Top

നമ്പര്‍ പ്ലേറ്റില്ലാതെ അഭ്യാസ പ്രകടനം; 'അബിമോംസ്' എംവിഡിയുടെ പിടിയില്‍, ലൈസന്‍സ് റദ്ദാക്കും

3 Sep 2022 12:00 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നമ്പര്‍ പ്ലേറ്റില്ലാതെ അഭ്യാസ പ്രകടനം; അബിമോംസ് എംവിഡിയുടെ പിടിയില്‍, ലൈസന്‍സ് റദ്ദാക്കും
X

തിരുവനന്തപുരം: ബെെക്കിൽ അഭ്യാസ പ്രകടനങ്ങൾ നടത്തി മറ്റുള്ളവരുടെ മുന്നിൽ ഹീറോയാകാൻ ശ്രമിക്കുന്ന ചെറുപ്പക്കാർ എംവിഡിയുടെ സ്ഥിരം നോട്ടപ്പുളളികളാണ്. ഇത്തരക്കാരെ ഉപദേശിക്കുന്നതും സുരക്ഷ നിർദേശങ്ങൾ നൽകുന്നതും പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും മുടങ്ങാത്ത ജോലിയായി മാറി. അഭ്യാസത്തിനിറങ്ങുന്ന ബൈക്കുകളിൽ നിന്ന് നമ്പർ പ്ലേറ്റ് നീക്കുന്നതും അധികൃതർക്ക് വലിയ വെല്ലുവിളിയാണ്. എന്നാൽ ഇത്തരത്തിൽ അഭ്യാസത്തിനിറങ്ങിയ കിളിമാനൂർ സ്വദേശിയുടെ ബൈക്ക് കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ് എം വി ഡി ഉദ്യോഗസ്ഥർ.

അബിമോംസ് എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയായിരുന്നു ബെെക്ക് പ്രകടനങ്ങൾ തുടർച്ചയായി പോസ്റ്റ് ചെയ്തിരുന്നത്. തിരക്കുള്ള ദേശീയ പാതയിലും സംസ്ഥാന പാതയിലുമുൾപ്പെടെയാണ് അഭ്യാസം നടന്നിരുന്നതെന്നാണ് ദൃശ്യങ്ങൾ സൂചിപ്പിക്കുന്നത്. വീഡിയോ വൈറലായതിനെ തുടർന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഉദ്യോഗസ്ഥർ ഈ വാഹനം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. ഒടുവിൽ തിരുവനന്തപുരം കാരേറ്റിൽ നിന്നാണ് ബൈക്ക് പിടിച്ചെടുത്തത്. കിളിമാനൂർ സ്വദേശി അഭിലാഷ് വിജയന്റെ പേരിലുള്ള ബൈക്കാണ് കസ്റ്റഡിയിലെടുത്തത്.

എന്നാൽ അഭിലാഷ് വിജയന്റെ ഉടമസ്ഥതയിലാണ് ബൈക്ക് എങ്കിലും ഇയാളുടെ സുഹൃത്തുകളാണ് ബൈക്ക് അഭ്യാസത്തിനിറങ്ങിയത്. പിടിയിലായപ്പോൾ വാഹനമോടിച്ചിരുന്നയാളെയും കൂടെയുണ്ടായിരുന്ന ആളേയും മോട്ടോർ വാഹന വകുപ്പ് പൊലീസിന് കൈമാറി. ഈ ബൈക്കിന്റെ രജിസ്‌ട്രേഷൻ റദ്ദാക്കാനും ഓടിച്ച യുവാക്കളുടെ ലൈസൻസ് റദ്ദാക്കാനുമുൾപ്പെടെയുള്ള കർശന നടപടികൾക്കാണ് മോട്ടോർ വാഹന വകുപ്പ് ഒരുങ്ങുന്നത്. കൂടുതൽ നടപടികൾ വൈകാതെ വെളിപ്പെടുത്തുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

STORY HIGHLIGHTS: MVD caught modified Bike for racing without number plate

Next Story