അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം; നാല് ദിവസം പ്രായമായ കുഞ്ഞ് മരിച്ചു
ഔദ്യോഗിക കണക്കനുസരിച്ച് കഴിഞ്ഞ വർഷം അട്ടപ്പാടിയിൽ 9 കുഞ്ഞുങ്ങളാണ് മരിച്ചത്.
1 March 2022 4:23 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം. ഷോളയൂർ വട്ടലക്കി സ്വദേശികളായ അയ്യപ്പൻ നഞ്ചമ്മാൾ ദമ്പതികളുടെ ആൺ കുഞ്ഞാണ് മരിച്ചത്.പാലക്കാട് ജില്ലാ ആശുപത്രിയിൽ വെച്ചാണ് മരണം. കഴിഞ്ഞ 26നാണ് കുഞ്ഞ് ജനിച്ചത്.
ഔദ്യോഗിക കണക്കനുസരിച്ച് കഴിഞ്ഞ വർഷം അട്ടപ്പാടിയിൽ 9 കുഞ്ഞുങ്ങളാണ് മരിച്ചത്. അടുത്തടുത്ത ദിവസങ്ങളിലായി നാലു കുഞ്ഞുങ്ങൾ വരെ മരിച്ച സന്ദർഭം അട്ടപ്പാടിയിലുണ്ടായിട്ടുണ്ട്. സംഭവം വലിയ വിവാദമായപ്പോള്‍ ആരോഗ്യമന്ത്രി വീണാ ജോർജും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ എന്നിവർ അട്ടപ്പാടി സന്ദർശിച്ചിരുന്നു.
കോട്ടത്തറ ട്രൈബൽ ആശുപത്രിയിലെ സൗകര്യക്കുറവാണ് ശിശു മരണം കൂടുന്നതിന് കാരണമെന്ന ആരോപണമുണ്ടായിരുന്നു. അട്ടപ്പാടിയിലെ ഗർഭിണികൾക്ക് വേണ്ട പോഷകാഹാരം ലഭിക്കുന്നില്ലെന്ന് പരാതിയുമുയർന്നിരുന്നു. ചെറിയ ആരോഗ്യ പ്രശ്നങ്ങളുള്ളവരെപ്പോലും ചികിത്സിക്കാനുളള സൗകര്യം കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ ഇല്ലെന്ന് ആശുപത്രി സൂപ്രണ്ട് തന്നെ വ്യക്തമാക്കിയിരുന്നു.
കോട്ടത്തറ ആശുപത്രിയിൽ വേണ്ടത്ര സൗകര്യങ്ങളില്ലെന്നും ആംബുലൻസ് പോലും ഇല്ലെന്നുമുളള ആക്ഷേപങ്ങൾ ഉയർന്നതോടെ ആശുപത്രി സൂപ്രണ്ട് ഡോ പ്രഭുദാസിനെ സ്ഥാനത്ത് നിന്ന് മാറ്റി അട്ടപ്പാടിക്കായി കർമ പദ്ധതി സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ അട്ടപ്പാടിയിലെ ഗുരുതര അവസ്ഥകള്‍ വെളിപ്പെടുത്തുന്ന ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ടും പുറത്ത വന്നു. അട്ടപ്പാടിയിലെ ഗര്‍ഭിണികളുടെ സ്ഥിതി അതീവ ഗുരുതരമെന്നായിരുന്നു ആരോഗ്യ വകുപ്പിന്റെ പുതിയ റിപ്പോര്‍ട്ട്.
അട്ടപ്പാടിയിലെ ശിശു മരണത്തെ തുടര്‍ന്ന് നടത്തിയ കണക്കെടുപ്പിന്റെ റിപ്പോര്‍ട്ടാണ് പുറത്ത് വന്നത്. നിലവില്‍ അട്ടപ്പാടിയിലെ 58 ശതമാനം ഗര്‍ഭിണികളും ഹൈ റിസ്‌ക് വിഭാഗത്തിലാണെന്നായിരുന്നു റിപോര്‍ട്ട് സൂചിപ്പിച്ചത്. മാത്രമല്ല നാലിലൊന്ന് ഗര്‍ഭിണികള്‍ക്കും ആവശ്യമായ ശരീരഭാരം ഇല്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രക്തക്കുറവ്, പോഷകാഹാരക്കുറവ്, ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചക്കുറവ്, അരിവാള്‍ രോഗം, ഗര്‍ഭം അലസാന്‍ സാധ്യതയുള്ളവര്‍ ഗര്‍ഭിണിയുടെ ഭാരക്കുറവ്, ജന്മനാ പ്രമേഹമുള്ളവര്‍ എന്നിങ്ങനെ നിരവധി മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ഗര്‍ഭിണികളെ ഹൈറിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
STORY HIGHLIGHTS: Newborn Baby Death Continues in Attappady; A four-Day-Old Baby Also Died
- TAGS:
- Keralam
- Attappady
- Infant Death