Top

'ഇതൊരു തരംതാണ ജോലിയാണെന്ന് ബോധ്യപ്പെട്ടു'; ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തിന് പിന്നാലെ ആലപ്പുഴ കളക്ടര്‍ പേജില്‍ രൂക്ഷ വിമര്‍ശനം

മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ മരണത്തിന് ഉത്തരവാദിയായ വ്യക്തിയെ കളക്ടറായി വേണ്ടെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു

24 July 2022 8:25 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇതൊരു തരംതാണ ജോലിയാണെന്ന് ബോധ്യപ്പെട്ടു; ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തിന് പിന്നാലെ ആലപ്പുഴ കളക്ടര്‍ പേജില്‍ രൂക്ഷ വിമര്‍ശനം
X

തിരുവനന്തപുരം: ആലപ്പുഴ ജില്ലാ കളക്ടറായി ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിനെ നിയമിച്ചതില്‍ രൂക്ഷ വിമര്‍ശനം. നിയമന ഉത്തരവ് വാര്‍ത്തയായതിന് പിന്നാലെ ആരംഭിച്ച രൂക്ഷ പ്രതികരണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തുടരുകയാണ്. രമേശ് ചെന്നിത്തലയടക്കമുള്ള പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളും രംഗത്തുണ്ട്. ആലപ്പുഴ ജില്ലാ കളക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കമന്റുകളുമായി നിരവധി പേരെത്തുന്നുണ്ട്. മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ മരണത്തിന് ഉത്തരവാദിയായ വ്യക്തിയെ കളക്ടറായി വേണ്ടെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു.

ജില്ലാ കളക്ടര്‍ പദവി ഒരു തരംതാണ ജോലിയാണെന്ന് ബോധ്യമായെന്നും ഒരു കൊലയാളിയേയാണ് പദവിയില്‍ അവരോധിക്കുന്നതെന്നും ചില യൂസര്‍മാര്‍ വിമര്‍ശിച്ചു. ആലപ്പുഴയിലെ റോഡിലൂടെ നടക്കുന്ന കാല്‍നടയാത്രക്കാര്‍ ഇനിമുതല്‍ ശ്രദ്ധിക്കണമെന്ന രൂക്ഷ പരിഹാസവും കമന്റ് ബോക്സിലുണ്ട്. ശ്രീറാം വെങ്കിട്ടരാമനെ കൊലയാളിയെന്ന് വിശേഷിപ്പിക്കുന്ന പ്രതികരണങ്ങളാണ് കൂടുതലും.

കമന്റുകളില്‍ ചിലത്:

'ജില്ലാ കളക്ടര്‍ ജോലി ഒരു തരം താണ ജോലിയാണെന്ന് ഇന്ന് ബോധ്യപ്പെട്ടു. ഒരറിവും ചെറുതല്ല ...District Collector Alappuzha'

'കൊലയാളിക്ക് സ്വാഗതം'

'മറക്കില്ലൊരിക്കലും,

നിങ്ങളെത്ര മറന്നാലും'

'കൊലക്ടര്‍ എത്തിയോ?? റോഡിലൂടെ നടക്കുന്നവര്‍ ശ്രധിക്കുക.. പുള്ളിക്ക് അംനേഷ്യ ഉള്ളതാ..കള്ളുകുടിച്ചാല്‍ ചുറ്റുമുള്ളതൊന്നും കാണാന്‍ പറ്റൂല'

'മദ്യപിച്ച് വാഹനം ഓടിച്ച് മനപ്പൂര്‍വ്വം ഒരു മാധ്യമ പ്രവവര്‍ത്തകനെ കൊന്ന ശ്രീറാമിന് ആലപ്പുഴയുടെ മണ്ണിലേക്ക് സ്വാഗതം'

'ആലപ്പുഴക്കാരെ.. നിങ്ങളുടെ കളക്ടര്‍ ഒരു കൊലയാളിയാണ്'

'അങ്ങിനെ നിങ്ങള്‍ക്കും ഒരു നാഴിക ക്കല്ല് ??????

ഇത്രയും മോശം ജില്ലയാണോ ഇത'്

'ആലപ്പുഴക്ക് കള്ള് കുടിച്ച് ഒരു മാധ്യമ പ്രവര്‍ത്തകനെ കാറിടിച്ച് കൊന്നവനെ തന്നെ കളക്ടര്‍ ആയി വേണ്ട.

അങ്ങനെ ഒരാളില്‍ വിശ്വാസം അര്‍പ്പിക്കുവാന്‍ ആലപ്പുഴക്കാര്‍ക്ക് കഴിയുമെന്ന് കരുതുന്നില്ല അപമാനമാണ് ഈ നിയമനം.'

2019 ആഗസ്റ്റ് 3ന് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച വാഹനമിടിച്ചാണ് സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയിരുന്ന കെ എം ബഷീര്‍ മരിച്ചത്. ശ്രീറാം വെങ്കിട്ടരാമന്‍, സുഹൃത്ത് വഫ ഫിറോസ് എന്നിവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് ബഷീറിന്റെ വാഹനത്തില്‍ ഇടിക്കുകയായിരുന്നു. കോടതി നടപടികള്‍ മുന്നോട്ടു പോകുന്ന സാഹചര്യത്തിലായിരുന്നു ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറിയായി ശ്രീറാമിനെ നിയമിച്ചത്. കെ എം ബഷീറിന് നീതി ലഭിക്കണമെന്ന ആവശ്യവുമായി നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ നീതിപൂര്‍വ്വമായ നടപടിയുണ്ടാകുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്ന വിമര്‍ശനം നിലനില്‍ക്കുന്നുണ്ട്.

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് നടന്ന അഴിച്ചു പണിയിലാണ് ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറിയായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിക്കുന്നത്. നിലവിലെ ആലപ്പുഴ കളക്ടറായിരുന്ന രേണു രാജ് എറണാകുളം ജില്ലാ കളക്ടറാകും. എറണാകുളം ജില്ലാ കളക്ടര്‍ ആയിരുന്ന ജാഫര്‍ മാലിക്ക് പിആര്‍ഡി ഡയറക്ടറായി ചുമതലയേല്‍ക്കും.

Story Highlights: Protests Among Social Media against Sriram Venkitaraman's Posting as Alappuzha District Collector

Next Story

Popular Stories