Top

'ബിന്ദു അമ്മിണി ഭര്‍ത്താവിനെ അടിച്ചു, പൊതുമധ്യത്തില്‍ മുണ്ടഴിച്ചു'; പരാതി നല്‍കുമെന്ന് ഭാര്യ റീജ

6 Jan 2022 11:49 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബിന്ദു അമ്മിണി ഭര്‍ത്താവിനെ അടിച്ചു, പൊതുമധ്യത്തില്‍ മുണ്ടഴിച്ചു; പരാതി നല്‍കുമെന്ന് ഭാര്യ റീജ
X

ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതി മോഹന്‍ദാസ് അറസ്റ്റിലായതിനു പിന്നാലെ ബിന്ദു അമ്മിണിക്കെതിരെ പരാതി നല്‍കുമെന്ന് മോഹന്‍ദാസിന്റെ ഭാര്യ റീജ. ബിന്ദു അമ്മിണിയാണ് തന്റെ ഭര്‍ത്താവിനെ മര്‍ദ്ദിച്ചത്. ഭര്‍ത്താവിന്റെ മുണ്ട് വലിച്ചൂരി. ഫോണ്‍ നിലത്തെറിഞ്ഞു. ഭര്‍ത്താവിന്റെ കാലാന് പരിക്കുണ്ടെന്നും ഭാര്യ റീജ പറഞ്ഞു.

മാധ്യമങ്ങളെല്ലാം ബിന്ദു അമ്മിണിയുടെ ഭാഗം മാത്രമാണ് കേള്‍ക്കുന്നതെന്നും ഇവര്‍ ആരോപിച്ചു. 'ഞങ്ങളെ അക്രമിച്ചതും ദൃശ്യങ്ങളിലുണ്ട്. അത് ഞങ്ങളും കേസാക്കും. കാരണം ഇദ്ദേഹം കൊണ്ടു വന്നിട്ട് വേണം ഞാനും എന്റെ കുടുംബവും ജീവിക്കാന്‍. ഞങ്ങള്‍ വാടകയ്ക്കാണ് താമസിക്കുന്നത്', ഭാര്യ പറഞ്ഞു.

താന്‍ വെറുതെ ആക്രമിച്ചതല്ലെന്നും തന്നെ മര്‍ദ്ദിച്ചപ്പോള്‍ പ്രതിരോധിച്ചതാണെന്നും മോഹന്‍ദാസും പറയുന്നത്. പൊലീസ് കൊണ്ടു പോവുന്നതിനിടെ തനിക്ക് പറ്റിയ പരിക്കും മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇയാള്‍ കാണിച്ചു. ഇയാളുടെ കാലിന് പരിക്ക് പറ്റിയിട്ടുണ്ട്. താന്‍ ഫേസ്മസ് ആവാന്‍ വേണ്ടി ചെയ്തതാണെന്നാണ് അവര്‍ പറയുന്നതെന്നും എന്നാല്‍ താന്‍ ആക്രമണത്തെ പ്രതിരോധിച്ചതാണെന്നും മോഹന്‍ ദാസ് പറഞ്ഞു.

ബേപ്പൂര്‍ സ്വദേശിയായ മോഹന്‍ദാസിനെതിരെ ജാമ്യമില്ലാ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. സ്ത്രീകളെ കൈയ്യേറ്റം ചെയ്യല്‍, അക്രമിച്ച് പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. മോഹന്‍ദാസിനെ ഇന്ന് ഉച്ചയോടെ വെള്ളയില്‍ പൊലീസ് അറസ്റ്റ് ചെയ്തു. വൈദ്യ പരിശോധനക്ക് ശേഷം കോടതിയില്‍ ഹാജരാക്കി.

ഇന്നലെ വൈകുന്നേരമാണ് ബിന്ദു അമ്മിണി വെള്ളയില്‍ പൊലീസില്‍ പരാതി നല്‍കിയത്. ചെറിയ വകുപ്പുകള്‍ ചേര്‍ത്ത് പൊലീസ് കേസ് ചാര്‍ജ് ചെയ്യുകയും ചെയ്തിരുന്നു. വാഹനപാര്‍ക്കിംഗുമായുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നായിരുന്നു പോലീസ് ആദ്യം വ്യക്തമാക്കിയത്. എന്നാല്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദേശിച്ചതോടെയാണ് ഗുരുതര വകുപ്പുകള്‍ ചേര്‍ത്ത് മോഹന്‍ദാസിനെതിരെ പൊലീസ് കേസെടുത്തത്.

കഴിഞ്ഞ ദിവസം കോഴിക്കോട് ബീച്ചില്‍ വെച്ചാണ് ബിന്ദു അമ്മിണിക്കെതിരെ ആക്രമണമുണ്ടായത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. വീഡിയോയില്‍ ബിന്ദു അമ്മിണി ആക്രമണം ചെറുക്കുന്നതായും മര്‍ദ്ദിച്ചയാളുടെ ഫോണ്‍ തല്ലിത്തകര്‍ക്കുന്നതായും കാണാം. സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ ബിന്ദു അമ്മിണി തന്നെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ വെള്ളയില്‍ പൊലീസ് കേസെടുത്തിരുന്നു.

Next Story