Top

എം വി ഗോവിന്ദന്റെ വകുപ്പുകള്‍ എം ബി രാജേഷിലേക്ക്; സജി ചെറിയാന് പകരം മന്ത്രിയില്ല

മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങള്‍ മോശമാണെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് പുതിയ മാറ്റങ്ങള്‍

2 Sep 2022 12:44 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എം വി ഗോവിന്ദന്റെ വകുപ്പുകള്‍ എം ബി രാജേഷിലേക്ക്; സജി ചെറിയാന് പകരം മന്ത്രിയില്ല
X

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റെടുത്ത പശ്ചാത്തലത്തില്‍ രാജിവെക്കുന്ന മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്ററുടെ വകുപ്പുകള്‍ എം ബി രാജേഷിന് കൈമാറും. സംസ്ഥാന എക്‌സൈസ്, തദ്ദേശ സ്വയംഭരണം, പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍, ഗ്രാമവികസനം, ടൗണ്‍ പ്ലാനിംഗ്, പ്രാദേശിക വികസന അതോറിറ്റി, കില തുടങ്ങി എം വി ഗോവിന്ദന്റെ മുഴുവന്‍ വകുപ്പുകളും എം ബി രാജേഷിന് കൈമാറും. മന്ത്രിസഭയിലെ രണ്ടാം സ്ഥാനക്കാരന്റെ വകുപ്പുകളാണ് എം ബി രാജേഷിന് ലഭിച്ചിട്ടുള്ളത്. അതേസമയം സജി ചെറിയാന് പകരം പുതിയ മന്ത്രിയെ ഇന്നത്തെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തെരഞ്ഞെടുത്തില്ല.

മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങള്‍ മോശമാണെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് പുതിയ മാറ്റങ്ങള്‍. സ്പീക്കര്‍ പദവിയില്‍ നിന്നാണ് എം ബി രാജേഷ് മന്ത്രിസഭയിലേക്കെത്തുന്നത്. പകരം എ എന്‍ ഷംസീറാണ് സ്പീക്കര്‍ പദവി നിര്‍വ്വഹിക്കുക. സീനിയോറിറ്റിക്ക് അനുസരിച്ച് സ്ഥാനം കിട്ടിയില്ലെന്ന ഷംസീറിന്റെ പരാതിക്ക് ഇതോടെ പരിഹാരം കാണാമെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. ഒപ്പം തന്നെ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നൊരു സ്പീക്കര്‍ എന്ന പ്രത്യേകതയും തീരുമാനത്തിന് പിന്നിലുണ്ട്.

രണ്ട് തവണ തുടര്‍ച്ചയായി പാലക്കാട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട എം ബി രാജേഷിന്റെ അപ്രതീക്ഷിത തോല്‍വിക്ക് പിന്നാലെയാണ് അദ്ദേഹത്തെ സിപിഐഎം തൃത്താലയില്‍ നിന്നും നിയമസഭയിലേക്ക് എത്തിച്ചത്. വി ടി ബല്‍റാമിനെതിരെയായിരുന്നു വിജയം. നിലവില്‍ സംസ്ഥാന കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ മുന്‍ അഖിലേന്ത്യാ പ്രസിഡണ്ടുമാണ്.

സിപിഐഎം പാര്‍ട്ടി സെക്രട്ടറിയേറ്റ് തീരുമാനിച്ച പുതിയ ചുമതലയും കഴിവിന്റെ പരമാവധി നിറവേറ്റാന്‍ ശ്രമിക്കുമെന്നാണ് നിയുക്ത മന്ത്രി എം ബി രാജേഷ് മാധ്യമങ്ങളോട് പ്രതികരിച്ചത്.'സ്പീക്കര്‍ എന്ന നിലയിലെ അനുഭവം വളരെ വിലപ്പെട്ടതായി കണക്കാക്കുന്നു. വലിയ പാരമ്പര്യമുളള കേരള നിയമസഭയുടെ അധ്യക്ഷ സ്ഥാനത്ത് ഇരുന്നുകൊണ്ട് നീതി പുലര്‍ത്തുന്ന വിധത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞുവെന്നാണ് കരുതുന്നത്. പ്രവര്‍ത്തനത്തെ വിലയിരുത്തേണ്ടത് ഞാനല്ല. ഏറ്റവും ഒടുവില്‍ നടന്ന നിയമസഭാ സമ്മേളനത്തിലെ ചര്‍ച്ചകളും സംവാദങ്ങളുടെ നിലവാരവും ഉളളടക്കവും കൊണ്ട് ശ്രദ്ധേയമായിരുന്നു. അങ്ങനെയുളള ഒരു സഭയുടെ സ്പീക്കറാവുക എന്നത് വിലപ്പെട്ട അനുഭവമാണ്.' എന്നായിരുന്നു സ്പീക്കര്‍ പ്രതികരിച്ചത്.

Next Story