Top

ഭവന രഹിതരില്ലാ കേരളത്തിലേക്ക് ഒരു ചുവടുകൂടി; 40 കെയര്‍ ഹോമുകള്‍ കൈമാറിയെന്ന് മുഖ്യമന്ത്രി

ഒരുമിച്ച് ഒറ്റക്കെട്ടായി വികസനത്തിന്റെ അടുത്ത ഘട്ടത്തിലേക്കും നമുക്കു മുന്നേറേണ്ടതുണ്ട്.

6 Dec 2021 2:09 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഭവന രഹിതരില്ലാ കേരളത്തിലേക്ക് ഒരു ചുവടുകൂടി; 40 കെയര്‍ ഹോമുകള്‍ കൈമാറിയെന്ന് മുഖ്യമന്ത്രി
X

സഹകരണ വകുപ്പ് നിര്‍മ്മിച്ച 40 കെയര്‍ ഹോമുകള്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക സുരക്ഷിതത്വത്തിനു സഹകരണ പ്രസ്ഥാനങ്ങള്‍ എത്രമാത്രം അനിവാര്യമാണെന്ന യാഥാര്‍ത്ഥ്യത്തിന് അടിവരയിടുന്ന ഈ പദ്ധതിയുടെ ഭാഗമായി തൃശൂര്‍ ജില്ലയിലെ പഴയന്നൂരിലാണ് കെയര്‍ ഹോമുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. 2 നിലകളുള്ള പത്ത് ബ്ലോക്കുകള്‍ ഉള്‍പ്പെടുന്ന ഈ ഭവനസമുച്ചയത്തോടൊപ്പം കുട്ടികള്‍ക്കുള്ള കളിസ്ഥലം, അംഗനവാടി, കമ്മ്യൂണിറ്റി ഹാള്‍, വായനശാല, മാലിന്യസംസ്‌ക്കരണ കേന്ദ്രം, പാര്‍ക്കിംഗ് ഏരിയ, പൂന്തോട്ടം എന്നിവയും നിര്‍മ്മിച്ചിട്ടുണ്ട്.

'ഭവനരഹിതരില്ലാത്ത കേരളം' എന്ന ലക്ഷ്യസാക്ഷാല്‍ക്കാരത്തിനായി എല്‍.ഡി.എഫ് സര്‍ക്കാര്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഈ പദ്ധതി കരുത്തു പകരുന്നു. ഭവന നിര്‍മ്മാണ പദ്ധതികളുടെ ഭാഗമാകാന്‍ നിരവധി വ്യക്തികളും സന്നദ്ധ സംഘടനകളും മുന്നോട്ടു വരുന്നു എന്നത് ആവേശം പകരുന്ന കാര്യമാണ്. ഇതുവഴി ജനപങ്കാളിത്തത്തിന്റെ പുതിയ മാതൃകയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. കേരളം ഒരു രണ്ടാംഘട്ട വികസനത്തിലേക്കു കുതിക്കാന്‍ ഒരുങ്ങിനില്‍ക്കുകയാണിപ്പോള്‍. അതിനായുള്ള നിലമൊരുക്കലാണ് കഴിഞ്ഞ 5 വര്‍ഷം എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തത്. അടിസ്ഥാന സൗകര്യ മേഖലകള്‍ ലോകനിലവാരത്തിലേക്ക് എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ ഏറ്റെടുത്തെന്നും മുഖ്യമന്ത്രി അറിയിച്ചു.

സമസ്ത വിഭാഗം ജനങ്ങളും ഇതിന്റെ ഗുണഭോക്താക്കളാവുകയും പരസ്പര സഹകരണത്തോടെ ജീവിതവും ജീവനോപാധികളും കെട്ടിപ്പടുക്കാന്‍ ഒരുമിക്കുകയും ചെയ്തു. ഇതുപോലെ തന്നെ ഒരുമിച്ച് ഒറ്റക്കെട്ടായി വികസനത്തിന്റെ അടുത്ത ഘട്ടത്തിലേക്കും നമുക്കു മുന്നേറേണ്ടതുണ്ട്. അതിനായി കൂടുതല്‍ ഐക്യത്തോടെയും കരുത്തോടെയും നമുക്ക് മുന്നോട്ടു പോകാമെന്നും മുഖ്യമന്ത്രി പറഞ്ഞു.


Next Story