Top

'ബിജെപിക്ക് ചൂട്ടുപിടിക്കുന്ന കോണ്‍ഗ്രസ് മഹാരാഷ്ട്രയിലേക്ക് നോക്കിയാല്‍ നല്ലത്'; ബിജെപിക്ക് വിലക്ക് വാങ്ങാനാകാത്തവരാണ് ഇടതുപക്ഷമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

''യുഡിഎഫ് നടത്തുന്ന അട്ടിമറി ശ്രമങ്ങള്‍ ബി.ജെ.പിക്ക് ഒരു ബാക്ക് ഡോര്‍ എന്റട്രിക്ക് കേരളത്തില്‍ കളമൊരുക്കാനാണ് ലക്ഷ്യമിടുന്നത്.''

24 Jun 2022 10:51 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബിജെപിക്ക് ചൂട്ടുപിടിക്കുന്ന കോണ്‍ഗ്രസ് മഹാരാഷ്ട്രയിലേക്ക് നോക്കിയാല്‍ നല്ലത്; ബിജെപിക്ക് വിലക്ക് വാങ്ങാനാകാത്തവരാണ് ഇടതുപക്ഷമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
X

സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി നടത്തുന്ന ശ്രമങ്ങള്‍ക്ക് ചൂട്ടുപിടിക്കുന്ന കോണ്‍ഗ്രസ്, മഹാരാഷ്ട്രയിലേക്ക് നോക്കുന്നത് നന്നായിരിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്.

ആറു വര്‍ഷമായി നഷ്ടമായ സംസ്ഥാന ഭരണം ഇനിയൊരിക്കല്ലും തിരിച്ചു ലഭിക്കില്ലെന്ന വിഭ്രാന്തിയില്‍ യുഡിഎഫ് നടത്തുന്ന അട്ടിമറി ശ്രമങ്ങള്‍ ബി.ജെ.പിക്ക് ഒരു ബാക്ക് ഡോര്‍ എന്റട്രിക്ക് കേരളത്തില്‍ കളമൊരുക്കാനാണ് ലക്ഷ്യമിടുന്നത്. വര്‍ഗീയതയ്‌ക്കെതിരെയുള്ള പോരാട്ടം ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള ഒരു പ്രത്യയ ശാസ്ത്ര പോരാട്ടം കൂടിയാണ്. പണവും ഭീഷണിയും കൊണ്ട് ബിജെപി നടപ്പിലാക്കുന്ന റിസോര്‍ട്ട് പൊളിറ്റിക്‌സിന് പകരം വയ്ക്കാന്‍ ജനപക്ഷത്തു നിന്നുകൊണ്ടുള്ള രാഷ്ട്രീയ ബദലിനേ കഴിയൂയെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി.

മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞത്: ''റിസോര്‍ട്ട് രാഷ്ട്രീയത്തിന്റെ മറാത്തി സന്ദേശം. മഹാരാഷ്ട്രയിലെ ശിവസേന- എന്‍.സി.പി- കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ തകര്‍ച്ചയിലേക്ക് എന്നതാണ് വാര്‍ത്തകള്‍. ഗവര്‍മെന്റിന്റെ ഭൂരിപക്ഷം നഷ്ടപ്പെടുത്താന്‍ ആവശ്യമായ എം.എല്‍.എമാരുമായി ശിവസേന വിമത നേതാവ് ആദ്യം ഗുജറാത്തിലെ സൂറത്തിലേയും ഇപ്പോള്‍ അസമിലെ ഗുഹാവട്ടിയിലേയും റിസോര്‍ട്ടുകളിലേക്ക് ചേക്കേറിയിരിക്കുകയാണ്. ബി.ജെ.പി ബിഹാറിലും, മധ്യപ്രദേശിലും, കര്‍ണാടകയിലും ഗോവയിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലുമെല്ലാം വിജയകരമായി നടപ്പിലാക്കിയ 'ഓപ്പറേഷന്‍ കമല്‍' മഹാരാഷ്ട്രയിലും നടപ്പിലാക്കുകയാണ്.''

''ജനഹിതത്തെ അന്വേഷണ ഏജന്‍സികളുടെ ദുരുപയോഗം വഴിയും പണവും പ്രലോഭനങ്ങളും നല്‍കിയും അട്ടിമറിക്കുന്നത് ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഒരു നിത്യ സംഭവമായി രാജ്യം ഭരിക്കുന്നവര്‍ തന്നെ മാറ്റുകയാണ്. രാജ്യത്തിന്റെ ഭരണഘടനയും മതനിരപക്ഷതയും കാത്തു സംരക്ഷിക്കാന്‍ നിയമ നിര്‍മ്മാണ സഭകളിലെ കേവല ഭൂരിപക്ഷത്തിന്റെ പിന്‍ബലം പോരാ എന്നതാണ് മഹാരാഷ്ട്ര നല്‍കുന്ന പാഠം. ഏതു വിധേനയും അധികാരത്തിന്റെ സുഖശീതളിമ കൈയാളുക എന്ന പ്രത്യയ ശാസ്ത്രം രക്തത്തില്‍ പേറുന്നവര്‍ക്ക് ബി.ജെ.പിയുടെ മണി&മസില്‍പവര്‍ എന്ന അപകടകരമായ കോക്ടെയിലിന്റെ സ്വാധീനത്തിനു വഴിപ്പെടാതെ പിടിച്ചു നില്‍ക്കാന്‍ സാധിക്കില്ല.''

''മതനിരപേക്ഷ മനസ്സുകളില്‍ വിശ്വാസ്യത ഇടതുപക്ഷത്തിനു വര്‍ദ്ധിക്കുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലാണ്. BJPക്ക് വിലക്ക് വാങ്ങാനാകാത്തവരാണ് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ എന്ന് ഒരോ സംഭവങ്ങളും ഇന്ത്യന്‍ മതനിരപേക്ഷ സമൂഹത്തെ ബോധ്യപ്പെടുത്തുന്നുണ്ട്. ജനാധിപത്യ മൂല്യങ്ങളുടെയും മതനിരപേക്ഷതയുടെയും അടിയുറച്ച രാഷ്ട്രീയ ബോധമാണ് ബി.ജെ.പിക്കുള്ള ബദല്‍. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ അതു കൊണ്ട് തന്നെ BJPയുടെ കണ്ണിലെ കരടാണ്. അതു തിരിച്ചറിയാതെ ജനങ്ങള്‍ അധികാരത്തിലേറ്റിയ ഭരണത്തെ അട്ടിമറിക്കാന്‍ ഇങ്ങു കേരളത്തില്‍ BJP നടത്തുന്ന ശ്രമങ്ങള്‍ക്ക് ചൂട്ടുപിടിക്കുന്ന കോണ്‍ഗ്രസ്, മഹാരാഷ്ട്രയിലേക്ക് നോക്കുന്നത് നന്നായിരിക്കും.''

''ആറു വര്‍ഷമായി നഷ്ടമായ സംസ്ഥാന ഭരണം ഇനിയൊരിക്കല്ലും തിരിച്ചു ലഭിക്കില്ല എന്ന വിഭ്രാന്തിയില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ കേരളത്തിലെ യു.ഡി.എഫ് നടത്തുന്ന അട്ടിമറി ശ്രമങ്ങള്‍ ബി.ജെ.പിക്ക് ഒരു ബാക്ക് ഡോര്‍ എന്റട്രിക്ക് കേരളത്തില്‍ കളമൊരുക്കാനാണ് ലക്ഷ്യമിടുന്നത്. വര്‍ഗ്ഗീയതയ്‌ക്കെതിരെയുള്ള പോരാട്ടം ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള ഒരു പ്രത്യയ ശാസ്ത്ര പോരാട്ടം കൂടിയാണ്. പണവും ഭീഷണിയും കൊണ്ട് ബി.ജെ.പി നടപ്പിലാക്കുന്ന റിസോര്‍ട്ട് പൊളിറ്റിക്‌സിന് പകരം വെക്കാന്‍ ജനപക്ഷത്തു നിന്നുകൊണ്ടുള്ള ഒരു തീക്ഷണമായ രാഷ്ട്രീയ ബദലിനേ കഴിയൂ. മഹാരാഷ്ട്ര അതു നമ്മെ വീണ്ടും ഓര്‍മ്മിപ്പിക്കുന്നു.''

Next Story