Top

'​ഗാന്ധിയുടെ മുഖത്തേക്ക് കാല് വെക്കുന്ന വെറുപ്പ് സംഘപരിവാറിൽ മാത്രം കണ്ടു ശീലിച്ചത്'; കോൺ​ഗ്രസ് മാപ്പ് പറയണമെന്ന് എസ്എഫ്ഐ

രാഷ്ട്ര പിതാവിന്റെ ചിത്രം പോലും നിലത്തിട്ട് ചവിട്ടിപ്പൊളിച്ചു രാഷ്ട്രീയലാഭം നേടാൻ മാത്രം നികൃഷ്ടമാണ് കോൺഗ്രസ് സംസ്കാരം.

19 Aug 2022 9:04 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

​ഗാന്ധിയുടെ മുഖത്തേക്ക് കാല് വെക്കുന്ന വെറുപ്പ് സംഘപരിവാറിൽ മാത്രം കണ്ടു ശീലിച്ചത്; കോൺ​ഗ്രസ് മാപ്പ് പറയണമെന്ന് എസ്എഫ്ഐ
X

കോഴിക്കോട്: രാഹുൽ ഗാന്ധി എംപിയുടെ ഓഫീസിലെ ​മഹാത്മ ​ഗാന്ധിയുടെ ചിത്രം തകർത്തതിൽ കോൺ​ഗ്രസ് മാപ്പ് പറയണമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ. ​കോൺഗ്രസിന്റെ പ്രവർത്തനങ്ങൾ എത്രമാത്രം നികൃഷ്ടവും വഞ്ചനാപരവുമാണെന്ന് പൊതുസമൂഹത്തിന് ബോധ്യപ്പെടുകയാണ്. രാഷ്ട്ര പിതാവിന്റെ ചിത്രം പോലും നിലത്തിട്ട് ചവിട്ടിപ്പൊളിച്ചു. രാഷ്ട്രീയലാഭം നേടാൻ മാത്രം നികൃഷ്ടമാണ് കോൺഗ്രസ് സംസ്കാരമെന്നും പിഎം ആർഷോ ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെ വിമർശിച്ചു.

ഗാന്ധി ചിത്രം തകർത്ത കുറ്റം എസ്എഫ്ഐയുടെ മേൽ ആരോപിച്ച കോൺ​ഗ്രസ് 'കേരളം പൊറുക്കില്ല' എന്ന് പോസ്റ്റെഴുതിയിരുന്നു. അത് തന്നെയാണ് എസ്എഫ്ഐക്കും പറയാനുള്ളത്. ​ഗാന്ധിയുടെ മുഖത്തേക്ക് കാല് വെക്കുന്ന വെറുപ്പ് സംഘപരിവാറിൽ മാത്രമാണ് നാം കണ്ടിട്ടുളളത്. മഹാത്മജിയുടെ ചിത്രം ചവിട്ടിതകർത്ത കേരളാ സംഘി യൂണിയനോടും കോൺഗ്രസുകാരോടും കേരളവും രാജ്യവും പൊറുക്കില്ലെന്നും ആർഷോ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

ഗാന്ധിചിത്രം തകര്‍ത്ത കേസില്‍ നാല് കോൺ​ഗ്രസ് പ്രവർത്തകർ അറസ്റ്റിലായിരുന്നു. രാഹുല്‍ ഗാന്ധിയുടെ പിഎ രതീഷ് കുമാര്‍, ഓഫീസ് സ്റ്റാഫ് രാഹുല്‍ എസ് ആര്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകരായ നൗഷാദ്, മുജീബ് എന്നിവരാണ് അറസ്റ്റിലായിരുന്നത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷം വെളളിയാഴ്ച ഉച്ചയോടെയാണ് നാലുപേരെയും അറസ്റ്റ് ചെയ്തത്. അറസ്റ്റില്‍ പ്രതിഷേധിച്ച് എംഎല്‍എമാരായ ടി സിദ്ധിഖ്, ഐ സി ബാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള നേതാക്കള്‍ കല്‍പ്പറ്റ പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം,

രാഹുൽ ഗാന്ധി എം.പിയുടെ മണ്ഡലം ഓഫീസിൽ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ ഫോട്ടോ തകർത്തതുമായി ബന്ധപ്പെട്ട് എം.പിയുടെ പി.എ അടക്കമുള്ള നാല് കോൺഗ്രസുകാർ അറസ്റ്റിലായിരിക്കുകയാണ്.

എത്രമാത്രം നികൃഷ്ടവും വഞ്ചനാപരവുമാണ് കോൺഗ്രസിന്റെ ചെയ്തികളെന്ന് പൊതുസമൂഹത്തിന് ബോധ്യപ്പെടുകയാണ് ഈ സംഭവത്തിലൂടെ. എം.പി ഓഫീസിൽ പ്രതിഷേധിച്ച SFI പ്രവർത്തകരുടെ മേലെ ഗാന്ധി ചിത്രം തകർത്ത കുറ്റം ആരോപിച്ചു പ്രതിപക്ഷ നേതാവുൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളും മാധ്യമങ്ങളും നടത്തിയ പ്രസംഗം നമ്മൾ കേട്ടതാണ്. ഇന്ന് അവരുടെ പ്രതികരണങ്ങൾ എന്തെന്നറിയാൻ എസ്.എഫ്.ഐക്ക് ആകാംക്ഷയുണ്ട്.

രാഷ്ട്ര പിതാവിന്റെ ചിത്രം പോലും നിലത്തിട്ട് ചവിട്ടിപ്പൊളിച്ചു രാഷ്ട്രീയലാഭം നേടാൻ മാത്രം നികൃഷ്ടമാണ് കോൺഗ്രസ് സംസ്കാരം. രാഷ്ട്രപിതാവിന്റെ മുഖത്തേക്ക് കാല് വെക്കുന്ന വെറുപ്പ് സംഘപരിവാറിൽ മാത്രമാണ് നാം കണ്ടു ശീലിച്ചത്. എന്നാൽ രാജ്യം ആദരിക്കുന്ന മഹാത്മാവിനെ പോലും ചവിട്ടി മെതിച്ച് അപമാനിക്കാൻ മാത്രമുള്ള കുറ്റ കൃത്യങ്ങൾ ചെയ്ത കോൺഗ്രസ് രാജ്യത്തോട് മാപ്പ് പറയണം. സംഭവം നടന്നയുടനെ തന്നെ SFIക്ക് ഇതിൽ പങ്കില്ലെന്നും തെളിവുകളുടെ അടിസ്ഥാനത്തിൽ എം.പി ഓഫീസിനകത്തെ കോൺഗ്രസുകാർ തന്നെയാണ് കൃത്യം ചെയ്തതെന്നും എസ്.എഫ്.ഐ ആവർത്തിച്ചു വ്യക്തമാക്കിയതാണ്. അത് തെളിയിക്കുന്നതാണ് ഇപ്പോൾ നടന്ന അറസ്റ്റ്. മഹാത്മാ ഗാന്ധിയുടെ ഫോട്ടോ തകർത്ത സമയം കുറ്റം SFI- യിൽ ആരോപിച്ച കോൺഗ്രസ് നേതൃത്വം 'കേരളം പൊറുക്കില്ല' എന്ന് പോസ്റ്റെഴുതിയിരുന്നു. അത് തന്നെയാണ് എസ്.എഫ്.ഐക്കും പറയാനുള്ളത്, രാഷ്ട്രപിതാവ് മഹാത്മജിയുടെ ചിത്രം ചവിട്ടിത്തകർത്ത കേരളാ സംഘി യൂണിയനോടും കോൺഗ്രസുകാരോടും കേരളവും രാജ്യവും പൊറുക്കില്ല.

STORY HIGHLIGHTS: PM Arsho Says Congress Apologies Demolishing Gandhi Picture

Next Story