Top

യുഡിഎഫ് കാലത്ത് അഴിമതി നടന്നിട്ടില്ല; എം എം മണിയുടേത് സര്‍ക്കാരിനെ രക്ഷിക്കാനുള്ള അടവുകള്‍ എന്ന് ഉമ്മന്‍ ചാണ്ടി

അഴിമതി ഉണ്ടായിട്ടുണ്ടെങ്കില്‍ എന്തുകൊണ്ട് കഴിഞ്ഞ ആറ് വര്‍ഷമായി അന്വേഷണം നടത്തിയില്ലെന്നും ഉമ്മന്‍ ചാണ്ടി ചോദിച്ചു.

17 Feb 2022 10:56 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യുഡിഎഫ് കാലത്ത് അഴിമതി നടന്നിട്ടില്ല;  എം എം മണിയുടേത് സര്‍ക്കാരിനെ രക്ഷിക്കാനുള്ള അടവുകള്‍ എന്ന് ഉമ്മന്‍ ചാണ്ടി
X

കെഎസ്ഇബിയില്‍ യുഡിഎഫ് കാലത്ത് അഴിമതി നടന്നുവെന്ന മുന്‍മന്ത്രിയും എംഎല്‍എയുമായ എം എം മണിയുടെ ആരോപണത്തെ തള്ളി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അഴിമതി ഉണ്ടായിട്ടുണ്ടെങ്കില്‍ എന്തുകൊണ്ട് കഴിഞ്ഞ ആറ് വര്‍ഷമായി അന്വേഷണം നടത്തിയില്ലെന്നും ഉമ്മന്‍ ചാണ്ടി ചോദിച്ചു.

യുഡിഎഫ് കാലത്ത് അഴിമതി ഉണ്ടായിട്ടില്ലെന്നും അതിനാലാണ് നടപടി എടുക്കാതിരുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. സര്‍ക്കാരിനെതിരെ ആക്ഷേപം ഉയരുമ്പോള്‍ രക്ഷപ്പെടാനാണ് മുന്‍ വൈദ്യുത മന്ത്രി ഇത്തരം അടവുകള്‍ ഉയര്‍ത്തുന്നതെന്നും ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി.

യുഡിഎഫ് ഭരിച്ചപ്പോള്‍ അഴിമതി നടന്നെന്നത് ആരോപണം മാത്രമാണ്. അങ്ങനെയായിരുന്നെങ്കില്‍ എന്തുകൊണ്ടാണ് കഴിഞ്ഞ ആറ് വര്‍ഷമായി ഈ സര്‍ക്കാര്‍ കേസെടുക്കാതിരുന്നത്. ഇത് സ്വഭാവികമായി ജനങ്ങളുടെ മനസ്സില്‍ ഉയരുന്ന ചോദ്യമാണ്. അത്തരത്തില്‍ യാതൊരു വിധ നടപടിയും എടുക്കാതിരുന്നതാണ് അഴിമതി ഇല്ലെന്നതിന്റെ വ്യക്തമായ തെളിവെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.

ഇടുക്കിയിലെ കെഎസ്ഇബിയുടെ ഭൂമിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ വൈദ്യുതി മന്ത്രി എംഎം മണിക്കെതിരെ പ്രതിപക്ഷം കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ത്തിയിരിക്കുന്നത്. കെഎസ്ഇബിയുടെ ഭൂമി എംഎം മണിയുടെ ബന്ധുക്കള്‍ക്കും ലഭിച്ചുവെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഇതിന് തക്കതായ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും വിഡി സതീശന്‍ പറഞ്ഞു. അഴിമതി മൂലമാണ് കെഎസ്ഇബിയില്‍ ആയിരക്കണക്കിന് കോടിയുടെ നഷ്ടമുണ്ടായത്. ഇത് മൂലമുള്ള ബാധ്യത ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കരുതെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. നിയമ വിരുദ്ധമായ ഭൂമി കൈമാറ്റം റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വൈദ്യുതി നിരക്ക് വര്‍ധനാ നിര്‍ദേശം പിന്‍വലിക്കണമെന്നും ഭൂമി കൈമാറ്റത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഇടുക്കിയിലെ സിപിഐഎം നേതൃത്വത്തിലുള്ള സഹകരണ സംഘങ്ങള്‍ക്ക് കെഎസ്ഇബി ഭൂമി തുച്ഛമായ വിലക്ക് പാട്ടത്തിന് നല്‍കിയെന്നാണ് കേസ്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വൈദ്യുതി വകുപ്പില്‍ നടത്തിയ ക്രമക്കേടിനെ കുറിച്ച് കെഎസ്ഇബി ചെയര്‍മാന്‍ ബി അശോകിന്റെ വെളിപ്പെടുത്തലിലൂടെയാണ് ഭൂമി കൈമാറ്റം പുറത്തുവരുന്നത്. ആരോപണത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് വിഡി സതീശന്‍ ഇന്നലെ പറഞ്ഞിരുന്നു. വൈദ്യുതി ബോര്‍ഡില്‍ നടക്കുന്നത് കടുത്ത അഴിമതിയാണെന്നും അന്വേഷണം നടത്താനുള്ള പൂര്‍ണ ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്നും വിഡി സതീശന്‍ വ്യക്തമാക്കിയിരുന്നു.

ഭൂമി കൈമാറിയതിലൂടെ വൈദ്യുതി ബോര്‍ഡിന് കോടികളുടെ നഷ്ടമുണ്ടായി. അതിന്റെ ടെന്റര്‍ നടപടികളെല്ലാം വിചിത്രമായിരുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വൈദ്യുതി ബോര്‍ഡില്‍ നടന്ന മറ്റ് ക്രമക്കേടുകളും ചൂണ്ടികാട്ടി. മുതിരപ്പുഴയാറിനും കൊച്ചി ധനുഷ്‌കോടിക്കും ഹൈവേക്കും ഇടയിലുള്ള 16 ഏക്കര്‍ സ്ഥലവും ഇതുപോലെ ഹൈഡല്‍ ടൂറിസത്തിന് വിട്ടുകൊടുത്തിരിക്കുകയാണ്. വൈദ്യുതി ബോര്‍ഡിനോ റെഗുലേറ്ററി കമ്മീഷനോ അറിയാതെ ജീവനക്കാരില്‍ ആറായിരം പേര്‍ക്ക് നിയമനം കൊടുത്തിട്ടുണ്ട്. വാട്‌സ്ആപ്പിലുടെ സന്ദേശം അയച്ചാണ് നിയമനമെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു.

STORY HIGHLIGHTS: Oommen chandi Reaction on KSEB Controversy

Next Story