Top

'മോഡലുകൾ മദ്യപിച്ചിരുന്നില്ല, തർക്കമുണ്ടായിട്ടില്ല'; വെളിപ്പെടുത്തലുമായി നമ്പർ 18 ഹോട്ടൽ ജീവനക്കാരൻ

11.30-ഓടെയാണ് അവർ പാർട്ടി കഴിഞ്ഞ് മടങ്ങിയത്. അൻസിയാണ് 1550 രൂപയുടെ ബിൽ ഗൂഗിൾപേ വഴി അടച്ചത്. പോകുമ്പോൾ അടുത്ത ബുധനാഴ്ച വീണ്ടും വരുമെന്നും ഒരാഴ്ച കൂടി കൊച്ചിയിലെ ഷൂട്ടിങ് നീളുമെന്നും അൻസി പറഞ്ഞിരുന്നു. എന്നാൽ 12.15-ഓടെ ഹോട്ടലിലെ റിസപ്ഷനിൽ എത്തിയപ്പോൾ അൻസിയെയും അൻജനയെയും ഹോട്ടലിന് മുന്നിൽ കണ്ടു.

20 Nov 2021 11:17 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മോഡലുകൾ മദ്യപിച്ചിരുന്നില്ല, തർക്കമുണ്ടായിട്ടില്ല; വെളിപ്പെടുത്തലുമായി നമ്പർ 18 ഹോട്ടൽ ജീവനക്കാരൻ
X

കൊച്ചി: മുൻ മിസ് കേരള ആൻസി കബീറും സുഹൃത്തുക്കളും അപകടത്തിൽ മരണപ്പെട്ട സംഭവത്തിൽ പുതിയ വെളിപ്പെടുത്തൽ. അപകടത്തിന് തൊട്ടുമുൻ‌പ് ഇവർ പങ്കെടുത്ത പാർട്ടി സംഘടിപ്പിക്കപ്പെട്ട ഹോട്ടൽ ജീവനക്കാരനായ സോബിനാണ് കേസിൽ വഴിത്തിരിവുണ്ടായേക്കാവുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. മോഡലുകൾ മദ്യപിച്ചിരുന്നില്ലെന്ന് ഇയാൾ മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിൽ ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് കോഴ്‌സ് പഠിക്കുന്ന സോബിൻ, പാർട് ടൈം ആയാണ് നമ്പർ 18 ഹോട്ടലിൽ ജോലിചെയ്യുന്നത്.

സോബിനെ ഉദ്ധരിച്ച് മാതൃഭൂമി റിപ്പോർട്ട് ചെയ്ത വാക്കുകൾ

'ആൻസിയും അൻജനയും കൊച്ചിയിൽ വരുമ്പോഴെല്ലാം ഹോട്ടലിൽ വരാറുണ്ട്. അന്നേദിവസം അവിടെ നടന്നത് നിശാപാർട്ടിയല്ല. ഹോട്ടലുടമയും അദ്ദേഹത്തിന്റെ അടുത്തസുഹൃത്തുക്കളും ഒത്തുചേരുക മാത്രമാണുണ്ടായത്. റൂഫ്‌ടോപ്പിലായിരുന്നു മേശകൾ ഒരുക്കിയിരുന്നത്. ഭക്ഷണവും മദ്യവും സംഗീതവുമെല്ലാം ഉണ്ടായിരുന്നു. ഉപഭോക്താക്കളുമായി നല്ലബന്ധം സൂക്ഷിക്കുന്നയാളാണ് ഹോട്ടലുടമയായ റോയ് വയലാട്ട്. ഇത്തരത്തിലുള്ള ഒത്തുചേരലുകൾ അദ്ദേഹം സംഘടിപ്പിക്കാറുമുണ്ട്.

ഒക്ടോബർ 31-ലെ പരിപാടിയിൽ മുപ്പതോളം പേരാണുണ്ടായിരുന്നത്. ആകെ 12 മേശകളിൽ മൂന്ന് മേശകളിലാണ് ഞാൻ ഭക്ഷണം വിളമ്പിയിരുന്നത്. അതിലൊന്നിൽ അൻസിയും സുഹൃത്തുക്കളും ഉണ്ടായിരുന്നു. രാത്രി 7.30-ഓടെയാണ് അൻസിയും സുഹൃത്തുക്കളും ഹോട്ടലിലെത്തിയത്. ഷൈജു ഉൾപ്പെടെ മറ്റുള്ളവരെല്ലാം നേരത്തെ എത്തിയിരുന്നു. സ്ഥിരം സന്ദർശകയായതിനാൽ അൻസിക്ക് എന്നെ പരിചയമുണ്ട്. അതിനാൽ കൊച്ചിയിൽ നടക്കുന്ന ഷൂട്ടിങ്ങിനെ സംബന്ധിച്ചെല്ലാം എന്നോട് പറഞ്ഞിരുന്നു. എന്റെ പഠനത്തെക്കുറിച്ചും കുടുംബത്തിന്റെ വിശേഷങ്ങളും തിരക്കി.

മദ്യവും ഫ്രഞ്ച് ഫ്രൈസുമാണ് അവർ ആദ്യം ഓർഡർ ചെയ്തത്. അൻസിയും അൻജനയും മദ്യപിച്ചിരുന്നില്ല. എന്നാൽ ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേർ മദ്യം കഴിച്ചു. പിന്നീട് അവർ ഭക്ഷണം കഴിക്കുകയും അതിനുശേഷം നൃത്തം ചെയ്യുകയും ചെയ്തു. ഇതിനിടെ, അൻജന മറ്റുള്ളവരിൽ ചിലരുമായി സംസാരിച്ചിരുന്നു. ഷൈജുവും റോയി വയലാട്ടും അവരോട് സംസാരിക്കുന്നതും കണ്ടു. 11.30-ഓടെയാണ് അവർ പാർട്ടി കഴിഞ്ഞ് മടങ്ങിയത്. അൻസിയാണ് 1550 രൂപയുടെ ബിൽ ഗൂഗിൾപേ വഴി അടച്ചത്. പോകുമ്പോൾ അടുത്ത ബുധനാഴ്ച വീണ്ടും വരുമെന്നും ഒരാഴ്ച കൂടി കൊച്ചിയിലെ ഷൂട്ടിങ് നീളുമെന്നും അൻസി പറഞ്ഞിരുന്നു.

എന്നാൽ 12.15-ഓടെ ഹോട്ടലിലെ റിസപ്ഷനിൽ എത്തിയപ്പോൾ അൻസിയെയും അൻജനയെയും ഹോട്ടലിന് മുന്നിൽ കണ്ടു. അവർ രണ്ടുപേരും റോയിയോടും ഷൈജുവിനോടും സംസാരിച്ചുനിൽക്കുകയായിരുന്നു. ആ സമയത്തും അൻസിയെ സന്തോഷവതിയായാണ് കണ്ടത്. പക്ഷേ, വാഹനം ഓടിച്ചിരുന്നയാൾ മദ്യലഹരിയിലായിരുന്നു. രാവിലെ വരെ അവിടെ വിശ്രമിക്കാൻ ഷൈജുവും റോയിയും അവരോട് പറഞ്ഞു. അക്കാര്യം ഞാൻ കേട്ടതാണ്. എന്നാൽ ഹോട്ടലിൽനിന്ന് പോകാനാണ് അവർ താത്പര്യപ്പെട്ടത്. പക്ഷേ, ഡ്രൈവർക്ക് ആ വാഹനം നിയന്ത്രിക്കാൻ പോലും കഴിഞ്ഞിരുന്നില്ല. പിന്നീട് ഷൈജു അവരെ പിന്തുടർന്ന് പോവുകയും ചെയ്തു. ഒരുമണിക്കൂറിന് ശേഷം ഹോട്ടലിലെ മറ്റൊരു ജീവനക്കാരനെ റോയി ഫോൺ ചെയ്തപ്പോളാണ് അപകടവിവരം അറിയുന്നത്. ഷൈജുവാണ് റോയി വയലാട്ടിനെ അപകടവിവരം അറിയിച്ചത്.

കാർ അപകടത്തിൽപ്പെട്ടെന്നും അവിടെപ്പോയി സഹായിക്കണമെന്നുമാണ് റോയി ആവശ്യപ്പെട്ടത്. ഇതനുസരിച്ച് എന്റെ സഹപ്രവർത്തകരായ ഡാരിയൽ, ജിജോ, ആന്റണി എന്നിവർ അപകടസ്ഥലത്തേക്ക് പോയെങ്കിലും അപകടത്തിൽപ്പെട്ടവരെ അപ്പോഴേക്കും ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടർന്ന് അവർ ആശുപത്രിയിൽ എത്തിയപ്പോളാണ് അൻസിയും അൻജനയും മരിച്ചെന്ന വിവരമറിയുന്നത്. നിലവിൽ മാധ്യമങ്ങളിൽ വരുന്ന വാർത്തകളിൽ പലതും യാഥാർഥ്യമല്ല. അന്നത്തെ പാർട്ടിയിൽ വി.ഐ.പി.കളാരും പങ്കെടുത്തിരുന്നില്ല. എല്ലാവരും റോയി വയലാട്ടിന്റെ അടുത്ത സുഹൃത്തുക്കളായിരുന്നു. ഹോട്ടലിൽ വെച്ച് വാക്കുതർക്കമോ മറ്റുപ്രശ്‌നങ്ങളോ ഉണ്ടായിട്ടില്ല.

എക്‌സൈസ് നടപടി ഭയന്നാണ് സിസിടിവി ദൃശ്യങ്ങൾ സൂക്ഷിച്ച ഹാർഡ് ഡിസ്‌ക് റോയി നശിപ്പിച്ചത്. അതിന് മുമ്പുള്ള ദിവസം ഹോട്ടലിൽ എക്‌സൈസ് റെയ്ഡ് നടത്തിയിരുന്നു. രാത്രി ഒമ്പത് മണിക്ക് ശേഷം മദ്യം വിളമ്പിയതിന് ബാർ ലൈസൻസ് റദ്ദാക്കുമെന്ന് എക്‌സൈസ് അധികൃതർ മുന്നറിയിപ്പ് നൽകുകയും ചെയ്തു. എന്നാൽ ഒക്ടോബർ 31-നും രാത്രി 11.30 വരെ മദ്യം വിളമ്പിയിരുന്നു. ഇക്കാര്യമറിഞ്ഞാൽ എക്‌സൈസ് നടപടി സ്വീകരിക്കുമെന്നതിനാലാകാം ഹോട്ടലുടമ ഹാർഡ് ഡിസ്‌ക് നശിപ്പിച്ചത്.

Next Story