
ഗാസ: തിങ്കളാഴ്ച ഗാസയി അൽ-ബാഖ കഫേയിൽ ആക്രമണം നടത്താൻ ഇസ്രയേൽ സൈന്യം പ്രയോഗിച്ചത് വൻ പ്രഹര ശേഷിയുള്ള ബോംബുകളെന്ന് റിപ്പോർട്ട്. വൻ സ്ഫോടന തരംഗമുണ്ടാക്കുന്ന ബോംബിന് 500lb (230kg) ഭാരമുളളതായാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കുട്ടികളും സ്ത്രീകളും പ്രായമായവരും ഉൾപ്പെടെ നിരവധി സാധാരണക്കാർ സംഭവസ്ഥലത്തുളള സമയത്താണ് സൈന്യം ബോംബുകൾ ഉപയോഗിച്ചത്. ഇതറിഞ്ഞിട്ടും ഇത്തരത്തിലൊരു പ്രവർത്തനം ഇസ്രയേൽ സൈന്യത്തിന്റെ ഭാഗത്ത് നിന്നുണ്ടായത് നിയമവിരുദ്ധമാണെന്നും യുദ്ധ കുറ്റമായി കണക്കാക്കണമെന്നുമുള്ള ആവശ്യവുമായി അന്താരാഷ്ട്ര നിയമ വിദഗ്ധർ രംഗത്ത് വന്നിട്ടുണ്ട്.
അൽ-ബാഖ കഫേയുടെ സമീപത്ത് നിന്ന് കണ്ടെത്തിയ ആയുധത്തിൻ്റെ അവശിഷ്ടങ്ങളുടെ ചിത്രം അന്തർദേശീയ മാധ്യമമായ ദി ഗാർഡിയൻ പുറത്ത് വിട്ടിട്ടുണ്ട്. എംകെ-82 ജനറൽ പർപ്പസ് എന്ന് പേര് നൽകിയിരിക്കുന്ന ഈ ബോംബിന് 230 കിലോഗ്രാം ഭാരമുണ്ടെന്നാണ് വിദഗ്ധർ വിലയിരുത്തുന്നതെന്നും ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. യുഎസ് നിർമ്മിതമായ ബോംബാണ് ഇവയെന്നും വിദഗ്ധർ തിരിച്ചറിഞ്ഞിട്ടുണ്ട്. എംകെ-82 ബോംബ് ഉപയോഗിച്ചതെന്ന് തെളിയിക്കുന്നവയാണ് സ്ഫോടന സ്ഥലത്തെ സ്ഥിതി. ആക്രമണത്തിൽ പ്രദേശത്ത് വലിയ ഗർത്തം രൂപപ്പെട്ടിട്ടുണ്ട്. എംകെ-82 പോലുള്ള വലുതും ശക്തവുമായ ബോംബ് ഉപയോഗിക്കുമ്പോഴാണ് ഇത്തരത്തിൽ വലിയ ഗർത്തങ്ങൾ രൂപപ്പെടുന്നതെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്.
സംഭവത്തിന് പിന്നാലെ പ്രതികരണവുമായി ഇസ്രയേൽ രംഗത്തെത്തിയിട്ടുണ്ട്. സാധാരണ ജനങ്ങൾക്ക് ദോഷകരമാമാകുന്ന സാഹചര്യങ്ങൾ ലഘൂകരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) വക്താവ് അറിയിച്ചു. അൽ-ബാഖ കഫേയുടെ സമീപത്തുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ 24 മുതൽ 36 വരെ പലസ്തീനികൾ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. കൊല്ലപ്പെട്ടവരിൽ നാല് വയസ്സുള്ള ഒരു കുട്ടിയും ഉളളതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സ്ത്രീകളടക്കം നിരവധി പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. രണ്ട് നിലകളുള്ള തിരക്കേറിയ കഫേയാണ് അൽ-ഖാബ. അവിടെ ഇസ്രയേൽ സൈന്യത്തിന്റെ ലക്ഷ്യം എന്തായിരുന്നുവെന്നത് വ്യക്തമല്ലയെന്ന് ഹ്യൂമൻ റൈറ്റ്‌സ് വാച്ചിലെ പ്രൊഫസർ ജെറി സിംപ്‌സൺ പറഞ്ഞു. സാധാരണ ജനങ്ങളുടെ അപകടങ്ങൾ കുറയ്ക്കുന്നതിനായി ഇസ്രയേൽ വ്യോമ നിരീക്ഷണം നടത്തിയിയിരുന്നു. ആക്രമണം ഉണ്ടായ സമയത്ത് കഫേയിൽ നിരവധി ആളുകൾ ഉളളതായി സൈന്യത്തിന് അറിയാമായിരുന്നുവെന്നും സിംപ്‌സൺ ചൂണ്ടിക്കാണിച്ചു.
ഗൈഡഡ് എയർ ഡ്രോപ്ഡ് ബോംബ് ഉപയോഗിക്കുന്നത് നിരവധി സാധാരണക്കാരുടെ മരണത്തിന് കാരണമാകുമെന്ന് സൈന്യത്തിന് അറിയാമായിരുന്നു. തിരക്കേറിയ ഒരു കഫേയിൽ ഇത്തരത്തിലൊരു ആയുധം ഉപയോഗിക്കുന്നത് നിയമവിരുദ്ധമായ ആക്രമണമാണ്. യുദ്ധക്കുറ്റമായി കണ്ട് അന്വേഷണം നടത്തണമെന്നും സിംപ്‌സൺ കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര നിയമപ്രകാരം, സിവിലിയൻസിന്റെ ജീവിതം വരെ നഷ്ടമാകുന്ന തരത്തിലുളള ആക്രമണങ്ങൾ ഒരു സൈനിക സേനയും നടത്താൻ പാടുളളതല്ല. സൈനിക നേട്ടത്തിന് അമിതമോ ആനുപാതികമല്ലാത്തതോ ആയ ഇത്തരം ആക്രമങ്ങൾ അന്താരാഷ്ട്ര നിയമങ്ങൾ നിരോധിച്ചിട്ടുണ്ട്. വളരെ പ്രധാനപ്പെട്ട ലക്ഷ്യത്തിന് മാത്രമേ നിരവധി സാധാരണക്കാരുടെ മരണത്തെ ന്യായീകരിക്കാൻ കഴിയൂ എന്ന് അന്താരാഷ്ട്ര വിദഗ്ധർ കുറ്റപ്പെടുത്തി. ഇസ്രയേലിന്റെ ഇത്തരത്തിലൊരു ആക്രമണം ഞെട്ടിക്കുന്നതാണെന്ന് ഡബ്ലിൻ സിറ്റി യൂണിവേഴ്സിറ്റിയിലെ മനുഷ്യാവകാശ നിയമ വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ ഡോ.ആൻഡ്രൂ ഫോർഡ് പറഞ്ഞു.
അൽ-ബാഖ കഫേ ഏകദേശം 40 വർഷം മുമ്പാണ് സ്ഥാപിതമായത്. ഗാസയിലെ ഒരു പ്രധാന വിനോദ കേന്ദ്രമായാണ് ഇത് അറിയപ്പെടുന്നത്. കഫേ സ്ഥിതി ചെയ്യുന്ന തുറമുഖ പ്രദേശം ഒഴിപ്പിക്കൽ നടപടികളിൽ ഉൾപ്പെടാത്തവയാണെന്ന് ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് സ്ഥിതികരിച്ചതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഗാസയിലെ വെടിനിർത്തലിന് ഇസ്രയേൽ സമ്മതിച്ചെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് ഇന്നലെ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ഗാസയിൽ നിന്നും ഇത്തരത്തിലൊരു വാർത്ത പുറത്ത് വരുന്നത്. അറുപത് ദിവസത്തേയ്ക്കുള്ള വെടിനിർത്തൽ കരാറിന് ഇസ്രയേൽ സമ്മതിച്ചുവെന്നാണ് ട്രൂത്ത് സേഷ്യലിലൂടെ അമേരിക്കൻ പ്രസിഡൻ്റ് വ്യക്തമാക്കിയിരുന്നത്. അത്യാവശ്യമായ ധാരണകൾക്ക് ഇസ്രയേൽ സമ്മതിച്ചുവെന്നാണ് ട്രംപ് ചൂണ്ടിക്കാണിച്ചിരുന്നത്. താൽക്കാലിക വെടിനിർത്തലിന് ഹമാസ് സമ്മതിക്കുമെന്ന പ്രതീക്ഷയും ട്രംപ് പങ്കുവെച്ചിരുന്നു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച അടുത്ത ആഴ്ച വാഷിംഗ്ടണിൽ നടക്കാനിരിക്കെയാണ് ഗാസയിലെ വെടിനിർത്തൽ നീക്കങ്ങളിൽ തീരുമാനമായത്.
എന്നാൽ ട്രംപിന്റെ പ്രഖ്യാപനത്തിന് ശേഷം ഹമാസിനെ പൂർണമായും ഇല്ലാതാക്കുമെന്നാണ് ബെഞ്ചമിൻ നെതന്യാഹു പറഞ്ഞിരിക്കുന്നത്. ഹമാസിനെ പൂർണമായും ഇല്ലാതെയാക്കുമെന്നും, ഇനി ഹമാസ്ഥാൻ ഉണ്ടാകില്ലെന്നും അതിൽ നിന്ന് ഇസ്രയേൽ ഒരിക്കലും പിന്നോട്ട് പോകില്ലെന്നും നെതന്യാഹു പറഞ്ഞു. 'അവർ തീർന്നു. അവർ ബന്ദികളാക്കിവെച്ച നമ്മുടെ പൗരന്മാരെ നമ്മൾ മോചിപ്പിക്കും. അവരുടെ അടിവേരറുക്കും'; നെതന്യാഹു കൂട്ടിച്ചേർത്തു. ഹമാസിനെതിരെ ഇസ്രയേൽ വെടിനിർത്തലിന് സമ്മതിച്ചു നെതന്യാഹുവിന്റെ ഈ പ്രസ്താവന വീണ്ടും ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുകയാണ്.
Content Highlights: Israeli Military Used 500lb Bomb in Strike on Gaza Cafe