Top

കുറുക്കന്മൂലയിലിറങ്ങിയ കടുവക്കായുള്ള തിരച്ചില്‍ അവസാനിപ്പിക്കാന്‍ ഉത്തരവ്

കടുവയെ പിടി കൂടാന്‍ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ച 5 കൂടുകളും മാറ്റും.

28 Dec 2021 2:26 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കുറുക്കന്മൂലയിലിറങ്ങിയ കടുവക്കായുള്ള തിരച്ചില്‍ അവസാനിപ്പിക്കാന്‍ ഉത്തരവ്
X

കുറുക്കന്മൂലയില്‍ ഭീതി പരത്തിയ കടുവയ്ക്കായുള്ള തിരച്ചിലുകള്‍ നിര്‍ത്താന്‍ ഉത്തരവ്. ഉത്തരമേഖല സിസിഎഫ് ഡികെ വിനോദ് കുമാറാണ് ഉത്തരവിട്ടത്. കടുവയെ പിടി കൂടാന്‍ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ച 5 കൂടുകളും മാറ്റും. ക്യാമറകള്‍ ഉപയോഗിച്ചുള്ള നിരീക്ഷണം തുടരാനും ഉത്തരവില്‍ പറയുന്നു. പത്ത് ദിവസമായിട്ടും കടുവയെ കണ്ടത്താന്‍ സാധിക്കാതെ വന്നതോടെയാണ് തിരച്ചില്‍ നിര്‍ത്തുന്നത്.

കടുവ ഉള്‍വനത്തിലേക്ക് കടന്നതിനാല്‍ ഇനി നാട്ടിലേക്ക് തിരിച്ചുവരില്ലെന്നാണ് നിഗമനം. മണ്ണുമാന്തി യന്ത്രമുപയോഗിച്ച് കാട്ടിലേക്ക് പാതയൊരുക്കി വരെ തിരച്ചില്‍ നടത്തിയിരുന്നു. മയക്കുവെടി സംഘങ്ങള്‍, കുങ്കിയാനകള്‍ എന്നിവയുമായി തോല്‍പെട്ടി വന്യജീവി സങ്കേതത്തിന്റെ ഭാഗമായ ദേവട്ടത്തെ ഉള്‍വനത്തില്‍ നടത്തിയ തിരച്ചിലില്‍ കടുവയുടെ കാല്‍പാടു പോലും കണ്ടെത്താനായിരുന്നില്ല. മന്ദംകൊല്ലി, ഈശ്വരക്കൊല്ലി കാടുകളിലും തിരച്ചില്‍ നടത്തിയെങ്കിലും ശ്രമം വിഫലമായിരുന്നു.

കടുവയുടെ കഴുത്തിലെ മുറിവില്‍ നിന്നുറ്റിയ ചോര കാട്ടില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വനത്തില്‍ എവിടേയെങ്കിലും കടുവ ഉണ്ടാകമെന്ന കണക്കുകൂട്ടലിലായിരുന്നു തിരച്ചില്‍ പുരോഗമിച്ചത്.

വനത്തിലടക്കം ക്യാമറകള്‍ സ്ഥാപിച്ചെങ്കിലും കടുവയുടെ ഒരു ചിത്രം പോലും പതിഞ്ഞിരുന്നില്ല. റിയല്‍ടൈം സിസിടിവി ക്യാമറകളുള്‍പ്പെടെ 68 ക്യാമറകള്‍ വിവിധ ഭാഗങ്ങളില്‍ വെച്ചിരുന്നു. കടുവയുടെ ചിത്രം ക്യാമറയില്‍ ഏതെങ്കിലും ഭാഗത്ത് പതിഞ്ഞാല്‍ അവിടെ ട്രക്കിങ് ടീം തിരച്ചില്‍ നടത്തുകയായിരുന്നു പതിവ്.

ദിവസങ്ങള്‍ക്കു മുമ്പ് മുട്ടങ്കരയില്‍ കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയത്. പ്രദേശത്തെ വയലില്‍ മാത്രമാണ് കടുവയുടെ കാല്‍പ്പാടുകള്‍ പതിഞ്ഞത്. മുട്ടങ്കരയില്‍ നിന്ന് കടുവ എങ്ങോട്ടുപോയി എന്ന കാര്യങ്ങളും വ്യക്തമായില്ല.

കഴിഞ്ഞ ഡിസംബര്‍ 18ന് ബേഗൂര്‍ വനമേഖലയിലെ കാട്ടിക്കുളംഭാഗത്ത് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. അന്ന് കടുവ ഉടന്‍ പിടിയിലാകുമെന്ന് പറഞ്ഞിരുന്നെങ്കിലും തൊട്ടടുത്ത ദിവസം മുതല്‍ കടുവ വീണ്ടും ഒളിച്ചുകളി തുടര്‍ന്നു. കടുവയുടെ കഴുത്തില്‍ മുറിവുളളതിനാല്‍ ചികിത്സ നല്‍കുന്നതിന് നിരീക്ഷണം തുടരണമെന്നാണ് ഉത്തരവില്‍ പറയുന്നത്. കടുവ ഭീതിയുളളതിനാല്‍ കുറുക്കന്‍മൂലയില്‍ നിരോധാനാജ്ഞ ഏര്‍പ്പെടുത്തിയിരുന്നു. 17 വളര്‍ത്തുമൃഗങ്ങളെയാണ് കടുവ കൊന്നത്. ഡ്രോണുകള്‍ ഉപയോഗിച്ചും നിരീക്ഷണം നടത്തിയിരുന്നെങ്കിലും കടുവയെ പിടികൂടാന്‍ വനപാലകര്‍ക്ക് സാധിച്ചിരുന്നില്ല.

Next Story