Top

ജോജുവിന്റെ കുടുംബത്തിന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥ; നിരന്തരമായി കോണ്‍ഗ്രസ് ഭീഷണിയെന്ന് മുകേഷ്

അദ്ദേഹത്തിന്റെ വാഹനം തകര്‍ത്തവര്‍ക്ക് എതിരെ നല്‍കിയ കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദ്ദമുണ്ടെന്നും മുകേഷ് സഭയെ അറിയിച്ചു.

10 Nov 2021 10:21 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ജോജുവിന്റെ കുടുംബത്തിന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥ; നിരന്തരമായി കോണ്‍ഗ്രസ്  ഭീഷണിയെന്ന് മുകേഷ്
X

റോഡ് ഉപരോധിച്ചുളള പ്രതിഷേധ സമരത്തിന് എതിരെ പ്രതികരിച്ച നടന്‍ ജോജു ജോര്‍ജിനെ കോണ്‍ഗ്രസ് നിരന്തരം ഭീഷണിപ്പെടുത്തുന്നതായി നടനും എംഎല്‍എയുമായ മുകേഷ്. നിയമസഭയില്‍ സബ്മിഷന്‍ അവതരിപ്പിച്ച് കൊണ്ടാണ് എംഎല്‍എ ഇക്കാര്യം വെളിപ്പെടുത്തിയത്. ജോജുവിന്റെ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും വീടിന് പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യമാണ് ഉളളത്. ജോജുവിന്റെ സിനിമകളുടെ ചിത്രീകരണം തടസ്സപ്പെടുത്തുന്നതായും മുകേഷ് ആരോപിച്ചു.

ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലയിലുളള പ്രതികരണം മാത്രമാണ് ജോജുവില്‍ നിന്നുണ്ടായത്. ഇതിന്റെ പേരില്‍ ജോജുവിനെ മദ്യപാനിയെന്ന് അധിക്ഷേപിച്ചു. അദ്ദേഹത്തിന്റെ വാഹനം തകര്‍ത്തവര്‍ക്ക് എതിരെ നല്‍കിയ കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദ്ദമുണ്ടെന്നും മുകേഷ് സഭയെ അറിയിച്ചു.

എന്നാല്‍ ഇത്തരത്തില്‍ സിനിമാ ചിത്രീകരണം തടയുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് എതിരെയുളള കടന്നുകയറ്റമാണ്. ഇത് പൗരസ്വതന്ത്ര്യത്തിന്റെ പ്രശ്‌നം കൂടിയാണെന്ന് മുകേഷിന്റെ സബ്മിഷന് നല്‍കിയ മറുപടിയില്‍ മുഖ്യമന്ത്രി പറഞ്ഞു. ഇങ്ങനെ പ്രശ്‌നമുണ്ടാക്കിയവര്‍ക്ക് എതിരെ കര്‍ക്കശമായ നടപടി സ്വീകരിക്കും. അതിനെ നേരിടുന്നതിന് നാടൊന്നാകെ പിന്തുണയ്ക്കുന്ന അവസ്ഥയാണുണ്ടാവുക. അതാണ് നമ്മുടെ പാരമ്പര്യം.

നിയമം കയ്യിലെടുക്കാന്‍ ആരേയും അനുവദിക്കില്ല. ഒരാള്‍ എന്ത് കഴിക്കണം ഏത് വസ്ത്രം ധരിക്കണം എന്ന് മറ്റുളളവര്‍ തീരുമാനിക്കുന്നത് ഫാസിസ്റ്റ് മുറയാണ്. കൈയ്യൂക്ക് കാണിച്ച് കാര്യം നേടാമെന്ന് ആരും നോക്കേണ്ട. ഫാസിസ്റ്റ് രീതികള്‍ക്ക് വളക്കൂറുളള മണ്ണല്ല ഇതെന്ന് മനസ്സിലാക്കി ഇനിയെങ്കിലും അത്തരക്കാര്‍ സ്വയം പിന്മാറണം. പൗരസ്വാതന്ത്ര്യവും ജനാധിപത്യവും നിയമപാലനവും സര്‍ക്കാര്‍ ഉറപ്പാക്കുമെന്ന് മുകേഷിന്റെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

Next Story