Top

'മലപ്പുറത്തുകാരനായത് കൊണ്ടും പേര് ലത്തീഫെന്നായതിനാലും ലീഗ് പ്രതിയായി'; പിഎംഎ സലാം

'ഇത്തരമൊരു ആരോപണം ഉന്നയിക്കുമ്പോള്‍ പ്രതി ലീഗാണെന്ന് തെളിയിക്കുന്ന ഏതെങ്കിലും തരത്തിലുള്ള തെളിവുകള്‍ ഉണ്ടാകുക എന്നത് സാമാന്യ മര്യാദയാണ്'

31 May 2022 9:18 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മലപ്പുറത്തുകാരനായത് കൊണ്ടും പേര് ലത്തീഫെന്നായതിനാലും ലീഗ് പ്രതിയായി; പിഎംഎ സലാം
X

മലപ്പുറം: പ്രതിയുടെ പേര് ലത്തീഫ് എന്നായതിനാലും അയാള്‍ മലപ്പുറത്തു കാരനായതിനാലും ലീഗ് പ്രതി ലീഗാകട്ടെ എന്ന് സിപിഐഎം തീരുമാനിക്കുകയായിരുന്നുവെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്റേതെന്ന പേരില്‍ അശ്ലീല വീഡിയോ അപ്ലോഡ് ചെയ്തതിന് അറസ്റ്റിലായ അബ്ദുള്‍ ലത്തീഫ് എന്നയാള്‍ അറസ്റ്റിലായതിനോട് പ്രതികരിക്കുയായിരുന്നു അദ്ദേഹം. ഇയാള്‍ ലീഗുകാരനാണെന്നാണ് പൊലീസ് അറിയിച്ചിരുന്നു. ആസൂത്രിതമായ നാടകമാണ് ഇതിന് പിന്നില്‍ നടക്കുന്നത്. എന്ത് തെളിവാണ് ഇങ്ങനെ പറയുന്നവരുടെ പക്കലുള്ളതെന്നും അദ്ദേഹം ചോദിച്ചു.

'ഇത്തരമൊരു ആരോപണം ഉന്നയിക്കുമ്പോള്‍ പ്രതി ലീഗാണെന്ന് തെളിയിക്കുന്ന ഏതെങ്കിലും തരത്തിലുള്ള തെളിവുകള്‍ ഉണ്ടാകുക എന്നത് സാമാന്യ മര്യാദയാണ്. പിടിയിലായ അബ്ദുള്‍ ലത്തീഫിന് മുസ്ലിം ലീഗുമായോ അതിന്റെ പോഷക സംഘടനകളുമായോ യാതൊരു ബന്ധവുമില്ലെന്ന് വളരെ വ്യക്തമായും ഉറപ്പിച്ചും തറപ്പിച്ചും ഞങ്ങള്‍ക്ക് പറയാന്‍ സാധിക്കും.' ഇയാള്‍ മുസ്ലിം ലീഗിന്റെ ഒരു പരിപാടിക്ക് പോലും ഇതുവരെ പങ്കെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

'തൃക്കാക്കരയില്‍ പരാജഭീതിയിലായ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നാണംകെട്ട കളികള്‍ കളിച്ചുകൊണ്ടിരിക്കുകയാണ്. അതില്‍ അവസാനത്തെ കളിയാണിത്. ഒരു മുഖ്യമന്ത്രിയും മന്ത്രിസഭയും ഒരു മാസത്തോളം തമ്പടിച്ച് പ്രവര്‍ത്തിച്ചിട്ട് പരാജയപ്പെടുക എന്ന് പറഞ്ഞാല്‍ അവര്‍ക്ക് ആത്മഹത്യാപരമാണ്. അതില്‍ നിന്നു രക്ഷനേടാന്‍ എന്തുകളിയും കളിക്കും.' അതിന് പൊലീസിനെ ദുരുപയോഗപ്പെടുത്തിയെന്നും പിഎംഎ സലാം ആരോപിച്ചു.

പരാജയം മുന്നില്‍ കണ്ട് തെരഞ്ഞെടുപ്പ് ദിനത്തില്‍ നടത്തിയ അറസ്റ്റ് നാടകം ബഹുകേമം. പ്രതി മുസ്ലിം ലീഗുകാരനാണെന്ന പച്ചക്കളവ് പ്രചരിപ്പിച്ചവരെ അത് തെളിയിക്കാന്‍ വെല്ലുവിളിക്കുന്നുവെന്ന് നേരത്തെ അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചിരുന്നു.

STORY HIGHLIGHTS: PMA Salam reaction on alleged Muslim League worker arrested in case related to fake private video of Thrikkakara By Election LDF Candidate Jo Jospeh

Next Story