
ശ്രീലങ്കക്കെതിരെയുള്ള മൂന്നാമത്തെയും അവസാനത്തെയും ട്വന്റി-20 യിൽ ജയം നേടി പരമ്പര സ്വന്തമാക്കി ബംഗ്ലാദേശ്. ശ്രീലങ്കയിലെ ബംഗ്ലദേശിന്റെ ആദ്യ ട്വന്റി-20 പരമ്പര വിജയമാണിത്. ആദ്യ മത്സരത്തിൽ ശ്രീലങ്ക വിജയിച്ചപ്പോൾ പിന്നീടുള്ള രണ്ട് മത്സരത്തിലും വിജയിച്ചുകൊണ്ട് ബംഗ്ലാദേശ് തിരിച്ചുവരികയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ വെറും 132 റൺസിൽ ഒതുക്കാൻ ബംഗ്ലാദേശിന് സാധിച്ചു. നാലോവറിൽ വെറും 11 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് സ്വന്തമാക്കിയ മെഹ്ദി ഹസനാണ് ലങ്കയുടെ നടുവൊടിച്ചത്. 46 റൺസുമായി ഓപ്പണിങ് ബാറ്റർ പതും നിസങ്ക ലങ്കയുടെ ടോപ് സ്‌കോററായി. 35 റൺസ് നേടി പുറത്താകാതെ നിന്ന ദാസുൻ ഷനകയാണ് ശ്രീലങ്കയെ 120 കടത്തിയത്. കമിന്ദു മെൻഡിസ് 21 റൺസ് നേടിയപ്പോൾ മറ്റ് ബാറ്റർമാരൊന്നും രണ്ടക്കം കടന്നില്ല.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 16.3 ഓവറിൽ അനായാസം വിജയം കൈവരിച്ചു. ഓപ്പണിങ് ബാറ്റർ പർവേസ് ഹുസൈൻ ഇമോണിനെ ആദ്യ പന്തിൽ തന്നെ പുറത്താക്കിയെങ്കിലും തൻസീദ ഹസൻ ആക്രമിച്ച് കളിക്കുകയായിരുന്നു. നായകൻ ലിറ്റൺ ദാസിനെയും തൗഹീദ് ഹൃദോയ്‌യെയും കൂട്ടുപിടിച്ച് തൻസീദ് കടുവകളെ വിജയത്തിലെത്തിച്ചു. 47 പന്തിൽ നിന്നും 73 റൺസാണ് തൻസീദിന്റെ സമ്പാദ്യം. ആറ് സിക്‌സറും ഒരു ഫോറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ലിറ്റൺ ദാസ് 32 റൺസും ഹൃദോയ് 27 റൺസും സ്വന്തമാക്കി.
നാല് വിക്കറ്റ് സ്വന്തമാക്കിയ മെഹ്ദി ഹസനാണ് കളിയിലെ താരമായി മാറിയത്. കഴിഞ്ഞ കളിയിലും ഈ മത്സരത്തിലും മികച്ച ബാറ്റിങ് കാഴ്ചവെച്ച ക്യാപ്റ്റൻ ലിറ്റൺ ദാസാണ് കളിയിലെ താരമായി മാറിയത്.
Content Highlight- Bangladesh wins third T20I match against Srilanka and won series