Top

ബഫർ സോൺ പ്രതിഷേധത്തിൽ സർക്കാർ അനുനയത്തിൽ; കർദിനാൾ ക്ലിമിസുമായി മന്ത്രിമാരുടെ കൂടിക്കാഴ്ച

20 Dec 2022 6:39 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബഫർ സോൺ പ്രതിഷേധത്തിൽ സർക്കാർ അനുനയത്തിൽ; കർദിനാൾ ക്ലിമിസുമായി മന്ത്രിമാരുടെ കൂടിക്കാഴ്ച
X

തിരുവനന്തപുരം: ബഫർസോൺ പ്രതിഷേധം തണുപ്പിക്കാൻ അനുനയ നീക്കവുമായി സർക്കാർ. മന്ത്രിമാരായ ആൻറണി രാജുവും റോഷി അഗസ്റ്റിനും ഇന്ന് ബസേലിയോസ് മാർ ക്ലിമിസ് ബാവയെ സന്ദർശിച്ചു. പട്ടത്തെ ബിഷപ്പ് ഹൗസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. എന്നാൽ ക്രിസ്തുമസ് ആശംസയറിയിക്കാനാണ് ബിഷപ്പിനടുത്ത് എത്തിയതെന്നും ബഫർ സോൺ വിഷയത്തിലെ സർക്കാർ നിലപാടിൽ കർദ്ദിനാളിന് ആശയക്കുഴപ്പമില്ലെന്ന് മന്ത്രിമാർ വ്യക്തമാക്കി. വിഴിഞ്ഞം മോഡലിൽ കർദിനാളിനെ ഇറക്കി ബഫർസോൺ വിഷയത്തിലും സഭയെ അനുനയിപ്പിക്കാനാണ് സർക്കാർ ശ്രമമെന്നാണ് സൂചന.

ബഫർ സോൺ വിഷയത്തിൽ പ്രതിപക്ഷവും കെസിബിസിയും പ്രത്യക്ഷ സമരത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് പ്രതിഷേധം തണുപ്പിക്കാൻ സർക്കാർ തിരക്കിട്ട ശ്രമങ്ങൾ നടത്തുന്നത്. കർദിനാൾ ക്ലിമിസിനെ ഇറക്കി സഭകളെ അനുനയിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമാണ് കൂടിക്കാഴ്ച എന്നാണ് സൂചന. നേരത്തെ വിഴിഞ്ഞം സമരം ഒത്തുതീർപ്പാക്കുന്നതിന് മുമ്പും ആന്റണി രാജു കർദിനാൾ ബസേലിയോസ് മാർ ക്ലിമിസ് ബാവയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

സമരം ഒത്തുതീർപ്പാക്കുന്നതിൽ കാത്തോലിക ബാവ നിർണായക ഇടപെടൽ നടത്തിയെന്നാണ് വിലയിരുത്തപ്പെടുന്നത്. ബഫർസോണിൽ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. ഫീൽഡ് സർവെ നടപടികളുമായി സർക്കാർ മുന്നോട്ട് പോകുകയാണ്. സർക്കാർ നിലപാട് ബോധ്യപ്പെട്ടാൽ പിൻമാറാകുന്ന പ്രതിഷേധമേ ഉള്ളുവെന്നും മന്ത്രിമാർ വ്യക്തമാക്കി.

STORY HIGHLIGHTS: Ministers Anthony Raju and Roshy Augustin visited Baselios Mar Cleemis Bava

Next Story