
മുംബൈ: 'ബർഗർ കിംഗി'ൽ നിന്ന് ഓർഡർ ചെയ്ത ബർഗറിനുള്ളിൽ ചത്ത പ്രാണിയെ കണ്ടെത്തിയതായി പരാതി. ഇതിന്റെ വീഡിയോ യുവതി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് സംഭവം വാർത്തയായത്. ഇൻസ്റ്റാഗ്രാമിലെ വീഡിയോയിൽ യുവതി ബർഗറിനുള്ളിലെ പ്രാണിയെ കാണിക്കുകയും ബർഗറുകൾക്ക് പേരുകേട്ട ഈ ഔട്ട്‌ലെറ്റിന് ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാനാവുന്നില്ലെങ്കിൽ ഇനി എന്തിനെ ആശ്രയിക്കുമെന്നും ചോദിക്കുന്നുണ്ട്. സംഭവത്തിൽ മാപ്പ് പറയണമെന്നും അവർ ആവശ്യപ്പെട്ടു.
ബർഗറിനുള്ളിൽ ചത്ത പ്രാണിയെ കണ്ടെത്തിയ നിമിഷം തന്നെ ഛർദ്ദിക്കാൻ തോന്നിയെന്നും അവർ വീഡിയോയിൽ പറയുന്നു. വീഡിയോ പങ്കുവെച്ചതോടെ ഓൺലൈനിൽ ഓർഡർ ചെയ്യുന്ന ഭക്ഷണ പദാർത്ഥങ്ങളുടെ ഗുണനിലവാരത്തിൽ പലരും ആശങ്ക പ്രകടിപ്പിച്ചു. വീഡിയോ വളരെ പെട്ടെന്നാണ് വൈറലായത്. ഇത്തരം വലിയ ബ്രാൻഡുകൾക്കെതിരെ സമാനമായ പരാതി ഉണ്ടാകുന്നത് ഇതാദ്യമല്ല.
2014 ജൂലൈ 10-ന് കിഴക്കൻ ഡൽഹിയിൽ നിന്നുള്ള സന്ദീപ് സക്‌സേനയ്‌ക്ക് നോയിഡയിലെ ജിഐപി മാളിലെ മക്‌ഡൊണാൾഡ്‌സിൽ നിന്ന് സമാനമായ അനുഭവം ഉണ്ടായിയിരുന്നു. സന്ദീപിന് ബർഗറിൽ ഒരു പ്രാണിയെയാണ് കിട്ടിയത്. തുടർന്ന് ശാരീരിക അസ്വസ്ഥകളും ഉണ്ടായി. നിയമപരമായി നീങ്ങിയ ഇയാൾക്ക് നഷ്ടപരിഹാരവും ലഭിച്ചിരുന്നു.