Top

'നീ മനുഷ്യ മാംസം പാകം ചെയ്ത് കഴിച്ചോ'?; പൊലീസിന്റെ ചോദ്യത്തിന് ഷാഫിയുടെ മറുപടി ഒരു ചെറുചിരി മാത്രം

ഒന്നിലധികം സംഘങ്ങൾ രാവും പകലും ഷാഫിയിൽനിന്ന് വിവരം തേടാൻ ശ്രമിച്ചിട്ടും ഇയാൾ സഹകരിക്കുന്നില്ലെന്നാണ് വിവരം

17 Oct 2022 5:11 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നീ മനുഷ്യ മാംസം പാകം ചെയ്ത് കഴിച്ചോ?; പൊലീസിന്റെ ചോദ്യത്തിന് ഷാഫിയുടെ മറുപടി ഒരു ചെറുചിരി മാത്രം
X

കൊച്ചി: ഇലന്തൂർ നരബലിക്കേസിലെ മുഖ്യസൂത്രധാരൻ ഷാഫി ചോദ്യങ്ങളോട് സഹകരിക്കുന്നില്ലെന്ന് പൊലീസ്. ചോദ്യം ചെയ്യലിന് മുമ്പിൽ ഭാവഭേദമില്ലാതെ ആണ് ഷാഫി നിൽക്കുന്നത്. ഇരട്ട നരബലി വരെയുളള ആസൂത്രണത്തിന്റെ വിവരം ലഭിക്കേണ്ടത് ഷാഫിയിൽ നിന്നാണ്. ഒന്നിലധികം സംഘങ്ങൾ രാവും പകലും ഷാഫിയിൽനിന്ന് വിവരം തേടാൻ ശ്രമിച്ചിട്ടും ഇയാൾ സഹകരിക്കുന്നില്ലെന്നാണ് വിവരം. മനപൂർവം അന്വേഷണത്തെ വഴിതിരിച്ചുവിടാനാണ് ഇയാൾ ശ്രമിക്കുന്നതെന്നാണ് പൊലീസ് കരുതുന്നത്.

'നീ ഇരകളുടെ മാംസം പാകം ചെയ്ത് കഴിച്ചോ...?' എന്ന അന്വേഷണ സംഘത്തിന്റെ ചോദ്യത്തിന് ഷാഫിയുടെ മറുപടി ചെറുചിരി മാത്രമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ തുടങ്ങിയിട്ട് മൂന്നു ദിവസം പിന്നിട്ടിട്ടും ഷാഫിയിൽനിന്ന് കാര്യമായ വിവരങ്ങളൊന്നും കിട്ടിയിട്ടില്ല എന്നാണ് പൊലീസ് നൽകുന്ന വിവരം.

ഇലന്തൂരിലെ കൊലപാതകങ്ങൾക്ക് നേതൃത്വം നൽകിയത് ഷാഫിയും ലൈല സഹായിയുമായിരുന്നു. ഭ​ഗവൽ സിം​ഗ് എല്ലാറ്റിനും കൂട്ടുനിൽക്കുകയായിരുന്നുവെന്നുമാണ് പൊലീസിന്റെ നി​ഗമനം. എന്നാൽ ഈ രണ്ടു പേർ ചേർന്ന് മൃതദേഹങ്ങൾ വെട്ടിനുറുക്കി അടക്കം ചെയ്തൂവെന്നത് പൊലീസ് പൂർണമായും വിശ്വസിച്ചിട്ടില്ല. ഇലന്തൂരിലെ വീട്ടിൽ നിന്ന് ലഭിച്ച ആയുധങ്ങൾ ഉപയോ​ഗിച്ച് മൃതദേഹങ്ങൾ വെട്ടിനുറുക്കാൻ കഴിയുമോയെന്ന സംശയം നിലനിൽക്കുന്നു. അതേസമയം ഷാഫി മുമ്പ് മോർച്ചറിയിൽ സഹായിയായും ഇറച്ചിവെട്ടുകാരനായും ജോലി ചെയ്തിട്ടുണ്ടെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. ഇത് ശരീരങ്ങൾ വെട്ടിനുറുക്കാൻ സഹായിച്ചിട്ടുണ്ടാകാം. എങ്കിലും മൃതദേഹങ്ങൾ മറവുചെയ്യാൻ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടാകാമെന്ന സംശയവും പൊലീസിനുണ്ട്.

ലഭിച്ച തെളിവുകൾ വിശദമായി പരിശോധിക്കാൻ അന്വേഷണ സംഘം ഇന്നും പ്രതികളെ ചോദ്യം ചെയ്യുന്നത് തുടരും. പ്രതികളുമായി ബന്ധപ്പെട്ടവരെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. എറണാകുളം, പത്തനംതിട്ട ജില്ലകൾക്ക് പുറമെ ഷാഫി പോയിട്ടുളള മറ്റ് സ്ഥലങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനം.

ഇലന്തൂരിലെ വീട്ടില്‍ നിന്നും പറമ്പില്‍ നിന്നുമായി കണ്ടെടുത്ത തെളിവുകളുടെ വിശദമായ പരിശോധനയും ഒരേ സമയം നടത്തുകയാണ് പൊലീസ്. മനുഷ്യ മാംസം പാചകം ചെയ്ത പ്രഷർ കുക്കർ , രക്തം ശേഖരിച്ച പാത്രം , മൃതദേഹ അവശിഷ്ടങ്ങൾ കത്തിക്കാന്‍ ശ്രമിച്ചതിന്‍റെ ഭാഗങ്ങള്‍ തുടങ്ങി 40ലധികം തെളിവുകൾ ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിരുന്നു. എന്നാൽ ഇത് സംബന്ധിച്ച ചോദ്യങ്ങളോട് ഷാഫി സഹകരിക്കില്ലെന്ന് പൊലീസ് പറയുന്നു.

രണ്ടു സ്ത്രീകളേയും കെട്ടിയിടാൻ ഉപയോ​ഗിച്ച കയർ, കൊലപ്പെടുത്താൻ ഉപയോ​ഗിച്ച കത്തി എന്നിവ വാങ്ങിയ കടകളിൽ ഭ​ഗവൽ സിം​ഗിനെ എത്തിച്ചുളള തെളിവെടുപ്പാണ് ഇനി നടക്കാനുള്ളത്. തെളിവെടുപ്പിനായി ഭ​ഗവൽ സിം​ഗിനെ വീണ്ടും ഇലന്തൂരിൽ എത്തിക്കും.

STORY HIGHLIGHTS: Police Says Shafi is not Cooperating in Elanthoor Incident

Next Story

Popular Stories