Top

'രാജേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയായത് ബ്രാഹ്മണനായത് കൊണ്ടല്ലല്ലോ'; ആവര്‍ത്തിച്ച് എംഎം മണി

ഇടുക്കി ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രനും ഉടുമ്പന്‍ചോല എംഎല്‍എ എംഎം മണിയും തമ്മിലുള്ള വാഗ്വാദം തുടരുന്നു

5 Feb 2022 1:50 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രാജേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയായത് ബ്രാഹ്മണനായത് കൊണ്ടല്ലല്ലോ; ആവര്‍ത്തിച്ച് എംഎം മണി
X

ഇടുക്കി ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രനും ഉടുമ്പന്‍ചോല എംഎല്‍എ എംഎം മണിയും തമ്മിലുള്ള വാഗ്വാദം തുടരുന്നു. പാര്‍ട്ടിയാണ് ജാതി പറഞ്ഞതെന്ന എസ് രാജേന്ദ്രന്റെ പ്രതികരണത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഒടുവില്‍ എംഎം മണി. സംവരണ സീറ്റില്‍ ജാതി നോക്കാതെ സ്ഥാനാര്‍ത്ഥിയെ എങ്ങനെ നിര്‍ത്തുമെന്ന് എംഎം മണി ചോദിക്കുന്നു. ജാതി നോക്കി നിര്‍ത്തിയത് കൊണ്ടാണ് രാജേന്ദ്രന്‍ മൂന്ന് തവണ എംഎല്‍എയായി ഞെളിഞ്ഞ് നടന്നതെന്നും എംഎം മണി ആക്ഷേപിച്ചു.

'റിസര്‍വേഷന്‍ എന്നാല്‍ ജാതിനോക്കിയാണല്ലോ. സീറ്റ് എസ്‌സി വിഭാഗത്തിന് അല്ലേ നല്‍കൂ. അപ്പോള്‍ സ്വാഭാവികമായും ജാതിനോക്കണമല്ലോ. രാജേന്ദ്രന്‍ ബ്രാഹ്മണനായത് കൊണ്ട് സ്ഥാനാര്‍ത്ഥിയായതല്ലല്ലോ. വരദനും സുന്ദരമാണിക്യവും എകെ മാണിയും ചുമതലയില്‍ എത്തിയത് റിസര്‍വേഷന്‍ ആയത് കൊണ്ടാണ്. വാര്‍ത്താ സമ്മേളനം വിളിച്ചാല്‍ കൂടുതല്‍ കാര്യങ്ങള്‍ പറയേണ്ടി വരും.' എംഎം മണി റിപ്പോർട്ടർ ടിവിയോട് പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ പാര്‍ട്ടിക്കെതിരെ പറഞ്ഞാല്‍ യോഗം വിളിച്ച് കൂടുതല്‍ കാര്യങ്ങള്‍ പറയേണ്ടി വരുമെന്നും താന്‍ നേരിട്ട് മറുപടി പറയുമ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ പറയും, പലതും വിഷമം ഉണ്ടാക്കുമെന്നും എംഎം മണി കൂട്ടിചേര്‍ത്തു.

ഒരു കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകന് ഉണ്ടാവേണ്ട ധാര്‍മ്മികതയും മൂല്യങ്ങളും എസ് രാജേന്ദ്രന് സൂക്ഷിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നായിരുന്നു സിപിഐഎം നേതൃത്വം സസ്‌പെന്‍ഷന്‍ നടപടിക്ക് പിന്നാലെ ഉയര്‍ത്തിയത്. യുഡിഎഫ് സ്ഥാനാര്‍ഥി മദ്രാസ് പറയനാണെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ഥി തിരുനെല്‍വേലി പറയനാണെന്നും രാജേന്ദ്രന്‍ പ്രചരിപ്പിച്ചുവെന്നും രാജേന്ദ്രന്‍ പങ്കെടുത്ത ചുരുക്കം കുടുംബയോഗങ്ങളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന എ. രാജയുടെ പേര് പറയാതിരിക്കാന്‍ ശ്രദ്ധിച്ചുവെന്നും പാര്‍ട്ടി കണ്ടെത്തിയിരുന്നു. എന്നാല്‍ താനല്ല, പാര്‍ട്ടിയാണ് ജാതി പറയുന്നതെന്നായിരുന്നു എസ് രാജേന്ദ്രന്റെ പ്രതികരണം.

Next Story

Popular Stories