Top

സിനിമയില്‍ ഇറക്കിയത് കണക്കില്‍ പെടാത്ത പണമെന്ന് വിവരം; വിജയ് ബാബുവിനെതിരെ ബ്ലൂ കോര്‍ണര്‍ നോട്ടീസിന് പൊലീസ്

സിനിമാ നിര്‍മ്മാണ രംഗത്ത് സ്വാധീനമുറപ്പിക്കാന്‍ വിദേശത്ത് നിന്നുള്ള കണക്കില്‍ പെടാത്ത പണം വിജയ് ബാബു ഇറക്കിയെന്ന സൂചനകളിലും പരിശോധനയുണ്ടാകും.

5 May 2022 4:35 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സിനിമയില്‍ ഇറക്കിയത് കണക്കില്‍ പെടാത്ത പണമെന്ന് വിവരം; വിജയ് ബാബുവിനെതിരെ ബ്ലൂ കോര്‍ണര്‍ നോട്ടീസിന് പൊലീസ്
X

കൊച്ചി: ബലാത്സംഗ പരാതിയേത്തുടര്‍ന്ന് ദുബായില്‍ ഒളിവില്‍ കഴിയുന്ന വിജയ് ബാബുവിനെ കണ്ടെത്താന്‍ ഇന്റര്‍പോള്‍ സഹായം തേടാനൊരുങ്ങി പൊലീസ്. ഇന്റര്‍പോള്‍ വിജയ് ബാബുവിനെതിരെ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കിയാല്‍ ഇയാളുടെ ഒളിസങ്കേതം കണ്ടെത്താനാകുമെന്നാണ് അന്വേഷണസംഘം കരുതുന്നുത്. ബ്ലൂ കോര്‍ണര്‍ നോട്ടീസിന് ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചെന്നും അന്തിമ നടപടികള്‍ പൂര്‍ത്തിയായെന്നും കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ വി യു കുര്യാക്കോസ് പ്രതികരിച്ചു. തെരയുന്നയാള്‍ ഏത് വിദേശ രാജ്യത്ത് എവിടെയെന്ന് കണ്ടെത്താന്‍ വേണ്ടിയാണ് ബ്ലൂ കോര്‍ണര്‍ നോട്ടീസ് ഇറക്കുക. ആ രാജ്യത്തെ പൊലീസിന് തന്നെ പ്രതിയെ അറസ്റ്റ് ചെയ്യാനും ചിലപ്പോള്‍ കഴിഞ്ഞേക്കും.

നിര്‍മ്മാതാവ് കൂടിയായ വിജയ് ബാബുവിന്റെ സാമ്പത്തിക ഇടപാടുകളിന്മേല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗങ്ങള്‍ക്ക് രഹസ്യവിവരങ്ങള്‍ ലഭിച്ചതിനേത്തുടര്‍ന്നാണിത്. ക്രൈം ബ്രാഞ്ചിന്റെ കീഴിലുള്ള സാമ്പത്തിക കുറ്റങ്ങള്‍ അന്വേഷിക്കുന്ന സംഘത്തിനാണ് ചുമതലയെന്നാണ് വിവരം. വിജയ് ബാബുവിനെ ബിനാമിയാക്കി കണക്കില്‍ പെടാത്ത പണം സിനിമാ മേഖലയില്‍ നിക്ഷേപിക്കപ്പെട്ടെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.

സിനിമാ മേഖലയില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്ന കൊവിഡ് ലോക്ഡൗണ്‍ കാലത്തും വിജയ് ബാബു നിര്‍മ്മാണത്തിന് പണം മുടക്കിയെന്നും ഇത് സംശയാസ്പദമാണെന്നും ആരോപണങ്ങളുയര്‍ന്നിട്ടുണ്ട്. സിനിമാ നിര്‍മ്മാണ രംഗത്ത് സ്വാധീനമുറപ്പിക്കാന്‍ വിദേശത്ത് നിന്നുള്ള കണക്കില്‍ പെടാത്ത പണം വിജയ് ബാബു ഇറക്കിയെന്ന സൂചനകളിലും പരിശോധനയുണ്ടാകും.

അന്വേഷണ സംഘത്തിന്റെ മുന്‍പാകെ തിങ്കളാഴ്ച്ച കീഴടങ്ങണമെന്ന് ആവശ്യപ്പെട്ട് വിജയ് ബാബുവിന് പൊലീസ് ഇ മെയില്‍ അയച്ചിരുന്നു. ബിസിനസ് ടൂറിലാണെന്നും 19ന് ഹാജരാകാമെന്നുമാണ് വിജയ് ബാബുവിന്റെ മറുപടി. ഇത് തള്ളിയ അന്വേഷണ സംഘം എത്രയും വേഗം നടനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കത്തിലാണ്.

Story Highlights: Police attempt for blue corner notice against vijay babu

Next Story