Top

'മരണം ഇരന്നു വാങ്ങിയവന്‍' പരാമര്‍ശം; സുധാകരന് മുഖ്യമന്ത്രിയുടെ മറുപടി

''ഒരു കാരണമില്ലാതെ ഹൃദയത്തിലേക്ക് കത്തി കുത്തിയിറക്കുന്ന സംസ്‌കാരം കോണ്‍ഗ്രസിന് ''

12 Jan 2022 1:08 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മരണം ഇരന്നു വാങ്ങിയവന്‍ പരാമര്‍ശം; സുധാകരന് മുഖ്യമന്ത്രിയുടെ മറുപടി
X

എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കൊലപാതകത്തെ ന്യായീകരിച്ച കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മരണം ഇരന്നു വാങ്ങിയവന്‍ എന്ന് ഈ നാടിന്റെ മുന്നില്‍ പറയാന്‍ കോണ്‍ഗ്രസ് തയ്യാറായിയെന്നും എന്താണ് ഇതിന്റെ അര്‍ത്ഥമെന്നും മുഖ്യമന്ത്രി ചോദിച്ചു. ഒരു കാരണമില്ലാതെ ഹൃദയത്തിലേക്ക് കത്തി കുത്തിയിറക്കുന്ന സംസ്‌കാരം കോണ്‍ഗ്രസിന് എവിടെ നിന്ന് വന്നു. ധീരജ് കൊലപാതകത്തില്‍ പങ്കെടുത്ത എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ വാക്കുകള്‍: ''നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുകയാണ്. നിര്‍ഭാഗ്യകരമായ ഒരു സംഭവമാണ് കഴിഞ്ഞദിവസം നടന്നത്. കേരളത്തിലെ മനസാക്ഷിയുള്ള എല്ലാവരുടെയും മനസിലെ നീറ്റായി, വേദനയായി ധീരജ് നിലകൊള്ളുകയാണ്. വിദ്യാര്‍ഥികള്‍ കുടുംബത്തിന്റെ പ്രതീക്ഷയാണ്, നാടിന്റെ നാളത്തെ വാഗ്ദാനങ്ങളാണ്.''

''ഒരു കാരണമില്ലാതെ ഹൃദയത്തിലേക്ക് കത്തി കുത്തിയിറക്കുന്ന സംസ്‌കാരം കോണ്‍ഗ്രസിന് എവിടെ നിന്ന് വന്നു. എന്നിട്ട് അതിനെ ന്യായികരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. മരണം ഇരന്നു വാങ്ങിയവന്‍ എന്ന് ഈ നാടിന്റെ മുന്നില്‍ പറയാന്‍ കോണ്‍ഗ്രസ് തയ്യാറായി. എന്താണ് ഇതിന്റെ അര്‍ത്ഥം. ഇങ്ങനെയാണോ ഇത്തരം കാര്യങ്ങൡല്‍ പ്രതികരിക്കേണ്ടത്. അത്തരം സംഭവങ്ങളെ പ്രോത്സാഹിപ്പിക്കാമോ? ധീരജിനെ കൊന്നവരില്‍ ചിലരെ പിടികൂടിയിട്ടുണ്ട്. ബാക്കിയുള്ളവരെ ഉടന്‍ പിടികൂടും. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും.''

സിപിഐഎം ഇരന്നു വാങ്ങിയ രക്തസാക്ഷിത്വമാണ് ധീരജിന്റേതെന്നാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞത്. ധീരജ് വധത്തില്‍ ഗൂഢാലോചനയില്ലെന്ന ജില്ലാ പൊലീസ് മേധാവിയുടെ വാക്കുകള്‍ ഉയര്‍ത്തിക്കാട്ടിയാണ് സുധാകരന്‍ ധീരജിന്റെ കൊലപാതകത്തെ പ്രതിരോധിക്കുന്നത്.

കെ സുധാകരന്റെ പരാമര്‍ശത്തിന് മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തി. ധീരജിനെ ഇനിയും അപമാനിക്കരുത്. കെപിസിസി അധ്യക്ഷ സ്ഥാനത്ത് ഇരുന്നിട്ട് പറയാന്‍ പാടില്ലാത്തതാണ് ആ വാചകം. കൊല നടത്തിയിട്ടും വീണ്ടു കൊല നടത്തുന്നതിനും തുല്യമാണിത്. ഇത്തരം പരാമര്‍ശങ്ങള്‍ പ്രകോപനം സൃഷ്ടിക്കാനുള്ള നീക്കമാണെന്നും കോടിയേരി പറഞ്ഞു.

''നാട്ടില്‍ കലാപം സൃഷ്ടിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. ഇത്തരം നിലപാടില്‍ നിന്ന് പിന്‍വാങ്ങാന്‍ കോണ്‍ഗ്രസ് തയ്യാറാകണം. ഒരാള്‍ കൊല്ലപ്പെട്ടാല്‍ സന്തോഷിക്കുന്നതാണ് കോണ്‍ഗ്രസിന്റെ സമീപനം. കോണ്‍ഗ്രസ് ആക്രമണരാഷ്ട്രീയം അവസാനിപ്പിക്കണം. ഇങ്ങനെ പോയാല്‍ കോണ്‍ഗ്രസ് ജനങ്ങളില്‍ നിന്ന് കൂടുതല്‍ ഒറ്റപ്പെടും. കോണ്‍ഗ്രസ് പ്രകോപനത്തില്‍ സിപിഐഎം പ്രവര്‍ത്തകര്‍ കുടുങ്ങരുത്. ഓഫീസ് ആക്രമണം, കൊടിമരം തകര്‍ക്കല്‍ എന്നിവ ഒഴിവാക്കണം. കോണ്‍ഗ്രസിനെ ഒറ്റപ്പെടുത്തുകയാണ് വേണ്ടത്. അവര്‍ക്ക് എന്ത് സ്ഥാനം നല്‍കണമെന്ന് കേരളത്തിലെ ജനങ്ങള്‍ തീരുമാനിക്കും.'' -കോടിയേരി പറഞ്ഞു.

കെ.സുധാകരന്‍ കൊലയെ ന്യായീകരിക്കുകയും പ്രതികളെ സംരക്ഷിക്കാന്‍ ശ്രമം നടത്തുന്നുവെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് പറഞ്ഞു. കള്ളക്കഥകള്‍ പ്രചരിപ്പിച്ച് കൊലയാളികളെ പോലും നാണിപ്പിക്കുന്ന പ്രചരണമാണ് സുധാകരനും അനുയായികളും നടത്തുന്നത്. കേരളത്തില്‍ വ്യാപകമായ അക്രമം നടത്താനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസെന്നും സനോജ് ആരോപിച്ചു.

അതേസമയം, ധീരജിനെ കൊല്ലണമെന്ന ഉദേശത്തോടെ തന്നെയാണ് പ്രതികളായ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ക്യാമ്പസില്‍ എത്തിയതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കൊലപാതക ഉദേശത്തോടെ സംഘമായാണ് പ്രതികള്‍ സ്ഥലത്തെത്തിയത്. ധീരജ്, അമല്‍, അര്‍ജുന്‍ എന്നിവരെ പ്രതികള്‍ കയ്യേറ്റം ചെയ്തു. സംഭവത്തില്‍ പ്രതികളായ നാല് യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ കൂടി പിടികൂടാനുണ്ടെന്നും ഇവര്‍ ഒളിവിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Next Story