Top

'സംഘപരിവാറിന് എതിരെയുള്ള പോരാട്ടത്തില്‍ അണിചേരുന്ന നിലപാട് ആര് സ്വീകരിച്ചാലും പിന്തുണയ്ക്കും'; കാനത്തിന് മറുപടിയുമായി എം വി ഗോവിന്ദന്‍

ഇതിനെ മുന്നണി പ്രവേശന വിഷയമായി കൂട്ടിക്കുഴയ്‌ക്കേണ്ടതില്ലെന്നും അദ്ദേഹം പറയുന്നുണ്ട്

15 Dec 2022 3:59 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സംഘപരിവാറിന് എതിരെയുള്ള പോരാട്ടത്തില്‍ അണിചേരുന്ന നിലപാട് ആര് സ്വീകരിച്ചാലും പിന്തുണയ്ക്കും; കാനത്തിന് മറുപടിയുമായി എം വി ഗോവിന്ദന്‍
X

തിരുവനന്തപുരം: സംഘപരിവാറിന് എതിരെയുള്ള പോരാട്ടത്തില്‍ അണിചേരുന്ന നിലപാട് ആര് സ്വീകരിച്ചാലും പിന്തുണയ്ക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇത്തരം നിലപാടുകളെ തുറന്ന മനസോടെ സ്വീകരിക്കാന്‍ പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. ദേശാഭിമനിയില്‍ എഴുതിയ ലേഖനത്തിലാണ് പ്രതികരണം.

'കേരളത്തിന്റെ വികസനത്തിന് വേണ്ടിയും സംഘപരിവാറിന്റെ രാഷ്ട്രീയ അജണ്ടകള്‍ക്കെതിരായുമുള്ള പോരാട്ടത്തില്‍ അണി ചേരുന്ന നിലപാട് ആര് സ്വീകരിച്ചാലും അതിനെ പിന്തുണയ്ക്കാനും പ്രോത്സാഹിപ്പിക്കാനും സിപിഐഎം എന്നും മുന്നിലുണ്ടാകും. ഇതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തില്‍ വര്‍ത്തമാന കാലത്തുണ്ടായ വിഴിഞ്ഞം പ്രശ്‌നത്തിലും ഗവര്‍ണറുടെ പ്രശ്‌നത്തിലും മുസ്ലീംലീഗ് ഉള്‍പ്പടെയുള്ളവര്‍ സ്വീകരിച്ച നിലപാടിനെ സ്വാഗതം ചെയ്തത്. അത്തരം നിലപാട് ആര് സ്വീകരിച്ചാലും അതിനെ തുറന്ന മനസോടെ സ്വീകരിക്കാന്‍ സിപിഐഎം പ്രതിജ്ഞാബദ്ധമാണ്', ലേഖനത്തില്‍ പറയുന്നു.

ഇതിനെ മുന്നണി പ്രവേശന വിഷയമായി കൂട്ടിക്കുഴയ്‌ക്കേണ്ടതില്ലെന്നും അദ്ദേഹം പറയുന്നുണ്ട്. വിഷയാധിഷ്ഠിതമായാണ് നിലപാട് സ്വാഗതം ചെയ്യുന്നതെന്നും ലേഖനത്തിലുണ്ട്. മുസ്ലീം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന സിപിഐഎം സെക്രട്ടറിയുടെ പ്രസ്താവനയെ വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് എം വി ഗോവിന്ദന്റെ പ്രതികരണം.

'കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന്റെ വികസനപരിശ്രമങ്ങളെ തുരങ്കംവെയ്ക്കുകയാണെന്നും ലേഖനത്തില്‍ വിമര്‍ശനമുണ്ട്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ കൈപ്പിടിയിലാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് സംഘപരിവാര്‍ നടത്തുന്നത്. ഗവര്‍ണര്‍ ഉന്നതവിദ്യാഭ്യാസ രംഗത്തെ മാത്രമല്ല, സംസ്ഥാനത്തിന്റെ വികസനത്തെയാകെ ദുര്‍ബലപ്പെടുത്തുന്ന സമീപനമാണ് സ്വീകരിക്കുന്നത്.

എല്‍ഡിഎപിന്റെ നിലപാടുകള്‍ യുഡിഎഫില്‍ പുതിയ പ്രശ്‌നങ്ങള്‍ രൂപപ്പെടുത്തി. സംഘപരിവാര്‍ അജണ്ടകളെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന്റെ നയങ്ങളേക്കാള്‍ ഇടതുപക്ഷത്തിന്റെ നയങ്ങള്‍ സ്വീകാര്യമാണെന്ന് യുഡിഎഫിലെ ഘടകകക്ഷികള്‍ പോലും ചിന്തിക്കുന്നുവെന്നത് രാജ്യത്തെ സംബന്ധിച്ചിടത്തോളം നല്ല സൂചനയാണ്', എം വി ഗോവിന്ദന്‍ പറയുന്നു.

Story Highlights: MV Govindan's Response On Muslim League Issue

Next Story