Top

'വിദേശ എഡിഷനിലെ ചില വാര്‍ത്തകള്‍ തെറ്റായിരുന്നു'; അതാണ് ജലീല്‍ സൂചിപ്പിച്ചതെന്ന് എംവി ജയരാജന്‍

''പാര്‍ട്ടി ഒരു മാധ്യമത്തെയും നിരോധിക്കുന്നതിനോട് യോജിക്കുന്നില്ല..''

23 July 2022 9:30 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിദേശ എഡിഷനിലെ ചില വാര്‍ത്തകള്‍ തെറ്റായിരുന്നു; അതാണ് ജലീല്‍ സൂചിപ്പിച്ചതെന്ന് എംവി ജയരാജന്‍
X

ഒരു മാധ്യമസ്ഥാപനവും നിരോധിക്കണമെന്ന നിലപാട് സിപിഐഎമ്മിനില്ലെന്ന് പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. വിദേശ എഡിഷനിലെ ചില വാര്‍ത്തകള്‍ വന്നപ്പോള്‍ അത് തെറ്റായിരുന്നു, അത് ചിലരെ അപമാനിക്കുന്നതായിരുന്നു. ഇതാണ് ജലീല്‍ സൂചിപ്പിച്ചതെന്ന് ജയരാജന്‍ പറഞ്ഞു.

എം.വി ജയരാജന്‍ പറഞ്ഞത്: ''മാധ്യമത്തെ നിരോധിക്കണമെന്ന അഭിപ്രായം പാര്‍ട്ടിക്കില്ല. ജലീല്‍ ചെയ്യുന്നതായി പറയുന്നത് വിദേശത്തെ എഡിഷനില്‍ ചില വാര്‍ത്തകള്‍ വന്നപ്പോള്‍ അത് തെറ്റായിരുന്നു. അത് ചിലരെ അപമാനിക്കുന്നതായിരുന്നു. അതാണ് സൂചിപ്പിച്ചത്. പാര്‍ട്ടി ഒരു മാധ്യമത്തെയും നിരോധിക്കുന്നതിനോട് യോജിക്കുന്നില്ല.''

'മാധ്യമം' നിരോധിക്കുക എന്നത് പാര്‍ട്ടി നിലപാടല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കിയിരുന്നു.

മാധ്യമം ദിനപത്രം നിരോധിക്കാന്‍ ഇടപെട്ടുവെന്ന ആരോപണം നിഷേധിച്ച് കെ ടി ജലീലും കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. മാധ്യമം പത്രം പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ നിജസ്ഥിതി അറിയാന്‍ താന്‍ കോണ്‍സുല്‍ ജനറലിന് ഒരു മെയില്‍ മാത്രമാണ് അയച്ചതെന്നാണ് ജലീല്‍ പറഞ്ഞത്.

''കൊവിഡ് കാലത്ത് നിരവധി ആളുകള്‍ ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് തിരിച്ചുവന്നു. സര്‍ക്കാരിന് ചെയ്യാന്‍ പറ്റുന്നത് സര്‍ക്കാരും ചെയ്തു. യുഎഇ സര്‍ക്കാര്‍ അവര്‍ക്ക് കഴിയുന്നത് പോലെ പ്രവാസികളെ സംരക്ഷിച്ചു. ആ ഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി കൊണ്ട് മാധ്യമം പത്രം ഗള്‍ഫ് രാജ്യങ്ങളില്‍ മരിച്ച ആളുകളുടെ ഫോട്ടോ ഉള്‍പ്പെടുത്തി ഫീച്ചര്‍ പ്രസിദ്ധീകരിച്ചു. അത് പ്രവാസികള്‍ക്കിടയില്‍ വലിയ അങ്കലാപ്പുണ്ടാക്കി. ആ ഘട്ടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ മാധ്യമം പത്രത്തിനെതിരെ പ്രതികരിച്ചു. ആ സന്ദര്‍ഭത്തില്‍ നിജസ്ഥിതി അറിയാന്‍ ഒരു വാട്‌സ്ആപ്പ് സന്ദേശം യുഎഇ കോണ്‍സുല്‍ ജനറലിന്റെ പിഎയ്ക്ക് അയച്ചു. മെയിലില്‍ നിന്ന് കോണ്‍സല്‍ ജനറലിന്റെ ഔദ്യോഗിക മെയിലിലേക്ക് കോപ്പി ഫോര്‍വേര്‍ഡും ചെയ്തു. പത്രം നിരോധിക്കണം എന്ന് എവിടേയും പറഞ്ഞിട്ടില്ല.'' ജലീല്‍ വിശദീകരിച്ചു.

Next Story