
ഇന്ത്യ-പാകിസ്താൻ സംഘർഷങ്ങളെ തുടർന്ന് നിർത്തിവെച്ച ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിന്റെ 18-ാം പതിപ്പ് പുനരാരംഭിക്കുന്നതിന് കേന്ദ്ര സർക്കാർ അനുമതി കാത്ത് ബിസിസിഐ. ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയ സ്പോർട്സ്റ്റാറിനോട് ഇക്കാര്യം വ്യക്തമാക്കി. 'ഏഴ് ദിവസത്തേയ്ക്കാണ് ഐപിഎൽ നിർത്തിവെച്ചത്. ഇപ്പോൾ മൂന്ന് ദിവസം കഴിഞ്ഞു. ഇനി നാല് ദിവസം ബാക്കിയുണ്ട്. രാജ്യത്തെ സാഹചര്യങ്ങൾ ബിസിസിഐ അതിസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. ഐപിഎൽ പുനരാരംഭിക്കുന്ന കാര്യത്തിൽ ടീമുകളോടും കേന്ദ്ര സർക്കാരിനോടും ചർച്ച ചെയ്യേണ്ടതുണ്ട്,' സൈക്കിയ പറഞ്ഞു.
'രാജ്യത്തെ പ്രത്യേക സാഹചര്യത്തിൽ ഐപിഎൽ പുനരാരംഭിക്കുന്നതിൽ കേന്ദ്ര സർക്കാർ സമ്മതം നൽകേണ്ടതുണ്ട്. ടീമുകളുമായുള്ള ചർച്ചയും കേന്ദ്ര സർക്കാർ അനുമതിയും പൂർത്തിയായാൽ ഉടൻ തന്നെ ഐപിഎൽ പുനരാരംഭിക്കുന്ന കാര്യത്തിൽ വ്യക്തത വരുത്തും,' സൈക്കിയ വ്യക്തമാക്കി.
മെയ് 16ന് ഐപിഎൽ പുനരാരംഭിക്കുമെന്നാണ് ബിസിസിഐ വൃത്തങ്ങൾ നൽകുന്ന സൂചന. ഇതിനെതുടർന്ന് ഐപിഎൽ ടീമുകൾ വിദേശതാരങ്ങളോട് ടീമിനൊപ്പം ചേരാൻ അറിയിച്ചിട്ടുണ്ട്. ജൂണിൽ അന്താരാഷ്ട്ര ക്രിക്കറ്റ് ആരംഭിക്കുമെന്നതിനാൽ മെയ് 30ന് മുമ്പ് തന്നെ ഐപിഎൽ പൂർത്തിയാക്കാനാണ് ബിസിസിഐ ശ്രമം.
ഐപിഎല്ലിൽ 17 മത്സരങ്ങൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. ടൂർണമെന്റിന്റെ പ്ലേ ഓഫിലേക്കുള്ള പോരാട്ടം കടുത്തിരിക്കെയാണ് ടൂർണമെന്റ് നിർത്തലാക്കേണ്ടി വന്നത്. 11 മത്സരങ്ങളിൽ നിന്നായി 16 പോയിന്റ് നേടിയ ഗുജറാത്ത് ടൈറ്റൻസ് ഒന്നാമതും സമാനസ്ഥിതിയിലുള്ള റോയൽ ചലഞ്ചേഴ്സ് രണ്ടാം സ്ഥാനത്തുമുണ്ട്. 11 മത്സരങ്ങളിൽ നിന്നായി 15 പോയിന്‍റുള്ള പഞ്ചാബ് മൂന്നാം സ്ഥാനത്തും 12 മത്സരങ്ങളിൽ നിന്നായി 14 പോയിന്‍റുള്ള മുംബൈ ഇന്ത്യൻസ് നാലാമതുമുണ്ട്.
13 പോയിന്‍റുമായി അഞ്ചാം സ്ഥാനത്തുള്ള ഡല്‍ഹി ക്യാപിറ്റൽസിനും 11 പോയന്‍റുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനും 10 പോയിന്‍റുള്ള ലഖ്നൗ സൂപ്പർ ജയന്റ്സിനും പ്ലേ ഓഫ് സാധ്യകൾ നിലനിൽക്കുന്നു. ഏഴ് പോയിന്‍റ് മാത്രമുള്ള ഹൈദരാബാദും ആറ് പോയിന്‍റ് വീതമുള്ള രാജസ്ഥാനും ചെന്നൈയും പ്ലേ ഓഫിലെത്താതെ പുറത്തായി.
Content Highlights: BCCI awaits government clarity before initiating resumption plans