-കാരന്റെ കൈമുറിച്ചുമാറ്റിയ സംഭവം: ഡോക്ടര്‍ക്കെതിരെ കേസെടുത്തു
X

കണ്ണൂര്‍: തലശേരിയില്‍ 17-കാരന്റെ കൈമുറിച്ചുമാറ്റിയ സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ കേസെടുത്തു. ചികിത്സാപിഴവുമൂലമാണ് കുട്ടിയുടെ കൈ മുറിച്ച് മാറ്റേണ്ടിവന്നതെന്ന പിതാവിന്റെ പരാതിയിലാണ് നടപടി. തലശേരി ജനറല്‍ ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധന്‍ ഡോ വിജു മോനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ഫുട്‌ബോള്‍ കളിക്കിടെ വീണ് എല്ല് പൊട്ടിയ വിദ്യാര്‍ത്ഥിയുടെ കൈ ആശുപത്രിയുടെ അനാസ്ഥ മൂലം മുറിച്ചുമാറ്റേണ്ടി വന്നു എന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി വീണാ ജോര്‍ജിനും കുട്ടിയുടെ കുടുംബം പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. ആരോഗ്യവകുപ്പിന്റെ അന്വേഷണം തുടരുന്നതിനിടെയാണ് ഡോക്ടര്‍ക്കെതിരെ കേസെടുത്തത്.

ഫുട്‌ബോള്‍ കളിക്കുന്നതിനിടെയാണ് തലശേരി ചേറ്റംകുന്നം സ്വദേശിയായ പതിനേഴുകാരന്‍ സുല്‍ത്താന്‍ ബിന്‍ സിദ്ദിഖിന്റെ കൈ ഒടിഞ്ഞത്. തുടര്‍ന്ന് തലശേരി ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എല്ലു ഡോക്ടര്‍ ഇല്ലാതിരുന്നതിനാല്‍ ഡ്യൂട്ടി ഡോക്ടറായിരുന്നു കുട്ടിക്ക് ചികിത്സ നല്‍കിയത്. എക്‌സേയുടെ ചിത്രം എടുത്ത് എല്ല് വിഭാഗം ഡോക്ടര്‍ക്ക് അയച്ചുനല്‍കിയതിന് ശേഷമായിരുന്നു ചികിത്സ നല്‍കിയത്. എല്ല് പൊട്ടിയിട്ടും ഒരാഴ്ച കഴിഞ്ഞാണ് ആശുപത്രി ശസ്ത്രക്രിയ നടത്തിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. മാത്രമല്ല ശസ്ത്രക്രിയ പൂര്‍ണമായും ചെയ്തില്ലെന്നും ആരോപണം ഉയര്‍ന്നിരുന്നു.

ചികിത്സ വൈകിയതിനെത്തുടര്‍ന്ന് കൈയ്യുടെ നിറം കറുത്ത് നീലിച്ചു. അണുബാധ ശരീരത്തിന്റെ മറ്റുഭാഗങ്ങളിലേക്ക് പടരാന്‍ സാധ്യതയുള്ളതിനാലാണ് കൈ മുറിച്ചുമാറ്റണമെന്ന് നിര്‍ദേശിച്ചത്. ഇവിടെ നിന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും പിന്നീട് കോയമ്പത്തൂരിലെ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. കൈ മുറിച്ചുമാറ്റുകയല്ലാതെ മറ്റ് വഴിയില്ലെന്ന് ഇവിടത്തെ ഡോക്ടര്‍മാര്‍ അറിയിച്ചതോടെ കണ്ണൂരില്‍ തിരിച്ചെത്തി മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ വെച്ച് ശസ്ത്രക്രിയ നടത്തുകയായിരുന്നു.

പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മീഷനും ഉത്തരവിട്ടിരുന്നു. കണ്ണൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു നിര്‍ദേശം. പാലക്കാട് ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് സുല്‍ത്താന്‍.

Story Highlights: Police Take Case Against Doctor In Thalassery Boys Hand Amputated Incident

Next Story