Top

'നിസ്സഹായ അവസ്ഥയില്‍ ചെയ്യുന്ന അധാര്‍മിക പ്രവൃത്തി'; എല്‍ജിബിറ്റിക്യു വിരുദ്ധ കുറിപ്പിനെതിരെ വിമര്‍ശനം

സ്വവർഗ രതിയെ മോഷണത്തോടാണ് മുഹമ്മജ് നജീബ് ഉപമിക്കുന്നത്

17 Jun 2022 3:26 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നിസ്സഹായ അവസ്ഥയില്‍ ചെയ്യുന്ന അധാര്‍മിക പ്രവൃത്തി; എല്‍ജിബിറ്റിക്യു വിരുദ്ധ കുറിപ്പിനെതിരെ വിമര്‍ശനം
X

കൊച്ചി: എല്‍ജിബിറ്റിക്യൂഐ വിരുദ്ധ കുറിപ്പ് വിവാദത്തില്‍. കോളേജ് അധ്യാപകനും പ്രാസംഗികനും ജമാ അത്തെ ഇസ്ലാമി പ്രവര്‍ത്തകനുമായ മുഹമ്മദ് നജീബിന്റെ കുറിപ്പാണ് ഇതിനകം വലിയ വിമര്‍ശനങ്ങള്‍ക്ക് വിധേയമായത്. സ്വവര്‍ഗരതി സമൂഹത്തിന്റെ അടിസ്ഥാനമായ കുടുംബ ഘടനയേയും ധാര്‍മിക സദാചാര മൂല്യങ്ങളേയും പ്രതികൂലമായി ബാധിക്കുന്നതാണെന്നും ഇസ്ലാമില്‍ അത് നിക്ഷിദ്ധമാണെന്നും ഡോ. മുഹമ്മജ് നജീബ് പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

'എല്‍ജിബിടിക്യൂഐ പ്രകൃതി വിരുദ്ധ ലൈംഗികതയിലേക്കുള്ള വാതില്‍' എന്ന വിഷയത്തില്‍ കണ്ണൂരിലെ ജമാ അത്തെ ഇസ്ലാമി സംഘടിപ്പിച്ച സെമിനാറിലെ പ്രഭാഷകന്‍ കൂടിയായിരുന്നു ഡോ. മുഹമ്മദ് നജീബ്. ജമാ അത്തെ ഇസ്ലാമി കണ്ണൂരിലെ വനിതാ വിഭാഗം സംഘടിപ്പിച്ച സൂം സെമിനാറും വിവാദമായിരുന്നു. സ്വവർഗ രതിയെ മോഷണത്തോടാണ് മുഹമ്മജ് നജീബ് ഉപമിക്കുന്നത്.

സ്വവര്‍ഗരതി പ്രവണതകളെ മനുഷ്യര്‍ക്ക് നിയന്ത്രിക്കാനുള്ള ശേഷിയുണ്ട്. മോഷണ പ്രവണതയുള്ള ഒരാള്‍ക്കും ശ്രമിച്ചാല്‍ മോഷ്ടിക്കാതിരിക്കാനാവും എന്നതുപോലെ, സ്വവര്‍ഗാനുരാഗിയായ ഒരാള്‍ സ്വവര്‍ഗ രതി ചെയ്യാന്‍ നിര്‍ബന്ധിതനല്ലെന്നുമാണ് മുഹമ്മജ് നജീബിന്റെ വാദം.

നിസ്സഹായാവസ്ഥയില്‍ ചെയ്യുന്ന അധാര്‍മ്മിക പ്രവൃത്തിയാണിത്. സ്വവര്‍ഗ രതി തെറ്റാണെന്ന് അംഗീകരിക്കുകയും എന്നാല്‍ പലതരം ദൗര്‍ബല്യങ്ങള്‍ കാരണം അതിലേര്‍പ്പെട്ടു പോവുകയും പിന്തിരിയണം എന്നാഗ്രഹിക്കുകയും ചെയ്യുന്ന മനുഷ്യരെ തിരിച്ചു വരാന്‍ സഹായിക്കേണ്ടത് മറ്റുള്ളവരുടെ കൂടി ബാധ്യതയാണെന്നും മുഹമ്മദ് നജീബ് പറഞ്ഞുവെക്കുന്നു.

ലൈംഗിക ബന്ധങ്ങള്‍ക്കുള്ള ഇസ്ലാമികമായ ഒരേയൊരു അടിസ്ഥാനം വിവാഹ ബന്ധമാണ്. അതാകട്ടെ ആണിനും പെണ്ണിനും ഇടയിലാണ് നടക്കുക. ഇതിനു പുറത്തുള്ള ബന്ധങ്ങള്‍ ഒഴിവാക്കാനും ക്ഷമാപൂര്‍വം പ്രലോഭനങ്ങളോട് പോരാടാനും എല്ലാ മനുഷ്യരും ബാധ്യസ്ഥരാണ്. ഇസ്‌ലാമില്‍ സ്വവര്‍ഗരതി നിക്ഷിദ്ധതാണെന്നും അബ്ദുള്‍ നജീബ് പറഞ്ഞു.

രക്ഷിതാക്കള്‍ എന്ന നിലയില്‍ മക്കളെ കേള്‍ക്കാന്‍ തയാറാവുകയും അവരുടെ മാനസിക സംഘര്‍ഷങ്ങള്‍ മനസ്സിലാക്കുകയും ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. അത് ഇത്തരം 'ലൈംഗിക വൈകൃതങ്ങള്‍' രൂപപ്പെടുന്നതില്‍ പങ്കുവഹിക്കുന്നുണ്ടെന്നും മുഹമ്മദ് നജീബ് വിശദീകരിച്ചു.

മുഹമ്മദ് നജീബിന്റെ കുറിപ്പിനെതിരെ ഇതിനകം വലിയ വിമര്‍ശനമാണ് ഉയരുന്നത്. ജമാ അത്തെ അസ്ലാമി നടത്തികൊണ്ടിരിക്കുന്നത് സംഘടിതവും ആസൂത്രിതവുമായ ഹോമോഫോബിക് വംശീതയാണെന്നാണ് ഉയരുന്ന വിമര്‍ശനം. 'വംശീയതയും ആശാസ്ത്രീയതയും ഹോമോഫോബിയയും LGBTQIA+ കമ്മ്യൂണിറ്റിയെ അവഹേളിക്കുന്നതുമാണ് പരാമര്‍ശങ്ങള്‍. ജെന്റര്‍ ഓറിയന്റേഷനും സ്വവര്‍ഗ ലൈംഗികതയുള്‍പ്പെടെയുള്ള സര്‍വ്വ ലിംഗലൈംഗികതയും രോഗമാണെന്നും ചികിത്സിക്കേണ്ടതാണെന്നും മനോവൈകല്യമാണെന്നും ആഗോള ഗൂഢാലോചനയാണെന്നും ഫണ്ട് കിട്ടിയുള്ള തട്ടിപ്പാണെന്നും ലൈംഗികവൈകൃതമാണെന്നും പിന്നെ ശാസ്ത്രമെന്ന പേരില്‍ കുറേ നുണകളും തട്ടിക്കൂട്ടി അവിയല്‍ പരുവത്തില്‍, എന്നാല്‍ സോഫിസ്റ്റിക്കേറ്റഡ് ആക്കഡമിക് ഭാഷയില്‍ എഴുതിവെച്ചിട്ടുള്ള വംശീയ ചേരുവമാത്രമാണ് മിസ്റ്റര്‍ മുഹമ്മദ് നജീബ് ഈ കക്കിവെച്ചിരിക്കുന്ന ഛര്‍ദി' എന്ന് സോഷ്യല്‍ ആക്ടിവിസ്റ്റ് ഷഫീഖ് സുബൈദ ഹക്കിം ഫേസ്ബുക്കില്‍ കുറിച്ചു.

ഇസ്ലാമിന്റെ പൊതുകാഴ്ചപ്പാട് എന്താണ് എന്ന് വ്യക്തമായി അറിയുന്നത് കൊണ്ട് തന്നെ നിലവില്‍ 'ജമാഅത്തെ ഇസ്ലാമി'യുടെ വക്താക്കള്‍ക്ക് പ്രകൃതിവിരുദ്ധതയെ പറ്റി ക്‌ളാസ്സെടുക്കാന്‍ തോന്നുന്നതില്‍ എനിക്ക് പ്രത്യേകിച്ച് അത്ഭുതമൊന്നും തോന്നുന്നില്ലെന്ന് ട്രാന്‍സ്‌ജെന്റര്‍ ആക്ടിവിസ്റ്റും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ശീതള്‍ ശ്യാം അഭിപ്രായപ്പെട്ടു.

Next Story