Top

'രാജേന്ദ്രന്‍ പാര്‍ട്ടിയെ പിന്നില്‍ നിന്ന് കുത്തി'; രൂക്ഷ മറുപടിയുമായി എം എം മണി

'രാജേന്ദ്രന് ഈ പാര്‍ട്ടിയെ പറ്റി ഇപ്പോഴും വലിയ വിവരമൊന്നുമില്ല. അയാള് മെമ്പര്‍ഷിപ്പ് പുതുക്കിയില്ല'

22 Oct 2022 7:38 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രാജേന്ദ്രന്‍ പാര്‍ട്ടിയെ പിന്നില്‍ നിന്ന് കുത്തി; രൂക്ഷ മറുപടിയുമായി എം എം മണി
X

മൂന്നാര്‍: മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്റെ വിമര്‍ശനങ്ങള്‍ക്ക് രൂക്ഷ പ്രതികരണവുമായി എംഎം മണി. പാര്‍ട്ടിക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചത് കൊണ്ടാണ് രാജേന്ദ്രനെ പുറത്താക്കിയത്. രാജേന്ദ്രനെ സസ്‌പെന്‍ഡ് ചെയ്തിട്ടേയുള്ളു. മെമ്പര്‍ഷിപ്പ് പുതുക്കാത്തത് അയാളുടെ കുറ്റമാണെന്നും എംഎം മണി പറഞ്ഞു.

'അയാളുടെ ഭാഗത്ത് നിന്നുള്ള തെറ്റാണ്. രാജേന്ദ്രന് ഈ പാര്‍ട്ടിയെ പറ്റി ഇപ്പോഴും വലിയ വിവരമൊന്നുമില്ല. അയാള് മെമ്പര്‍ഷിപ്പ് പുതുക്കിയില്ല. അതിന് താന്‍ ഉത്തരവാദിയല്ല. വല്ല നാറിയേയും ചുമന്നിട്ട് കാര്യമുണ്ടോ. എന്നെ എംഎം മണിയാക്കിയത് പാര്‍ട്ടിയാണ്. ആ പാര്‍ട്ടിയെ ഞാന്‍ പിന്നില്‍ നിന്ന് കുത്തിയാല്‍ എങ്ങനുണ്ടാകും? അതാണ് രാജേന്ദ്രന്‍ പാര്‍ട്ടിയോട് ചെയ്തത്', എംഎം മണി പറഞ്ഞു.

റിസോര്‍ട്ട് വാങ്ങിയതില്‍ ക്രമക്കേട് എന്നാരോപണം തന്നെ ബാധിക്കുന്ന കാര്യമല്ലെന്ന് എംഎം മണി വ്യക്തമാക്കി. എംഎം മണി നല്ല നേതാവല്ലെന്ന് രാജേന്ദ്രന്‍ പറഞ്ഞതിനെ പറ്റിയുള്ള ചോദ്യത്തിന് അയാളുടെ സര്‍ട്ടിഫിക്കറ്റ് തനിക്ക് ആവശ്യമില്ലെന്നും മണി കൂട്ടിച്ചേര്‍ത്തു.

തന്നെ പുറത്താക്കാന്‍ നേതൃത്വം കൊടുക്കുന്നത് എം എം മണിയും കെ വി ശശിയുമാണെന്ന് രാജേന്ദ്രന്‍ പ്രതികരിച്ചിരുന്നു. തോട്ടം മേഖലയില്‍ പ്രത്യേകിച്ച് ജാതി തിരിച്ച് തെറ്റിക്കുവാനോ വേര്‍തിരിക്കുവാനോ ഒന്നും കഴിയില്ല. രാജയുടെ ജനവിഭാഗത്തിനെതിരെ തിരിക്കാനായിട്ടാണ് എംഎം മണി ശ്രമിക്കുന്നതെന്നുമായിരുന്നു രാജേന്ദ്രന്റെ ആരോപണം.

'താന്‍ ആരോടും സീറ്റ് ചോദിച്ചിരുന്നില്ല. തനിക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നുണ്ടായില്ല. സീറ്റ് ചോദിച്ചു എന്ന് പറയുന്നത് പച്ചക്കള്ളമാണ്. രാജയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചു എന്ന് പറയുന്നതൊക്കെ വ്യാജ പ്രചരണമാണ്. വോട്ട് കുറഞ്ഞു എന്നത് യാഥാര്‍ത്ഥ്യമാണ്. താന്‍ ആദ്യം മത്സരിച്ചപ്പോള്‍ കിട്ടിയ വോട്ടല്ല രണ്ടാമത് നിന്നപ്പോള്‍ കിട്ടിയത്. ഓരോ തവണയും കുറഞ്ഞിട്ടുണ്ട്. ഇത്തവണ രാജയുടെ വോട്ടും അങ്ങനെ കുറഞ്ഞതാണ്', രാജേന്ദ്രന്‍ പറഞ്ഞു.

Story highlights: MM Mani said that S Rajendran cheated the Party

Next Story