Top

മോഡലുകളുടെ മരണം; സൈജുവിന് ജാമ്യമില്ല

കൊച്ചിയില്‍ മോഡലുകളുടെ അപകട മരണത്തില്‍ ഇവരെ കാറില്‍ പിന്തുടര്‍ന്ന ഓഡികാര്‍ ഡ്രൈവര്‍ സൈജുവിന് ജാമ്യമില്ല

30 Nov 2021 9:57 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മോഡലുകളുടെ മരണം; സൈജുവിന് ജാമ്യമില്ല
X

കൊച്ചിയില്‍ മോഡലുകളുടെ അപകട മരണത്തില്‍ ഇവരെ കാറില്‍ പിന്തുടര്‍ന്ന ഓഡികാര്‍ ഡ്രൈവര്‍ സൈജുവിന് ജാമ്യമില്ല. പൊലീസ് റിപ്പോര്‍ട്ടില്‍ സൈജുവിനെതിരെ ഗുരുതര പരാമര്‍ശങ്ങളുണ്ടെന്ന് വ്യക്തമാക്കിയ കോടതി സൈജുവിനെ മൂന്ന് ദിവസം കൂടി പൊലീസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു.

സൈജു തങ്കച്ചന്‍ മോഡലുകള്‍ സഞ്ചരിച്ച കാറിനെ പിന്തുടര്‍ന്നത് കൊണ്ടാണ് വാഹനം അപകടത്തില്‍പെട്ടതെന്നാണ് പൊലീസ് കോടതിയെ അറിയിച്ചത്. പെണ്‍കുട്ടികള്‍ സഞ്ചരിച്ച വാഹനത്തെ സൈജു പിന്തുടര്‍ന്നു. ഇതോടെ മോഡലുകളുടെ ഡ്രൈവറായിരുന്നു അബ്ദുറഹ്മാന്‍ വാഹനത്തിന്റെ വേഗതകൂട്ടി. തുടര്‍ന്ന് മത്സരയോട്ടമുണ്ടായി. ഇതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കോടതിയെ അറിയിച്ചത്.

അപകടം നടന്ന രാത്രി ഡിജെ പാര്‍ട്ടി നടന്ന ഹോട്ടല്‍ നമ്പര്‍ 18 ല്‍ വെച്ച് സൈജുവും യുവതികളും വാക്കുതര്‍ക്കമുണ്ടായിരുന്നു. പിന്നീട് സുഹൃത്തുക്കളോടൊപ്പം ഹോട്ടലില്‍ നിന്നും ഇറങ്ങി അന്‍സിയയേയും അജ്ഞനയേയും സൈജു കാറില്‍ പിന്തുടരുകയായിരുന്നു. കുണ്ടന്നൂരില്‍വെച്ച് അവരുടെ കാര്‍ സൈജു തടഞ്ഞുനിര്‍ത്തി. അവിടെ വെച്ചും തര്‍ക്കം നടന്നു. പിന്നീട് യുവതികളുടെ കാറിനെ സൈജു പിന്തുടര്‍ന്നപ്പോഴാണ് മത്സരയോട്ടം ഉണ്ടായതും അപകടം സംഭവിച്ചതും എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

അതേസമയം സൈജു എം തങ്കച്ചന്‍ ലഹരിക്ക് അടിമയാണെന്ന് കൊച്ചി കമ്മീഷണര്‍ സിഎച്ച് നാഗരാജു അറിയിച്ചു. സൈജുവിന്റെ ഇടപെടലുകള്‍ ഉള്‍പ്പെടെയുള്ളവയെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഇയാള്‍ ചൂഷണം ചെയ്ത ആരെങ്കിലും പരാതിയുമായി രംഗത്തെത്തിയാല്‍ നിയമ നടപടി സ്വീകരിക്കുമെന്നും കമ്മീഷണര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇത്തരം വിഷയങ്ങളില്‍ സ്വമേധയാ കേസെടുക്കുന്നതിനുള്ള സാധ്യത പരിശോധിച്ച് വരികയാണ്. സൈജു നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിരന്തരം പ്രവര്‍ത്തിച്ച് വരുന്ന വ്യക്തിയാണ്. ഇയാള്‍ക്കെതിരെ പാലാരിവട്ടം സ്റ്റേഷനില്‍ പുതിയൊരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സൈജുവിന് നിരവധി നിയമ വിരുദ്ധ ഇടപാടുകളുണ്ട്. അത് പരിശോധിച്ച് വരികയാണ്. ലഹരി ഇടപാടുകളും സൈജുവിന് പങ്കുണ്ട്. ഇയാള്‍ ലഹരിക്ക് അടിമയാണ് എന്നും കമ്മീഷണര്‍ നാഗരാജു മാധ്യമങ്ങളോട് പ്രതികരിച്ചു.

ലഹരിമരുന്നു നല്‍കി യുവാക്കളെയും യുവതികളെയും കുറ്റകൃതൃങ്ങള്‍ക്കു പ്രേരണ നല്‍കുന്ന രീതിയാണ് സൈജു എം.തങ്കച്ചന്‍ പ്രകടിപ്പിച്ചിരുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇത്തരത്തില്‍ ബന്ധം പുലര്‍ത്തുന്നവരെ ലഹരി ഇടപാടുകള്‍, ലഹരി ഉപയോഗം എന്നിവയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി സൂക്ഷിക്കുകയും പിന്നീട് ബ്ലാക്‌മെയില്‍ ചെയ്തിട്ടുള്ളതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ശ്രമം മിസ് കേരള മുന്‍ ജേതാക്കളായ മോഡലുകള്‍ പ്രതിരോധിച്ചതാണ് രാത്രിയില്‍ കാറില്‍ പിന്തുടരാനും അപകടത്തിന് ഇടയാക്കിയതെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.



Next Story