Top

'വ്യാജ അവകാശവാദങ്ങളുടെ സര്‍ക്കാരാണ്'; എല്‍ഡിഎഫ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ നിരത്തി പി സി വിഷ്ണുനാഥ്

600-ൽ 580 വാഗ്ദാനങ്ങളും നിറവേറ്റിയെന്ന അവകാശവാദം തെറ്റെന്ന് പി സി വിഷ്ണുനാഥ്‌

13 July 2022 8:16 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വ്യാജ അവകാശവാദങ്ങളുടെ സര്‍ക്കാരാണ്; എല്‍ഡിഎഫ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ നിരത്തി പി സി വിഷ്ണുനാഥ്
X

തിരുവനന്തപുരം: 2016ലെ പ്രകടന പത്രികയിലെ 580ലേറെ വാഗ്ദാനങ്ങളും നടപ്പാക്കി എന്ന ഒന്നാം പിണറായി സര്‍ക്കാരിന്റെ അവകാശവാദം വ്യാജമാണെന്ന് പി സി വിഷ്ണുനാഥ് എംഎല്‍എ. ഇപ്പോഴുള്ളത് വ്യാജ അവകാശവാദങ്ങളുടെ സര്‍ക്കാരാണെന്ന് അദ്ദേഹം നിയമസഭയില്‍ വിമര്‍ശിച്ചു. 600 വാഗ്ദാനങ്ങളില്‍ മുഴുവനും നടപ്പിലാക്കിയെന്നും 590 നടപ്പിലാക്കിയെന്നും 580ലേറെ നടപ്പിലാക്കിയെന്നും ചിലര്‍ അവകാശപ്പെടുന്നുണ്ട്. എന്നാല്‍, 35 ഇന പരിപാടിയിലെ ഒരണ്ണം പോലും നടപ്പാക്കിയിട്ടില്ലെന്ന് വിഷ്ണുനാഥ് പറഞ്ഞു.

ഒന്നാം എല്‍ഡിഎഫ് സര്‍ക്കാര്‍ തെരഞ്ഞെടുപ്പില്‍ മുന്നോട്ട് വെച്ച ഏതാനും പദ്ധതികള്‍ പി സി വിഷ്ണുനാഥ് സഭയില്‍ വായിച്ചു. ഇതിലൊന്നും പോലും സര്‍ക്കാര്‍ നടപ്പിലാക്കിയില്ലെന്നും 600ഉം എടുത്ത് വായിക്കാന്‍ സമയമില്ലാത്തത് കൊണ്ടാണ് മുഴുവനും എടുത്ത് പറയാത്തതെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു.

സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രകടന പത്രികിയിലെ വാഗ്ദാനവും സര്‍ക്കാര്‍ നീക്കത്തിലെ വൈരുദ്ധ്യവും പി സി വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി. നിലവിലെ രണ്ട് വരി റെയില്‍വേ പാത് നാല് വരിയാക്കുന്നതിന് ഇന്ത്യന്‍ റെയില്‍വേയുമായി ചേര്‍ന്ന് സംയുക്ത കമ്പനി ഉണ്ടാക്കുമെന്നായിരുന്നു വാഗ്ദാനം. ഇരട്ടിപ്പിക്കുന്ന പാത അതിവേഗ ട്രെയിന്‍ ഓടിപ്പിക്കാന്‍ സജ്ജമാക്കും എന്നാണ് പ്രകടന പത്രികയില്‍ ഉണ്ടായിരുന്നതെന്ന് ചൂണ്ടിക്കാട്ടിയ എംഎല്‍എ, ഇത് മറികടന്നാണ് പുതിയൊരു പാത ഉണ്ടാക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടതെന്ന് ചൂണ്ടിക്കാട്ടി. ഇത് പാടില്ലെന്നാണ് യുഡിഎഫ് എംപിമാര്‍ ആവശ്യപ്പെട്ടതെന്നും അതില്‍ എന്താണ് കുഴപ്പമെന്നും വിഷ്ണുനാഥ് ചോദിച്ചു. പദ്ധതിയെ നടപ്പിലാക്കരുതെന്ന് ആവശ്യപ്പെട്ട് എംപിമാര്‍ കേന്ദ്രത്തെ കണ്ടുവെന്ന് സിപിഐഎം നിരന്തരം വിമര്‍ശനം ഉന്നയിച്ചിരുന്നു.

അഴിമതിക്ക് അന്ത്യം കുറിക്കും എന്ന് വാഗ്ദാനം ചെയ്തിട്ട് ലൈഫ് പദ്ധതിയില്‍ കമ്മീഷന്‍ വാങ്ങിയ ആളെ കായിക വകുപ്പ് സെക്രട്ടറിയാക്കി വെച്ചിരിക്കുകയല്ലേയെന്ന് വിഷ്ണുനാഥ് ചോദിച്ചു. എം ശിവശങ്കറിന്റെ പേര് പറയാതെയായിരുന്നു വിമര്‍ശനം. കശുവണ്ടി തൊഴിലാളികള്‍ക്ക് വര്‍ഷം മുഴുവന്‍ തൊഴില്‍ നല്‍കുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍, നാല് മാസമായി കശുവണ്ടി കോര്‍പ്പറേഷന്റേയും കാപക്‌സിന്റേയും ഫാക്ടറികള്‍ അടഞ്ഞു കിടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

'വ്യാജ അവകാശ വാദങ്ങളുടെ സര്‍ക്കാരാണിത്. ധൂര്‍ത്തിന്റെ സര്‍ക്കാരാണ്. അട്ടപ്പാടിയിലെ മധുവിന്റെ കേസ് നടത്താന്‍ പണമില്ലാത്ത സര്‍ക്കാര്‍ ലൈഫ് ഭവന പദ്ധതിയില്‍ സിബിഐയുടെ അഴിമതി കേസ് തടയാന്‍ വേണ്ടി കെ വി വിശ്വനാഥ് എന്ന വക്കീലിന് 55 ലക്ഷം രൂപയാണ് കൊടുത്തത്. കൃപേഷിനേയും ശരത്ത് ലാലിനേയും കൊന്ന പ്രതികളുടെ കേസ് തടയാന്‍ മനീന്ദര്‍ സിംഗിന് കൊടുത്തത് 60 ലക്ഷം, രഞ്ജിത്ത് കുമാറിന് കൊടുത്തത് 25 ലക്ഷം എട്ടരക്കോടി അന്വേഷണം തടയാന്‍ മാത്രം സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവാക്കിയ സര്‍ക്കാരാണ്', അദ്ദേഹം കൂട്ടിച്ചേര്‍ത്തു,

പി സി വിഷ്ണുനാഥ് ചൂണ്ടിക്കാട്ടിയ വാഗ്ദാനങ്ങള്‍

1. 25 ലക്ഷം പേര്‍ക്ക് തൊഴില്‍

2. എറണാകുളം ആമ്പല്ലൂരില്‍ ഇലക്ട്രോണിക് പാര്‍ക്ക്

3. എല്ലാ പഞ്ചായത്തുകളിലും ലാബര്‍ ബാങ്ക്

4. വിഴിഞ്ഞം പദ്ധതി പൂര്‍ത്തിയാക്കും

5. പാല്‍ മുട്ട പച്ചക്കറി എന്നിവയില്‍ അഞ്ച് വര്‍ഷം കൊണ്ട് സ്വയം പര്യാപ്തത കൈവരിക്കും

6. അയ്യായിരം കോടിയുടെ തീരദേശ പാക്കേജ്

7. ദേശീയ ജലപാത പൂര്‍ത്തികരിക്കും

8. നിലവിലെ രണ്ട് വരി റെയില്‍വേ പാത നാല് വരിയാക്കുന്നതിന് ഇന്ത്യന്‍ റെയില്‍ വേയുമായി ചേര്‍ന്ന് സംയുക്ത കമ്പനിയുണ്ടാക്കും

9. ഭൂരഹിതര്‍ക്കെല്ലാം കിടപ്പാടം നടപ്പിലാക്കും

10. ആയൂര്‍വേദ സര്‍വ്വകലാശാല സ്ഥാപിക്കും

11. വിദ്യാഭ്യാസ ബജറ്റിന്റെ ഒരു ശതമാനം ലൈബ്രറി ഗ്രാന്റായി നല്‍കും

12. അഴിമതിക്ക് അന്ത്യം കുറിക്കും

13. നെല്ലിന്റെ സംഭരണം കഴിഞ്ഞ് ഒരാഴ്ചയ്ക്കകം പണം ലഭ്യമാക്കും

14. ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബത്തെ സഹായിക്കാന്‍ പ്രത്യേക സ്‌കീം കൊണ്ടുവരും

15. കശുവണ്ടി തൊഴിലാളിക്ക് വര്‍ഷം മുഴുവന്‍ തൊഴില്‍

16. മണല്‍, കല്ല് ന്യായ വിലക്ക് കൊടുക്കും

17. തിരുവനന്തപുരത്ത് ഹൈക്കോടതി ബെഞ്ച് സ്ഥാപിക്കും

18. കെഎസ്ആര്‍ടിസിയുടെ കട ഭാരം മുഴുവനായിട്ട് സര്‍ക്കാര്‍ ഏറ്റെടുക്കും

19. തിരുവനന്തപുരത്ത് ഫിലം ഫെസ്റ്റിവലിന് സ്ഥിരം വേദിയുണ്ടാക്കും

20. എല്ലാ പഞ്ചായത്തിലും 200 മീറ്ററിന്റെ ട്രാക്ക് ഉണ്ടാക്കും

STORY HIGHLIGHTS: PC Vishnunadh against LDF goverment on claims that full filled all promises in manifesto

Next Story

Popular Stories