Top

'പൂത്തിരി കത്തിക്കാന്‍ സ്ഥിരം സംവിധാനം, തെളിവ് നശിപ്പിക്കാന്‍ പെയിന്റ് അടിച്ചു'; കൊമ്പന്റേത് വന്‍ നിയമലംഘനം

സംഭവത്തില്‍ കൊമ്പന്‍ ബസ് മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

5 July 2022 6:57 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പൂത്തിരി കത്തിക്കാന്‍ സ്ഥിരം സംവിധാനം, തെളിവ് നശിപ്പിക്കാന്‍ പെയിന്റ് അടിച്ചു; കൊമ്പന്റേത് വന്‍ നിയമലംഘനം
X

കൊല്ലം: പെരുമണ്‍ എന്‍ജിനീയറിംഗ് കോളേജില്‍ നിന്നും വിനോദ യാത്ര പുറപ്പെടും മുമ്പ് ബസിന് മുകളില്‍ പൂത്തിരി കത്തിച്ച സംഭവത്തില്‍ നിയമ ലംഘനം നടന്നതായി കണ്ടെത്തല്‍. പൂത്തിരി കത്തിക്കാന്‍ മാത്രമായി ബസിന് മുകളില്‍ ഒരു സ്ഥിരം സംവിധാനം ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ബസിന് മുകളില്‍ തീ പടര്‍ന്നത് അനധികൃതമായി സ്ഥാപിച്ച ഇലക്ട്രിക് വയറിലെ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമെന്നാണ് കണ്ടെത്തല്‍.

'യാത്രയാരംഭിക്കുമ്പോള്‍ ബസിന് മുകളില്‍ അനധികൃതമായി സ്ഥാപിച്ച പല നിറത്തിലുള്ള ഒമ്പത് ലൈറ്റുകളുണ്ടായിരുന്നു. തിരിച്ചെത്തിയപ്പോള്‍ അതെല്ലാം ഇളക്കി മാറ്റിയിരുന്നു. ഇതിന് പുറമേ തീപടര്‍ന്ന സ്ഥലങ്ങളിലെല്ലാം പെയിന്റ് അടിച്ച് തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. രണ്ടാമത്തെ വാഹനത്തില്‍ പൂത്തിരി കത്തിക്കുന്നതിനെ പ്രത്യേകം സംവിധാനം ഉണ്ട്. അതിന് യാതൊരു സുരക്ഷിതത്വവും ഇല്ല. വാഹനത്തിലെ മറ്റ് ക്രമക്കേടുകള്‍ നോട്ട് ചെയ്തിട്ടുണ്ട്. സംഭവത്തിന്റെ തുടര്‍ അന്വേഷണത്തിന് ഏത് സമയത്ത് ആവശ്യപ്പെട്ടാലും ബസ് ഹാജരാക്കും എന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്.' മോട്ടര്‍ വാഹനവകുപ്പ് എന്‍ഫോഴ്‌സ്‌മെന്റിന്റേതാണ് പ്രതികരണം.

സംഭവത്തില്‍ കൊമ്പന്‍ ബസ് മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആലപ്പുഴയിലെ പുന്നപ്രയില്‍ നിന്നും തകഴിയില്‍ നിന്നുമാണ് ബസുകള്‍ കസ്റ്റഡിയിലെടുത്തത്. പല സ്ഥലങ്ങളിലും ബസ് പിടിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് പരിശോധന നടത്തിയിരുന്നു. മോട്ടോര്‍ വാഹന വകുപ്പിനെ കബളിപ്പിച്ച് കടക്കുന്നതിനിടെയാണ് പിടിയിലായത്. െകാല്ലം പെരുമണ്‍ എന്‍ജിനീയറിങ് കോളേജില്‍ വിനോദ യാത്ര പോകുന്നതിന് മുമ്പ് കോളേജ് വിദ്യാര്‍ത്ഥികളെ ആവേശം കൊള്ളിക്കാനായിരുന്നു ബസിന് മുകളില്‍ പൂത്തിരി കത്തിച്ചത്. പൂത്തിരിയില്‍ നിന്ന് തീ ബസിലേക്ക് പടരുകയായിരുന്നു. ജീവനക്കാരന്‍ തീ അണച്ചതിനാലാണ് അപകടം ഒഴിവായത്. എന്നാല്‍ ബസിന് തീപിടിച്ചതിന് പിന്നില്‍ ബസ് ജീവനക്കാരാണ് ഉത്തരവാദികളെന്നും കോളേജിന് ഇതില്‍ പങ്കില്ലെന്നും പ്രിന്‍സിപ്പള്‍ വ്യക്തമാക്കിയിരുന്നു.

Next Story