Top

മനോരമയെ കൊന്നത് കഴുത്തറുത്ത്, പിന്നില്‍ നിന്നും ആക്രമിച്ചു, ക്രൂരകൊലപാതകം; പ്രതിയെ ഇന്ന് കേരളത്തിലെത്തിക്കും

10 Aug 2022 2:29 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മനോരമയെ കൊന്നത് കഴുത്തറുത്ത്, പിന്നില്‍ നിന്നും ആക്രമിച്ചു, ക്രൂരകൊലപാതകം; പ്രതിയെ ഇന്ന് കേരളത്തിലെത്തിക്കും
X

തിരുവനന്തപുരം: കേശവദാസപുരത്ത് വീട്ടമ്മയായ മനോരമയെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് റിപ്പോര്‍ട്ട്. കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷമാണ് പ്രതി മനോരമെ കിണറ്റില്‍ കൊണ്ടിട്ടതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ചെന്നൈയില്‍ നിന്ന് പിടിയിലായ ആദം അലിയെ ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും.

മനോരമയെ അതിഥി തൊഴിലാളിയായ പ്രതി കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ചാണെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ട്. പ്രതിയെ പിടികൂടിയ ശേഷമാണ് അതിക്രൂരമായ കൊലപാതകത്തെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടത്. മനോരമയെ പിന്നില്‍ നിന്നും പ്രതി ആക്രമിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ മനോരമ (68)യെ അടുത്ത വീട്ടിലെ കിണറ്റിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മനോരമയെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കിട്ടിയത്. മനോരമയുടെ ഭര്‍ത്താവ് ദിനരാജ് വീട്ടില്‍ ഇല്ലാതിരുന്ന സമയത്തായിരുന്നു സംഭവം. മനോരമയുടെ വീട്ടില്‍ നിന്നാണ് ഭക്ഷണവും പാകം ചെയ്യുന്നതിനും മറ്റുമായി ആദം അലി ഉള്‍പ്പടെയുള്ള തൊഴിലാളികള്‍ വെള്ളം എടുത്തിരുന്നത്.

സംഭവ ദിവസം അടുക്കളയിലായിരുന്ന മനോരമയെ പ്രതി പിന്നില്‍ നിന്ന് ആക്രമിക്കുകയായിരുന്നു. നിലവിളിച്ചപ്പോള്‍ വായ പൊത്തിപ്പിടിച്ചു. ശ്വാസം കിട്ടാതെ പരക്കം പായുന്നതിനിടെ മനോരമ ഉപയോഗിച്ചിരുന്ന കത്തിയെടുത്ത് കഴുത്ത് അറുക്കുകയായിരുന്നുവെന്നാണ് ആദം പൊലീസിന് നല്‍കിയ മൊഴി. മൃതദേഹത്തിന്റെ നെറ്റിയിലുള്ള ആഴത്തിലുള്ള ചതവ്, കിണറ്റിലിട്ടപ്പോള്‍ ഉണ്ടായതാണോയെന്നാണ് സംശയം.

സ്വര്‍ണം മോഷ്ടിക്കാന്‍ വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. മാലയും വളകളുമടക്കം ആറുപവനോളം ആഭരണങ്ങള്‍ മോഷണം പോയിട്ടുണ്ട്. അടുക്കളയില്‍വെച്ച് മനോരമയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വലിച്ചിഴച്ച് മതിലിനരികില്‍ എത്തിക്കുകയായിരുന്നു. ആറടിയോളം താഴ്ചയിലുള്ള തൊട്ടടുത്ത വീടിന്റെ സണ്‍ഷേഡില്‍ ഇറങ്ങിനിന്ന് മൃതദേഹം വളപ്പിലിട്ടു. പിന്നീട് വലിച്ചിഴച്ച് കിണറ്റിലിടുകയായിരുന്നു. കൊലപാതകത്തിന് ശേഷം സ്ഥലം വിട്ട ആദം അലിയെ ഇന്നലെയാണ് ചെന്നൈയില്‍ നിന്ന് പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

Next Story

Popular Stories